കോഴിക്കോട്: ട്രോളിംഗ് നിരോധനത്തിൽ വറുതിയിലായ മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന പഞ്ഞമാസ ആനുകൂല്യം (സമ്പാദ്യ സമാശ്വാസ പദ്ധതി) വിതരണം വൈകുന്നു.സൗജന്യ റേഷനും വിതരണം ചെയ്തില്ല. ജില്ലയിൽ 13,637 പേർക്കായി 8.18 കോടി രൂപയ്ക്ക് മുകളിലാണ് സമ്പാദ്യ സമാശ്വാസ പദ്ധതിയിനത്തിൽ നൽകേണ്ടത്.
യന്ത്രവൽകൃത മത്സ്യയാനങ്ങളിൽ പണിയെടുക്കുന്ന മൂവായിരത്തോളം തൊഴിലാളികൾക്ക് റേഷനും നൽകണം. 1,500 രൂപ ആദ്യഗഡുവായി നൽകുകയാണെങ്കിൽ സമാശ്വാസ പദ്ധതിയിൽ 2,04,55,500 രൂപ വിതരണം ചെയ്യണം. എന്നാൽ ട്രോളിംഗ് നിരോധനം ആരംഭിച്ച് ആഴ്ചകൾ കഴിഞ്ഞപ്പോഴാണ് ആദ്യഗഡുവിന്റെ വിതരണം പോലും ആരംഭിച്ചത്.
ഇതാകട്ടെ പലര്‍ക്കും ലഭിച്ചിട്ടുമില്ല. മേയ് മുതൽ ജൂലൈ വരെ തൊഴിലാളികൾക്ക് മൂന്നുഗഡുക്കളായി 6,000 രൂപയാണ് നൽകേണ്ടത്. ട്രഷറി നിയന്ത്രണം ഉള്ളതിനാലാണ് സഹായം വിതരണം ചെയ്യാൻ വൈകിയതെന്നാണ് ഫിഷറീസ് വകുപ്പിന്റെ വിശദീകരണം.
ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് കളക്ടര്‍ പങ്കെടുത്ത യോഗത്തിൽ സൗജന്യ റേഷന്‍ പുതിയ അപേക്ഷ ക്ഷണിക്കണമെന്ന ആവശ്യമുയർന്നിരുന്നു. ഇതിൽ ഉൾപ്പെടുത്തിയവരുടെയും ആനുകൂല്യ പട്ടികയിൽ മുമ്പുണ്ടായിരുന്നവരുടെയും പട്ടിക സിവിൽ സപ്ലൈസ് വിഭാഗത്തിന് കൈമാറിയെന്നാണ് ഫിഷറീസ് വകുപ്പ് അറിയിച്ചത്.
എന്നാൽ ഇതുവരെ വിതരണം നടന്നില്ല. ട്രോളിംഗ് നിരോധനമായതിനാൽ അനക്കമറ്റുകിടക്കുന്ന തീരദേശത്തിന് സമാശ്വാസമാകുമായിരുന്ന പദ്ധതിയാണ് കാലതാമസം നേരിടുന്നത്.
പി.എ. മുഹമ്മദ് റിയാസ് എംഎല്‍എ മന്ത്രിക്ക് കത്തയച്ചു
കോഴിക്കോട്: മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷനും സമ്പാദ്യ സമാശ്വാസ ധനസഹായവും അടിയന്തരമായി വിതരണം ചെയ്യണമെന്ന് പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. ഇക്കാര്യം ആവശ്യപ്പെട്ട് ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂറിന് കത്ത് നൽകി.
റേഷനും ധനസഹായവും വൈകുന്നതിനാൽ തീരദേശ മേഖലയിലെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യസുരക്ഷാ ആശങ്കയും നേരിടുന്നു.
അടിയന്തര ഇടപെടൽ നടത്തി റേഷൻ, ധനസഹായ വിതരണത്തിനുള്ള നടപടി സ്വീകരിക്കണമെന്നും റിയാസ് മന്ത്രിയോട് അഭ്യർഥിച്ചു.
Tags : Local News Nattuvishesham Kozhikode