വിശുദ്ധ അല്‍ഫോന്‍സാമ്മ
ഭരണങ്ങാനം: പേപ്പല്‍ പതാകകളാലും കൊടിതോരണങ്ങളാലും വൈദ്യുതി ദീപാലങ്കരങ്ങളാലും അണിഞ്ഞൊരുങ്ങി നില്ക്കുന്ന ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തിലെ കബറിടത്തിങ്കലേക്ക് പ്രാര്‍ഥനകളുമായി വിശ്വാസികള്‍ ഇന്നു മുതല്‍ ഒഴുകിയെത്തും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ 10 ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാളിന് ഇന്നു കൊടിയേറും. രാവിലെ 11.15ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റ് നിര്‍വഹിക്കും. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ സന്നിഹിതരായിരിക്കും. തുടര്‍ന്ന് 11.30ന് മാര്‍ മാത്യു അറയ്ക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
തിരുനാളിന്റെ ആദ്യ ദിവസമായ ഇന്നു രാവിലെ 5.30ന് ഷ്റൈന്‍ വൈസ് റെക്ടര്‍ ഫാ. ജോസഫ് പൊയ്യാനിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് 6.45നും 8.30നും 10നും വിശുദ്ധ കുർബാന ഉച്ചകഴിഞ്ഞ് ഒന്നിന് ഹിന്ദി കുര്‍ബാന, 2.45ന് ഇംഗ്ലീഷ് കുര്‍ബാന, മൂന്നിനും അഞ്ചിനും ഏഴിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. വൈകുന്നേരം 6.15ന് ജപമാല തിരിപ്രദക്ഷിണം. ഫാ. മാത്യു മുതുപ്ലാക്കല്‍ നയിക്കും. തിരുനാളിന്റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി ഷ്റൈന്‍ റെക്ടര്‍ റവ.ഡോ. അഗസ്റ്റിന് പാലക്കപറമ്പിലും അഡ്മിനിസ്ട്രേറ്റര്‍ ഫാ. മാത്യൂ കുറ്റിയാനിക്കലും അറിയിച്ചു.
ഇന്ന് ശിശുദിനം
തിരുനാളിന്റെ ആദ്യദിനമായ ഇന്ന് അല്ഫോന്സിയന് ശിശുദിനമായി ആഘോഷിക്കും. കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനയും ആശീര്‍വാദവും നടത്തുന്നത് രാവിലെ 11.30നുള്ള വിശുദ്ധ കുര്ബാനയോടു കൂടി ആയിരിക്കും. മാര്‍ മാത്യു അറയ്ക്കലും ഷ്റൈനിലെ വൈദികരും കുഞ്ഞുങ്ങള്‍ക്ക് ആശീര്‍വാദം നല്കി പ്രാര്‍ഥിക്കും. ശിശുക്കളെ അല്‍ഫോന്‍സാമ്മയുടെ പുണ്യകുടീരത്തില് കിടത്തുന്നതും അവരെ അല്‍ഫോന്‍സാമ്മയ്ക്ക് സമര്‍പ്പിക്കുന്നതും ഇവിടുത്തെ പ്രധാന നേര്ച്ചകളില് ഒന്നാണ്.
ജപമാല പ്രദക്ഷിണം ഭരണങ്ങാനത്തെ ഭക്തിസാന്ദ്രമാക്കും
തിരുനാളിന്റെ എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന്റെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം 6.15ന് ജപമാല പ്രദക്ഷിണം ആഘോഷമായി നടത്തും. സമീപ ഇടവകകളിലും ഇതരസ്ഥലങ്ങളില്നിന്നുമുള്ള വൈദികരും സമർപ്പിതരും ഉള്‍പ്പെടെ ആയിരക്കണക്കിന് ഭക്തര്‍ നിയോഗങ്ങള്‍ സമര്‍പ്പിച്ച് ജപമാല പ്രാര്‍ഥനയില്‍ പങ്കുചേരും. ഷ്റൈനില്നിന്നാരംഭിച്ച് ഫൊറോനാപള്ളി ചുറ്റിയാണ് ജപമാല പ്രദക്ഷിണം നടത്തുന്നത്.