റാന്നി ബ്ലോക്ക് പഞ്ചായത്തിലെ ഞാറ്റുവേലച്ചന്തയുടെ ഉദ്ഘാടനം വെച്ചൂച്ചിറയിൽ പഴകുളം മധു എംഎൽഎ നിർവഹിക്കുന്നു.
വെച്ചൂച്ചിറ:ഓണക്കാലത്ത് വിഷാംശമില്ലാത്ത പച്ചക്കറികൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിന്റെ ഞാറ്റുവേല പദ്ധതി ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്ന് പഴകുളം മധു എംഎൽഎ.
കൃഷിവകുപ്പും റാന്നി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേലച്ചന്തയുടെയും കർഷകസഭയുടെയും ബ്ലോക്ക്തല ഉദ്ഘാടനം വെച്ചൂച്ചിറയിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഓണക്കാലത്തെങ്കിലും കീടനാശിനികളുടെയും വിഷവസ്തുക്കളുടെയും കലർപ്പില്ലാത്ത പച്ചക്കറികളും മറ്റ് ഭക്ഷ്യവസ്തുക്കളും ജനങ്ങൾക്ക് ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളും കർഷകരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് എംഎൽഎ പറഞ്ഞു.
ഭക്ഷ്യവസ്തുക്കളിൽ വിഷാംശം കലർത്തുന്നവർക്കെതിരേ വിദേശരാജ്യങ്ങളിൽ കർശന നിയമനടപടികളാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് അധ്യക്ഷത വഹിച്ചു.