അമ്പലപ്പുഴ വടക്ക് പൂമീൻപൊഴി പുലിമുട്ടിന് മുകളിലേക്ക് കടൽ ഇരച്ചുകയറുന്നു.
അമ്പലപ്പുഴ: മഴ ശക്തിപ്രാപിച്ചതോടെ ജില്ലയുടെ തീരം വിഴുങ്ങാൻ കൂറ്റൻ തിരമാലകളെത്തുന്നു. പല പ്രദേശത്തും തിരമാലകൾ കടൽഭിത്തിയും കടന്ന് കരയിലേക്ക് മീറ്ററുകളോളം കയറുകയാണ്. കാലാവസ്ഥ മുന്നറിയിപ്പുള്ളതിനാൽ മത്സ്യബന്ധന വള്ളങ്ങളും പൊന്തുകളും കടലിൽ ഇറക്കാതിരിക്കുകയാണ്. എന്നാൽ, കാറ്റും കോളും വകവയ്ക്കാതെ തോട്ടപ്പള്ളി ഹാർബറിൽനിന്നു പോയ ചില വള്ളങ്ങൾക്കു സുലഭമായി മത്തി ലഭിച്ചു.
ഒരു കിലോ വലിയ മത്തി 140 രൂപയ്ക്കാണ് മൊത്ത കച്ചവടക്കാരെടുത്തത്. അതേസമയം ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, തോട്ടപ്പള്ളി പല്ലന, ആനന്ദേശ്വരം, പുറക്കാട്, വണ്ടാനം മാധവൻമുക്ക്, പുന്നപ്ര ചള്ളി, വിയാനി, പറവൂർ ഗലീലിയ, അറപ്പപ്പൊഴി, വട്ടയാൽ, തുമ്പോളി, ചെത്തി, മാരാരിക്കുളം, അർത്തുങ്കൽ, തൈക്കൽ അടക്കം ജില്ലയുടെ പല ഭാഗത്തും കടൽ ശക്തമാണ്. പുന്നപ്ര ചള്ളിയിൽനിന്ന് ഇന്നലെ പുലർച്ചെ കടലിലേക്കിറക്കിയ മൂന്നോളം പൊന്തുകൾ മറിഞ്ഞെങ്കിലും കരയിൽനിന്നവർ രക്ഷാപ്രവർത്തനം നടത്തിയതിനാൽ ആളപായ മുണ്ടായില്ല. എന്തായാലും കടലിന്റെ അടിത്തട്ടിളകി ശാന്തമാകുന്ന ചാകര പ്രതിഭാസത്തിലാണ് മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷ.
Tags : Nattuvishesham District news