ചിറ്റൂർ: ചിറ്റൂർ- തത്തമംഗലം നഗരസഭയിൽ സിഡിഎസ് തെരഞ്ഞെടുപ്പിലുണ്ടായ തർക്കത്തെതുടർന്ന് ജില്ലാകളക്ടർ ഇടപ്പെട്ടു. തെരഞ്ഞെടുപ്പ് താത്കാലികമായി നിർത്തിവയ്ക്കാൻ നിർദേശം.
ഇന്നലെ ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിലാണ് സിഡിഎസ് തെരഞ്ഞെടുപ്പ് നടന്നത്. കുറച്ചു വനിതകൾ സംഭവസ്ഥലത്തെത്തി തെരഞ്ഞെടുപ്പിൽ അഴിമതി ആരോപിച്ച് നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും തുടർന്ന് ഇരുവിഭാഗവും തർക്കത്തിലാവുകയുമാണുണ്ടാത്.
തുടർന്ന് സ്ഥലത്തുണ്ടായിരുന്ന റിട്ടേണിംഗ് ഓഫീസറുടെ നിർദേശം അനുസരിച്ച് വിഷയത്തിൽ പോലീസ് നടപടി സ്വീകരിച്ചു. വിഷയം ചിറ്റൂർ തഹസിൽദാർ ജില്ലാ കളക്ടർക്ക് അറിയിപ്പുനൽകി. ഇതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നിർത്തിവയ്ക്കാൻ കളക്ടർ നിർദേശം നൽകിയത്. റിട്ടേൺ ഓഫീസർ ബാലു മനോഹർ നൽകിയ പരാതിയിൽ ചിറ്റൂർ പോലീസ് ചിറ്റൂർ- തത്തമംഗലം നഗരസഭാ ചെയർമാൻ സുമേഷ് അച്ചുതൻ, വൈസ് ചെയർമാൻ ബി. കൃഷ്ണലീല ഉൾപ്പെടെ 11 പേർക്കും കണ്ടാലറിയുന്ന മറ്റു 20 പേർക്കെതിരെയും കേസെടുത്തു.
ഇക്കഴിഞ്ഞ ദിവസം ചിറ്റൂർ വിക്ടോറിയ ഗേൾസ് സ്കൂളിൽ നടന്ന എഡിഎസ് തെരഞ്ഞെടുപ്പിലും വാക്കു തർക്കവും പ്രശ്നങ്ങളുമുണ്ടായിരുന്നു.