കോഴിക്കോട്: ചിത്രങ്ങൾക്ക് നിറം പകരുന്നതിനൊപ്പം രാജ്യസ്നേഹത്തിന്റെയും ലഹരിവിരുദ്ധ സന്ദേശത്തിന്റെയും വർണങ്ങൾ കുട്ടികളിലേക്കെത്തിച്ച് രാജ്യത്തെ ഏറ്റവും വലിയ കളറിംഗ് മത്സരങ്ങളിലൊന്നായ "ദീപിക-ഡിസിഎൽ കളർ ഇന്ത്യ സീസൺ 5' കോഴിക്കോട് യൂണിറ്റുതല മത്സരം ശ്രദ്ധേയമായി. കുട്ടികളുടെ ചായക്കൂട്ടുകളിൽ വിരിയുന്ന ഓരോ ചിത്രവും ഐക്യത്തിന്റെയും നന്മയുടെയും ലഹരിവിരുദ്ധ ബോധവ
ത്കരണത്തിന്റെയും സന്ദേശങ്ങളായി മാറുകയായിരുന്നു. രാജ്യത്തിന്റെ 80ാം സ്വാതന്ത്ര്യദിനാഘോഷവും ദീപികയുടെ 140-ാം വാർഷികവും ദീപിക ബാലസഖ്യത്തിന്റെ 75ാം വാർഷികവും പ്രമാണിച്ച് ‘ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനത’ എന്ന സന്ദേശമുയർത്തിയും ലഹരിക്കെതിരേയുള്ള ബോധവത്കരണം ലക്ഷ്യമിട്ടുമാണ് മത്സരം സംഘടിപ്പിച്ചത്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി നടന്ന മത്സരത്തിൽ നിരവധി വിദ്യാർഥികൾ ആവേശത്തോടെ പങ്കെടുത്തു.
പ്രശസ്ത സിനിമാതാരം മമിത ബൈജുവിന്റെ കൈയൊപ്പോടു കൂടിയ സർട്ടിഫിക്കറ്റുകളാണ് ഇത്തവണ കളർ ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ലഭിക്കുക. കൂടാതെ, ഓരോ സ്കൂളിലും അഞ്ച് മത്സര വിഭാഗത്തിലും വിജയികളാകുന്ന എല്ലാ വിദ്യാർഥികൾക്കും കോഴിക്കോട് കക്കാടംപൊയിലിലെ ഫോഗി മൗണ്ടെയ്ൻ അമ്യൂസ്മെന്റ് പാർക്കിൽ ഒരു ദിവസം മുഴുവൻ ആഘോഷിക്കാനായി 800 രൂപ വിലവരുന്ന പ്രവേശന പാസ് സമ്മാനമായി നൽകുന്നുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews DCL Colour India