പ്രതീകാത്മക ചിത്രം
കൊല്ലം : സിബിഎസ്ഇ കൊല്ലം സഹോദയയുടെ ഈ വര്‍ഷത്തെ കലോത്സവം നാളെ മുതല്‍ 17 വരെ അഞ്ചല്‍ സെന്റ് ജോണ്‍സ് സ്കൂളില്‍ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 32 വിദ്യാലയങ്ങളില്‍നിന്നായി മൂവായിരത്തിലധികം വിദ്യാർഥിള്‍ നാലു കാറ്റഗറികളിലായി 125 ലധികം മത്സര ഇനങ്ങളില്‍ പങ്കെടുക്കുന്ന കലോത്സവം ‘സര്‍ഗോത്സവ്' എന്ന പേരില്‍ 15 വേദികളിലായിട്ടാണ് നടക്കുക.
സാഹിത്യ, ചിത്രരചനാ മത്സരങ്ങള്‍ തിരുവനന്തപുരം സര്‍വോദയ സെന്‍ട്രല്‍ വിദ്യാലയ, ശാസ്താംകോട്ട ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്കൂള്‍, ആയൂര്‍ ചെറുപുഷ്പ സെന്‍ട്രല്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ നടന്നു.
നാളെ വൈകുന്നേരം മൂന്നിന് പിന്നണി ഗായകനും കേരള സംഗീത നാടക അക്കാഡമി ചെയര്‍മാനുമായ ജി. വേണുഗോപാല്‍ സര്‍ഗോത്സവ് ഉദ്ഘാടനം ചെയ്യും.
കൊല്ലം സഹോദയ പ്രസിഡന്റ് ഫാ. ഡോ. ഏബ്രഹാം തലോത്തിലിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ സഹോദയ ഭാരവാഹികളായ ഷിബു സക്കറിയ, ഡോ. ഏബ്രഹാം കരിക്കം, ഫാ. അരുണ്‍ ഏറത്ത്, രഞ്ജിനി രാജേഷ്, സിസ്റ്റര്‍ ജൂബി ജോസഫ്, ഫാ. ജിഷോ തോമസ്, സെന്റ് ജോണ്‍സ് സ്കൂള്‍ മാനേജര്‍ ഫാ. ബോവസ് മാത്യു, വൈസ് ചെയര്മാന് കെ.എം. മാത്യു, പ്രിന്‍സിപ്പല്‍ മേരി പോത്തന്, സര്‍ഗോത്സവ് ജനറല്‍ കണ്‍വീനര്‍ പി.ടി. ആന്റണി എന്നിവര്‍ പ്രസംഗിക്കും.
സര്‍ഗോത്സവ് 2026 ന്റെ നടത്തിപ്പിനായി ജനറല്‍ കണ്‍വീനര്‍ പി.ടി. ആന്റണിയുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. 4000 പേര്‍ക്ക് ഇരിക്കാവുന്ന പന്തലിന്റെ നിര്‍മാണം പൂര്‍ത്തിയായി. സര്‍ഗോത്സവ് 17ന് സമാപിക്കും.
വൈകുന്നേരം നാലിനു ചേരുന്ന പൊതുസമ്മേളനത്തില്‍ പുനലൂര്‍ എംഎല്‍എ സി. അജയപ്രസാദ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.