പയ്യന്നൂർ തഹസിൽദാരുമായി നേതാക്കൾ സംസാരിക്കുന്നു.
പയ്യന്നൂർ: ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ട് മരിച്ച തിരുവനന്തപുരം സ്വദേശി രാജേഷിന്റെ മൃതദേഹത്തോട് റവന്യൂ, ആരോഗ്യ വകുപ്പുകൾ കാണിച്ച അനാസ്ഥയ്ക്കെതിരേ കടുത്ത നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പയ്യന്നൂർ താലൂക്ക് ഓഫീസ് ഉപരോധിച്ചു.
ഫണ്ടില്ലെന്ന കാരണം പറഞ്ഞ് ഫ്രീസർ ആംബുലൻസ് നിഷേധിച്ച റവന്യൂ, ആരോഗ്യ വകുപ്പ് മേധാവികളെ അടിയന്തരമായി പ്രോസിക്യൂട്ട് ചെയ്യണമെന്നും, ദുരന്തമുഖത്ത് കാണിച്ച അനാസ്ഥയ്ക്ക് ഉത്തരവാദികളായവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
ഉപരോധ സമരത്തിന് നേതാക്കളായ പി.പി. അനീഷ, പി.പി. സിധിൻ, സി.വി. റഹിനേജ്, സി.വി. വിഷ്ണു പ്രസാദ്. പി. നിധിൻ, സി. ഷിജിൽ കെ. മനുരജ് എന്നിവർ നേതൃത്വം നൽകി. താഹസിൽദാറുമായി നടത്തിയ ചർച്ചയ്ക്ക് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ടി.ഐ. മധുസൂദനൻ, സി. സത്യപാലൻ, ജില്ലാ കമ്മിറ്റിയംഗം പി. സന്തോഷ് എന്നിവർ നേതൃത്വം നൽകി. മൃതദേഹത്തോട് അനാദരവ് കാണിച്ച ഉദ്യോഗസ്ഥർക്കെതിരേ കർശനമായ നടപടി സ്വീകരിക്കുമെന്ന് ചർച്ചയിൽ തഹസിൽദാർ ഉറപ്പ് നല്കിയതായി ഡിവൈഎഫ് അറിയിച്ചു.
ജോസ്ഗിരി പുളിങ്ങോം പ്രദേശത്തെ റോഡ് ഗതാഗതം അടിയന്തരമായി സഞ്ചാര യോഗ്യമാക്കും. പ്രകൃതി ക്ഷോഭത്തിലുണ്ടായ നാശനഷ്ടങ്ങളുടെ തോത് കണ്ടെത്താൻ ഡ്രോൺ സർവേ നടത്തും. പ്രദേശത്തെ150 ഓളം വരുന്ന കുടുംബങ്ങളുടെ സുരക്ഷതത്വം ഉറപ്പ് വരുത്തും, കുടിവെള്ളം, ഭക്ഷണം,എന്നിവ ഉറപ്പാക്കും. വൈദ്യുതി തടസം നേരിട്ട പ്രദേശങ്ങളിൽ പെട്ടെന്ന് പുനഃസ്ഥാപിക്കും എന്നീ നിർദേശങ്ങളും അംഗീകരിച്ചു.