റെയില്‍വേ ലെവല്‍ ക്രോസ്
റെയിൽവേ അധികൃതർക്ക് നിവേദനം നൽകി നാട്ടുകാർ
നെയ്യാറ്റിന്‍കര : അമരവിള - വെള്ളറട റോഡിലെ എയ്തുകൊണ്ടകാണിയില് മേല്‍പ്പാലം വേണമെന്ന ആവശ്യം ശക്തം. കരമന- കളിയിക്കാവിള പാതയില്‍ അമരവിളയില്‍നിന്ന് വെള്ളറടയിലേയ്ക്ക് പോകുന്ന പ്രധാന പാതയില്‍ എയ് തുകൊണ്ടകാണിയില് റെയില്‍വേ ലെവല്‍ ക്രോസുണ്ട്. ട്രെയിനുകൾ കടന്നുപോകുന്നതുമായി ബന്ധപ്പെട്ട് ലെവല്‍ ക്രോസിലെ ഗേറ്റ് അടയ് ക്കാറുള്ളത് സ്വാഭാവികം. പലപ്പോഴും ഇത്തരത്തില്‍ ഇവിടെ ഗേറ്റ് അടയ്ക്കുന്പോള്‍ വാഹനങ്ങള്‍ ഇരുവശത്തും നിരന്നുകിടക്കുന്നത് കാണാം.
ധനുവച്ചപുരം ഐടിഐ ഉള്‍പ്പെടെ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്കും കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കും പോകാനായി നൂറുകണക്കിന് പേരാണ് ഈ പ്രധാന റോഡ് ആശ്രയിക്കുന്നത്.
വെള്ളറടയില്‍ നിന്നും നെയ്യാറ്റിന്കരയിലേയ്ക്കും തിരുവനന്തപുരത്തേയ്ക്കുമൊക്കെ വരുന്നവരുടെ ബസ് റൂട്ടും ഇതുതന്നെ. സ്വകാര്യ വാഹനങ്ങളില്‍ വരുന്നവര്‍ ലെവല്‍ ക്രോസിലെ തടസത്തില്നിന്നും രക്ഷപ്പെടാനായി ധനുവച്ചപുരത്തു നിന്നും ഇടത്തോട്ടു തിരിഞ്ഞ് ഉദിയന്കുളങ്ങരയിലൂടെ കരമന- കളിയിക്കാവിള പാതയില്‍ എത്തിച്ചേരും. അതേ സമയം, ധനുവച്ചപുരം- ഉദിയന്‍കുളങ്ങര റോഡിന്റെ പരിതാപകരമായ അവസ്ഥ കണക്കിലെടുത്ത് പലരും ഈ റോഡിലൂടെ അധികം യാത്ര ചെയ്യാറില്ല. റെയില്‍വേയുടെ നവീകരണ പ്രവൃത്തികള്‍ നടക്കുന്നുണ്ട്.
പണി പൂര്‍ത്തിയാവുകയും അനുബന്ധമായി കൂടുതല്‍ തീവണ്ടികള്‍ അനുവദിക്കപ്പെടുകയും ചെയ്താല്‍ ലെവല്‍ ക്രോസില്‍ കാത്തുനില്‍ക്കേണ്ട സമയവും ഇരട്ടിയാകും എന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടി. പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്കാണ് ഈ ബുദ്ധിമുട്ട് കാര്യമായി അനുഭവിക്കേണ്ടി വരുന്നത്.
സ്വകാര്യ വാഹനങ്ങള്‍ക്ക് സമാന്തരമായ ഗ്രാമീണ വഴികള്‍ കണ്ടെത്തി ലക്ഷ്യസ്ഥാനത്തെത്തിച്ചേരാം. എന്നാല്‍ നിശ്ചിതമായ റൂട്ടുകളില്‍ മാത്രം സഞ്ചരിക്കുന്ന കെഎസ്ആര്‍ടിസി ബസുകള്‍ക്ക് അങ്ങനെ വഴി തിരിഞ്ഞു പോകാനാവില്ലായെന്നും ചില ബസ് യാത്രക്കാര്‍ കൂട്ടിച്ചേര്‍ത്തു.
എയ്തുകൊണ്ടകാണിയിലെ ലെവല്‍ ക്രോസ് ഗേറ്റിനുണ്ടായ സാങ്കേതിക തകരാര്‍ വാഹന യാത്രക്കാരെ ബുദ്ധിമുട്ടിച്ചുള്ള സംഭവങ്ങളുമുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.കൊല്ലയില്‍ പഞ്ചായത്തിലെ എയ്തുകൊണ്ടകാണി വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഈ ലെവല്‍ ക്രോസില്‍ മേല്‍പ്പാലം വേണമെന്നതു സംബന്ധിച്ച റെയില്‍വേ അധികൃതര്‍ക്ക് എംഎല്‍എ യുടെ നേതൃത്വത്തില്‍ നിവേദനം നല്‍കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. അംബിക ദീപികയോട് പറഞ്ഞു.
പ്രതികരണം
മേല്‍പ്പാലം വളരെക്കാലത്തെ ആവശ്യം
പ്രതിദിനം നൂറു കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന അമരവിള - വെള്ളറട റോഡിലെ എയ്തുകൊണ്ടകാണിയിലെ റെയില്‍വേ ലെവല്‍ ക്രോസില്‍ മേല്‍പ്പാലം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നു. ഇതുവഴി സഞ്ചരിക്കുന്ന വാഹനങ്ങള്‍ ലെവല്‍ ക്രോസില്‍ ഗേറ്റ് അടച്ചിടുന്പോള് കാത്തുകിടക്കേണ്ട ഗതികേടിലാണ്. രോഗികളും സ്കൂള്‍ വിദ്യാര്‍ഥികളുമൊക്കെ ഈ വാഹനങ്ങളിലുണ്ടാകാം.
ഇലിപ്പോട്ടുകോണം വിജയന്
ജനറല്‍ സെക്രട്ടറി, ഗാന്ധിമിത്രമണ്ഡലം.
മേല്‍പ്പാലം അനിവാര്യം
എയ്തുകൊണ്ടകാണിയിലെ റെയില്‍വേ ലെവല്‍ ക്രോസില്‍ ഗേറ്റ് അടച്ചിട്ടിരിക്കുന്പോള് രണ്ടു വശങ്ങളിലായി കാത്തുകിടക്കുന്ന വാഹനങ്ങളില്‍ ആംബുലന്‍സുകള്‍ മുതല്‍ സ്കൂള്‍ ബസ്സുകളും കെ.എസ്.ആര്.ടി.സി ബസ്സുകുമൊക്കെയുണ്ട്. വാഹനപ്പെരുപ്പവും യാത്രക്കാരുടെ വര്‍ധനവുമൊക്കെ പരിഗണിച്ച് മേല്‍പ്പാലം ഏറെ അനിവാര്യമാണ്. പെരുമഴയത്തും പൊള്ളുന്ന വെയിലത്തും ഇരുചക്രവാഹനങ്ങളില്‍ വരുന്നവര്‍ അതൊക്കെ അനുഭവിച്ച് ഇവിടെ കാത്തുനില്ക്കുന്നു. മേല്‍പ്പാലം യാഥാര്‍ഥ്യമായാല്‍ ഈ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാമല്ലോ.
എസ്. ബാഹുലേയന്
(ധനുവച്ചപുരം സ്വദേശി), കായികതാരം.