പിടികപാറ വളവ്.
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിൽ റോഡിൽ പിടികപാറ വളവിൽ അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ അടിയന്തരമായി സംരക്ഷണവേലി (ക്രാഷ് ബാരിയർ) സ്ഥാപിക്കണമെന്ന് ആർജെഡി.
കക്കാടംപൊയിൽ വാർഡ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.പിടികപാറ പള്ളിക്ക് മുകളിലുള്ള കൊടുംവളവ് വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നതായി യോഗം ചൂണ്ടിക്കാട്ടി. വളവിന്റെ പ്രത്യേകതയും കാഴ്ച മറയ്ക്കുന്ന കാടുകളും കാരണം എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങളെ പെട്ടെന്ന് കാണാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. നിയന്ത്രണംവിടുന്ന വാഹനങ്ങൾ റോഡരികിലെ താഴ്ചയിലേക്ക് മറിയാനുള്ള സാധ്യതയും ഏറെയാണ്. ഇവിടെ മുൻപും ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. യാത്രക്കാരുടെയും പ്രദേശവാസികളുടെയും സുരക്ഷ ഉറപ്പാക്കാൻ വളവിൽ ക്രാഷ് ബാരിയറുകളും ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
നടപടി വൈകിയാൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനും തീരുമാനിച്ചു.വാർഡ് കമ്മിറ്റി പ്രസിഡന്റ് ബെന്നി കാക്കനാട്ട് അധ്യക്ഷത വഹിച്ചു. വിൽസൺ പുല്ലുവേലിൽ, ജിമ്മി ജോസ് പൈമ്പിള്ളിൽ, പി.അബ്ദുറഹിമാൻ മാസ്റ്റർ, സോളമൻ മഴുവഞ്ചേരിൽ, തങ്കച്ചൻ ചീങ്കല്ലേൽ എന്നിവർ പ്രസംഗിച്ചു.