പാലക്കാട്: ജില്ലയിൽ വേനൽക്കാലത്ത് രൂക്ഷമാകാനിടയുള്ള കുടിവെള്ളക്ഷാമം മുൻകൂട്ടിക്കണ്ട് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ വികസനസമിതി യോഗത്തിൽ ആവശ്യം.
മുഹമ്മദ് മുഹ്സിൻ എംഎൽഎയാണ് ഇത് സംബന്ധിച്ച ആവശ്യം ഉന്നയിച്ചത്. നിലവിലുള്ള കുടിവെള്ള പദ്ധതികളുടെ പ്രവൃത്തി ത്വരിതപ്പെടുത്തണമെന്നും പൂർത്തിയായ പദ്ധതികളുടെ ട്രയൽ റണ്‍ നടത്തി ഉടൻ കമ്മീഷൻ ചെയ്യണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. സുനിൽകുമാറിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിലാണ് യോഗം ചേർന്നത്.പട്ടാന്പി പൊതുശ്മശാനം തുറന്നുകൊടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പരാതികൾ എത്രയും വേഗം പരിഹരിക്കണമെന്നും മുഹമ്മദ് മുഹസിൻ എംഎൽഎ ആവശ്യപ്പെട്ടു.
ആലത്തൂർ മണ്ഡലത്തിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രവൃത്തികൾ പൂർത്തിയായി വരുന്നതായും പ്രവൃത്തികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട കരാറുകാർക്ക് നിർദേശം നൽകിയതായും കെ.ഡി. പ്രസേനൻ എംഎൽഎയുടെ ചോദ്യത്തിനുത്തരമായി വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടതും പരിക്കേറ്റതുമായവർക്ക് നൽകുന്ന നഷ്ടപരിഹാരതുകയുടെ വിതരണം ഈ മാസത്തോടെ പൂർത്തീകരിക്കുമെന്ന് ബന്ധപ്പെട്ട ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർ കെ. ശാന്തകുമാരി എംഎൽഎയെ അറിയിച്ചു.
പാലക്കയം തരിപ്പപ്പതി റോഡിൽ വിള്ളൽ രൂപപ്പെട്ടത് പൂർവസ്ഥിതിയിലാക്കുന്ന പ്രവൃത്തികൾ പുരോഗമിച്ചുവരുന്നതായി എംഎൽഎയുടെ ചോദ്യത്തിനുത്തരമായി പിഎംജിഎസ് വൈ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
കൊടുന്പ് പാളയം പാലം പ്രവൃത്തി എത്രയുംവേഗം പൂർത്തീകരിക്കണമെന്ന് എ. പ്രഭാകരൻ എംഎൽഎ ആവശ്യപ്പെട്ടു.
അകത്തേത്തറ മേൽപ്പാല നിർമാണത്തോടനുബന്ധിച്ച് മലന്പുഴ ഒലവക്കോട് റോഡ് അടച്ചിട്ടതിനാൽ പ്രദേശവാസികൾ കാലങ്ങളായി ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും പ്രവൃത്തി നടത്തുന്ന ഏജൻസി ജില്ലയിലെ പ്രവൃത്തികളോട് കാണിക്കുന്ന നിരുത്തരവാദ സമീപനം അവസാനിപ്പിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ചിറ്റൂർ മണ്ഡലത്തിലെ നെൽകർഷകർക്കുള്ള ഉഴവുകൂലി ഗ്രാമപഞ്ചായത്ത് ജനറൽ വിഭാഗത്തിൽ 1,61,74,653 രൂപയും, എസ് സി വിഭാഗത്തിൽ 5,94,845 രൂപയും വിതരണം ചെയ്തതായി പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ യോഗത്തിൽ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് വിഹിതമായി 83,13,049 രൂപയും (ജനറൽ), 1,46,600 രൂപയും (എസ് സി) ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി 52,51,661 രൂപയും ഉഴവുകൂലിയായി വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ പ്രതിനിധിയുടെ ചോദ്യത്തിനുത്തരമായി യോഗത്തിൽ അറിയിച്ചു. നവകേരള സദസുമായി ബന്ധപ്പെട്ട് ജില്ലയിൽ അനുമതി ലഭ്യമായ പദ്ധതികളുടെ പ്രവൃത്തി പുരോഗതി യോഗത്തിൽ വിലയിരുത്തി.
യോഗത്തിൽ എംഎൽഎ മാരായ കെ.ഡി. പ്രസേനൻ, കെ. ശാന്തകുമാരി, എ. പ്രഭാകരൻ, മുഹമ്മദ് മുഹ്സിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം. ശശി, വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ പ്രതിനിധി എസ്. വിനോദ്ബാബു, ജില്ലാ പ്ലാനിംഗ് ഓഫീസർ ഏലിയാമ്മ നൈനാൻ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.