എംആർഐ സ്കാനിംഗ് സംവിധാനം
പുനലൂർ : രോഗനിർണയത്തിനുള്ള എംആർഐ സ്കാനിംഗ് സംവിധാനം താലൂക്കാശുപത്രിയിൽ ആരംഭിക്കാൻ ആലോചന. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ(ആർജിസിബി) സഹകരണത്തോടെയാണ് സ്കാനിംഗ് സെന്റർ തുടങ്ങാൻ ആലോചിക്കുന്നത്. ആർജിസിബി പ്രതിനിധികൾ ആശുപത്രി സന്ദർശിച്ച് പശ്ചാത്തലസൗകര്യങ്ങൾ വിലയിരുത്തി.
വാടകയും ലാഭവിഹിതവും ആശുപത്രിക്കാവും. ഇക്കാര്യങ്ങൾ കൂടുതൽ ചർച്ചയിലേ അന്തിമമായി തീരുമാനിക്കൂ. ശരീരത്തിലെ ആന്തരിക അവയവങ്ങളുടെ കൃത്യമായ അവസ്ഥ വിലയിരുത്താനാണ് എംആർഐ സ്കാനിംഗ് ഉപയോഗിക്കുന്നത്.
കാൻസർ ചികിത്സയിൽ എംആർഐ സ്കാനിംഗിനു വലി. സ്ഥാനമുണ്ട്. സ്വകാര്യ ലാബുകളിൽ കുറഞ്ഞത് 6,000 രൂപയാകുന്ന സ്കാനിംഗ് ഇവിടെ ചെയ്യുകയാണെങ്കിൽ പകുതി തുകയേ ആവുകയുള്ളൂ.
സാധാരണ താലൂക്കാശുപത്രികളിൽ എംആർഐ. സംവിധാനമില്ലാത്ത സാഹചര്യത്തിൽ, സംസ്ഥാനത്തെ മാതൃകാ താലൂക്കാശുപത്രിയായ പുനലൂരിലെ ആശുപത്രിയിൽ ഈ സംവിധാനമൊരുക്കാൻ കഴിഞ്ഞ കൊല്ലം ജൂണിൽ ആശുപത്രി മാനേജ്മെന്റ് സമിതി യോഗം തീരുമാനിച്ചിരുന്നു. 12 കോടിയോളം രൂപ ചെലവുവരുമെന്നാണ് അന്നു കണക്കാക്കിയിരുന്നത്. എന്നാൽ, കാര്യമായ തുടർനടപടിയുണ്ടായില്ല.
ഓഗസ്റ്റ് നാലിന് ആരോഗ്യമന്ത്രി കെ. മുരളീധരൻ ആശുപത്രി സന്ദർശിച്ചപ്പോഴാണ് ഇക്കാര്യം വീണ്ടും പരിഗണനയിൽ വന്നത്. ആശുപത്രിയിൽ എംആർഐ സ്കാനിംഗ് തുടങ്ങുമെന്ന് മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
നിലവിൽ സംസ്ഥാനത്ത് 24 മണിക്കൂറും സ്പെഷ്യാലിറ്റി വിഭാഗങ്ങൾ പ്രവർത്തിക്കുന്ന ആദ്യത്തെ താലൂക്കാശുപത്രിയാണ് പുനലൂരിലേത്. ആരോഗ്യമന്ത്രി പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി ഇവിടെ നടപ്പാക്കിയത്. ഇതിനൊപ്പം എംആർഐ സ്കാനിങ്ങുകൂടി യാഥാർഥ്യമായാൽ കിഴക്കൻമേഖലയിലെ പാവപ്പെട്ട രോഗികൾക്ക് ഇത് വലിയ അനുഗ്രഹമാകും.
Tags : Nattuvishesham District News DeepikaNews MRI scanning