കാഞ്ഞിരപ്പള്ളി മിനി സിവിൽസ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന താലൂക്ക് വികസനസമിതി യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീർ പ്രസംഗിക്കുന്നു.
കാഞ്ഞിരപ്പള്ളി: ദേശീയപാത 183ൽ രൂപപ്പെടുന്ന വെള്ളക്കെട്ടുകൾ പരിഹരിക്കാൻ ഓടകളും കലുങ്കുകളും നിർമിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ദേശീയപാതാ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ താലൂക്ക് വികസനസമിതി യോഗത്തിൽ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ ഷമീർ ഉന്നയിച്ച പരാതിയിലാണ് നടപടി സ്വീകരിച്ചത്. കെകെ റോഡ് പത്തൊന്പതാംമൈൽ എയ്ഞ്ചൽ വില്ലേജ് ജംഗ്ഷനിൽ പുതിയ ബസ് സ്റ്റോപ്പ് അനുവദിക്കണമെന്ന പരാതിയിൽ ജോയിന്റ് ആർടിഒ കാഞ്ഞിരപ്പള്ളി അന്വേഷണം നടത്തി റിപ്പോർട്ട് ആർടിഎ യോഗത്തിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് കാഞ്ഞിരപ്പള്ളി ജോയിന്റ് ആർടിഒ അറിയിച്ചു.
പുഞ്ചവയൽ ഭാഗത്തെ അനധികൃത മദ്യവില്പനയും യുവാക്കളുടെ ലഹരി ഉപയോഗവും തടയുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചുവെന്ന് പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും കാഞ്ഞിരപ്പള്ളിയിൽ പുതിയ കെഎസ്ആർടിസി ഓഫീസ് അനുവദിക്കണമെന്ന ആവശ്യം ചീഫ് ഓഫീസിൽനിന്നു നിർദേശം ലഭിക്കുന്ന മുറയ്ക്ക് നടപടികൾ സ്വീകരിക്കുമെന്ന് പൊൻകുന്നം കെഎസ്ആർടിസി ഇൻസ്പെക്ടറും അറിയിച്ചു.
മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന താലൂക്ക് വികസനസമിതി യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീർ അധ്യക്ഷത വഹിച്ചു. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസ്, കാഞ്ഞിരപ്പള്ളി തഹസിൽദാർ പി.എസ്. സുനിൽകുമാർ, ഭൂരേഖാ തഹസിൽദാർ കെ.എഫ്. യാസിർഖാൻ, ഡെപ്യൂട്ടി തഹസിൽദാർ ജെ. സിജു എന്നിവർ പ്രസംഗിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, താലൂക്ക്തല വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Tags : Nattuvishesham District news