പ്രതീകാത്മക ചിത്രം
കോഴഞ്ചേരി: ട്രാഫിക് പൊലിസ് സ്റ്റേഷനും അഗ്നിശമനസേനയുടെ യൂണിറ്റും കോഴഞ്ചേരിയില്‍ സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. പമ്പാനദിയുടെ കുറുകെ പുതിയ സമാന്തരപാലം യാഥാർഥ്യമാകുന്നതോടെ ടൗണിലെ തിരക്ക് വീണ്ടും വർധിക്കാനാണ് സാധ്യത. ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് കോഴഞ്ചേരി, തോട്ടപ്പുഴശേരി കരകളെ ബന്ധിപ്പിച്ചുകൊണ്ട് പുതിയ പാലം നിർമിച്ചതെങ്കിലും കോഴഞ്ചേരിയിലെ ഇടുങ്ങിയ വഴികളില്‍ പലയിടത്തും ഗതാഗതം കുരുങ്ങും. വൺവേ റോഡായ ടിബി ജംഗ്ഷൻ ബസ് സ്റ്റാൻഡ് റോഡ് വീതി കുറഞ്ഞതാണ്.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, മാര്‍ക്കറ്റ്, നിരവധി വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍ ഉള്ള കോഴഞ്ചേരിയില്‍ അപകടം പതിവായിരിക്കുകയാണ്. കോഴഞ്ചേരി ടൗണില്‍ അപകടമുണ്ടായാല്‍ അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ആറന്മുളയില്‍നിന്നു വേണം പൊലിസ് എത്തേണ്ടത്. പാലത്തിന്റെ മറുകര കോയിപ്രം പൊലിസ് സ്റ്റേഷന്റെ പരിധിയിലാണ്. ഇതുകൊണ്ടുതന്നെ അപകടങ്ങള്‍ ഉണ്ടായാല്‍ പൊലിസ് എത്താനും വൈകുന്നു. ആധുനികരീതിയില്‍ നിര്‍മിച്ച ആറന്മുളയിലെ പൊലിസ് സ്റ്റേഷനില്‍ ട്രാഫിക് യൂണിറ്റ് ആരംഭിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.
കോഴഞ്ചേരിയിലെ പഴയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫിസ് ഉദ്ഘാടനം ചെയ്ത അന്നത്തെ മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനോട് ജനപ്രതിനിധികള്‍ ട്രാഫിക് പൊലിസ് സ്റ്റേഷന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും നടപടികള്‍ ഒന്നും ഇതേവരെ ഉണ്ടായിട്ടില്ല. ശബരിമല തീർഥാടനം ആരംഭിക്കുന്നതോടെ കോഴഞ്ചേരിയിലെ തിരക്ക് വർധിക്കും. പഴയതെരുവ്, കോളജ് ജംഗ്ഷന് എന്നിവിടങ്ങളില്‍ വാഹനാപകടം പതിവു സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ട്രാഫിക് പൊലിസ് യൂണിറ്റ് കോഴഞ്ചേരിയില്‍ വേണം എന്ന ആവശ്യം ശക്തമാകുന്നത്.
ഇതോടൊപ്പം അഗ്നിശമന സേനയുടെ യൂണിറ്റും കോഴഞ്ചേരിയില്‍ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ടൗണില്‍ അഗ്നിബാധയുണ്ടായാല്‍ റാന്നി, പത്തനംതിട്ട, തിരുവല്ല എന്നിവിടങ്ങളില്‍നിന്നു വേണം അഗ്നിശമനസേനയുടെ യൂണിറ്റ് എത്തേണ്ടത്. പമ്പാനദിയില്‍ അപകടം ഉണ്ടാകുമ്പോഴും അഗ്നിശമനസേന യൂണിറ്റ് എത്താന്‍ കാലതാമസം നേരിടുന്നു. മാരാമണ്‍, ചെറുകോല്‍പ്പുഴ കണ്‍വെന്‍ഷനുകള്‍, ഉത്രട്ടാതി ജലോത്സവം തുടങ്ങി നിരവധി ആധ്യാത്മിക ഉത്സവങ്ങള്‍ക്കും മറ്റും വേദിയാകുന്നത് ആറന്മുളയും കോഴഞ്ചേരിയുമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഗ്നിശമന യൂണിറ്റ് കോഴഞ്ചേരിയില്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒന്നും നടന്നില്ല. യൂണിറ്റിനായി നിരവധി സ്ഥലവും കെട്ടിടവും പരിശോധിച്ചെങ്കിലും തീരുമാനമെടുത്തിട്ടില്ല. അഗ്നിശമന സേനാ യൂണിറ്റ് കോഴഞ്ചേരിയിലോ ആറന്മുളയിലോ എന്ന തർക്കവും ഉണ്ടായി.
ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം
കോഴഞ്ചേരി കേന്ദ്രീകരിച്ച് ട്രാഫിക് പൊലിസ് സ്റ്റേഷനും അഗ്നിശമന സേന യൂണിറ്റും സ്ഥാപിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അപകടങ്ങൾ ഒഴിവാക്കാനും ഗതാഗതക്കുരുക്ക് പരിഹരിക്കാനും ട്രാഫിക് പൊലിസിന്റെ സേവനം ഇവിടെ ആവശ്യമാണ്. കോഴഞ്ചേരിയോടു ചേര്‍ന്നുള്ള പമ്പാ മണല്‍പ്പുറത്താണ് പ്രശസ്തമായ മാരാമണ്‍ കണ്‍വന്‍ഷനും തൊട്ടടുത്തായി ചെറുകോല്‍പ്പുഴ കണ്‍വന്‍ഷനും നടക്കുന്നത്. ഈ പ്രത്യേകതകള്‍ കണക്കിലെടുത്ത് ട്രാഫിക് പൊലിസ്, അഗ്നിശമന സേന യൂണിറ്റുകൾ കോഴഞ്ചേരിക്ക് അനിവാര്യമയി തീർന്നിരിക്കുകയാണ്.
- മോട്ടി ചെറിയാന്, പ്രസിഡന്റ്, വൈഎംസിഎ കോഴഞ്ചേരി.