ദിശ ഉന്നതവിദ്യാഭ്യാസ പ്രദര്‍ശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സിവില്‍ സര്‍വീസ് സെമിനാര്‍ നജീബ് കാന്തപുരം എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
മലപ്പുറം: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം എംഎസ്പി ഗ്രൗണ്ടില്‍ നടക്കുന്ന ദിശ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സലിംഗ് എക്സ്പോയില്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ബൈപെഡല്‍ റോബോട്ട് ശ്രദ്ധേയമാകുന്നു.
മനുഷ്യനെപ്പോലെ രണ്ട് കാലുകളില്‍ ചലിക്കാന്‍ കഴിയുന്ന റോബോട്ട് ചേളാരി എകെഎന്‍എം ഗവണ്മെന്റ് പോളിടെക്നിക് കോളജിന്റെ സ്റ്റാളിലാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
കോളജിലെ ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗ് വിഭാഗം വിദ്യാര്‍ഥികള്‍ എംബഡഡ് പ്രോഗ്രാമിംഗ് പഠനത്തിന്റെ ഭാഗമായാണ് റോബോട്ട് വികസിപ്പിച്ചത്. നല്കുന്ന പ്രോഗ്രാമിംഗ് അനുസരിച്ച് വിവിധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ഇതിലൂടെ സാധിക്കും.യന്ത്രഭാഗങ്ങളും കംപ്യൂട്ടര്‍ പ്രോഗ്രാമുകളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണെന്ന് സാധാരണക്കാര്‍ക്ക് ഉള്‍പ്പെടെ ലളിതമായി മനസിലാക്കാന്‍ ലക്ഷ്യമിട്ടാണ് വിദ്യാര്‍ഥികള്‍ ഇത് രൂപകല്പന ചെയ്തത്.
വിജ്ഞാനസാധ്യതകള് പരിചയപ്പെടുത്തി മലയാളം സര്‍വകലാശാല
മലപ്പുറം: ദിശ ഉന്നതവിദ്യാഭ്യാസ പ്രദര്‍ശനത്തില്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയുടെ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. മലയാളഭാഷയിലൂടെ വിവിധ വിജ്ഞാനശാഖകളില്‍ ഉന്നതപഠനത്തിനും ഗവേഷണത്തിനുമുള്ള അവസരങ്ങളാണ് വിദ്യാര്‍ഥികള്‍ക്കായി സ്റ്റാളിലൂടെ പരിചയപ്പെടുത്തുന്നത്. സാഹിത്യം, ശാസ്ത്രം, മാനവിക വിഷയങ്ങള്‍, സാമൂഹ്യശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളില്‍ മലയാളമാധ്യമത്തിലൂടെ പഠനം സാധ്യമാക്കുകയാണ് സര്‍വകലാശാല ഇതിലൂടെ ലക്ഷ്യമിടുന്നത്.
മലയാളമാധ്യമത്തില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കും ഗവേഷണ പഠനങ്ങള്‍ക്കും സര്‍വകലാശാല അവസരമൊരുക്കുന്നുണ്ട്.വിവിധ പഠന സ്കൂളുകള്‍, ഗവേഷണ മേഖലകള്‍, കോഴ്സുകള്‍, തുടര്‍പഠന സാധ്യതകള്‍ തുടങ്ങിയവയെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് വ്യക്തമായി മനസിലാക്കാന്‍ സ്റ്റാള്‍ സഹായകമാകുന്നു. വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കനുസരിച്ച് മലയാളഭാഷയെ ശക്തീകരിക്കുന്നതിനും മലയാളത്തിലെ കൃതികള്‍ മറ്റ് ഇന്ത്യന്‍, വിദേശ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിനുമുള്ള സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളും സ്റ്റാളില്‍ പരിചയപ്പെടുത്തുന്നുണ്ട്.
മിടുക്കർ സിവില്‍ സര്‍വീസ് രംഗത്തേക്ക് കടന്നുവരണം: നജീബ് കാന്തപുരം എംഎല്‍എ
മലപ്പുറം: പഠനത്തില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ മെഡിക്കല്‍, എന്‍ജിനിയറിംഗ് മേഖലകളില്‍ മാത്രം ഒതുങ്ങാതെ രാജ്യത്തിന്റെ നയരൂപീകരണത്തിലും ഭരണനിര്‍വഹണത്തിലും നിര്‍ണായക പങ്കുവഹിക്കുന്ന സിവില്‍ സര്‍വീസ് രംഗത്തേക്ക് കടന്നുവരണമെന്ന് നജീബ് കാന്തപുരം എംഎല്‍എ. മലപ്പുറം എംഎസ്പി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ദിശ ഉന്നതവിദ്യാഭ്യാസ പ്രദര്‍ശനത്തോടനുബന്ധിച്ചുള്ള സെര്‍വ് ടു ലീഡ് സിവില്‍ സര്‍വീസ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അക്കാദമിക മികവും സാമൂഹിക പ്രതിബദ്ധതയും നേതൃത്വശേഷിയുമുള്ള വിദ്യാര്‍ഥികള്‍ സിവില്‍ സര്‍വീസ് മേഖലയിലെത്തേണ്ടത് രാജ്യത്തിന്റെ പുരോഗതിക്ക് അനിവാര്യമാണ്. സിവില്‍ സര്‍വീസ് കേവലം ഒരു തൊഴില്‍മേഖല മാത്രമല്ല, ജനങ്ങളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനും സാമൂഹികനീതി ഉറപ്പാക്കാനും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനുമുള്ള വലിയ അവസരം കൂടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സലിംഗ് സെല്ലിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ പെരിന്തല്‍മണ്ണ സബ് കളക്ടര്‍ സാക്ഷി മോഹന്‍, കോഴിക്കോട് അസി. കളക്ടര്‍ മാളവിക ജി. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Students' Bipedal robot NattuVishesham DistrictNews