ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ എല്ലാ സീറ്റുകളിലും എൽഡിഎഫ് വിജയിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇത്തവണ ഹരിപ്പാട് മണ്ഡലത്തിലും എൽഡിഎഫ് വിജയിക്കും.
മുൻപുള്ള തെരഞ്ഞെടുപ്പുകളിൽ ഹരിപ്പാട് മണ്ഡലത്തിൽ ബിജെപിയുടെ വോട്ടുകൾ കോൺഗ്രസിലേക്ക് ചോരുന്നതായിരുന്നു പതിവ്. എന്നാൽ, ഇത്തവണ ബിജെപിയുടെ പ്രവർത്തനത്തിലൂടെ അവരുടെ വോട്ടുകൾ അവർക്കുതന്നെ വീഴും. അങ്ങനെ സംഭവിച്ചാൽ ഹരിപ്പാട് എൽഡിഎഫ് വിജയിക്കുമെന്നാണ് ഇതുവരെയുള്ള പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത്.
എൽഡിഎഫ് ഭരണം സമാധാനപരമായ ജീവിതമാണ് ജനങ്ങൾക്ക് നൽകിയത്. പട്ടിണിയും ദുരിതവും കഷ്ടപ്പാടുമില്ലാത്ത ജീവതമാണ് കഴിഞ്ഞ പത്തുവർഷമായി സാധാരണക്കാർ നയിക്കുന്നത്. അതിനാൽ എൽഡിഎഫ് അധികാരത്തിലെത്തണമെന്നാണ് ജനങ്ങൾ ചിന്തിക്കുന്നത്.
അധികാരമില്ലാതിരുന്നിട്ടും അഴിമതിയും ധൂർത്തും തുടർച്ചയായി നടത്തുകയാണ്. പ്രളയസമയത്തു പറഞ്ഞ വീടുപോലും അവർ നിർമിച്ചു നൽകിയിട്ടില്ല. വയനാട് ദുരന്തത്തിൽ കോടികൾ പിരിച്ച് ദുരന്തബാധിതരെയും അവർ വഞ്ചിച്ചു. അവർ ജനങ്ങളെ പറ്റിക്കുകയാണ്. ഈ കോൺഗ്രസിന് ജനങ്ങൾ വോട്ടുചെയ്യില്ലെന്നും ആർ. നാസർ പറഞ്ഞു.
Tags : District Secretary nattuvishesham local news