വടയാർ മുട്ടുങ്കലിൽ മൂവാറ്റുപുഴയാറിന്റെ കൈവഴി കരകവിഞ്ഞൊഴുകുന്നു.
ഉദയനാപുരം: കിഴക്കൻവെള്ളത്തിന്റെ വരവ് ശക്തമായതോടെ ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ കൂടുതൽ വീടുകളിൽ വെള്ളം കയറി. കരിയാറിലും മൂവാറ്റുപുഴയാറിലും മൂവാറ്റുപുഴയാറിന്റെ കൈവഴികളിലും നാട്ടുതോടുകളിലും കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായി ജലാശയങ്ങൾ പലയിടങ്ങളിലും കരകവിഞ്ഞു.
ഉദയനാപുരം - വാഴമന റോഡും മുട്ടുങ്കൽ-ചിറപ്പാട് റോഡും വെള്ളത്തിൽ മുങ്ങി. ശനിയാഴ്ച ഒരടിയോളം ഉയർന്ന ജലനിരപ്പ് കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ ഇന്നലെ ഉച്ചയോടെ ഒന്നരയടിയായി ഉയർന്നു. രാവിലെ ഏതാനും മണിക്കൂർ മഴയ്ക്ക് ശമനമുണ്ടായെങ്കിലും വൈകുന്നേരത്തോടെ മഴ കനത്ത് പെയ്തതോടെ കൂടുതൽ സ്ഥലങ്ങളിൽ വെള്ളപ്പൊക്ക ദുരിതമേറുകയാണ്.
കിഴക്കൻ വെള്ളം കുത്തിയൊഴുകി എത്തുന്ന പുഴയുടെ തീരപ്രദേശങ്ങളിൽ മണ്ണിടിച്ചിലിന് സാധ്യതയേറി. വടയാർ പള്ളിയുടെ സമീപം മൂവാറ്റുപുഴയാറന്റെ കൈവഴി കരകവിഞ്ഞൊഴുകിയതോടെ വടയാർ-മുട്ടുങ്കൽ റോഡിന്റെ പുഴയോരം പലഭാഗങ്ങളിലും ഇടിയുന്നത് ആശങ്ക ഉയർത്തുകയാണ്. തലയോലപ്പറമ്പ് പഞ്ചായത്ത് അധികൃതർ റോഡ് ഇടിഞ്ഞുതാഴ്ന്ന ഭാഗങ്ങളിൽ ഏരിക്കുറ്റി താഴ്ത്തി മണ്ണിട്ടുയർത്തിയിട്ടുണ്ട്. വൈക്കപ്രയാറിലെ വടയാർ മുതൽ തേനാമിറ്റം വരെയുള്ള ഭാഗങ്ങളിൽ പുഴതീരം പല ഭാഗങ്ങളിലും ഇടിയുമെന്ന സ്ഥിതിയിലാണ്. കൊടിയാട്, വാഴമന ചിറപ്പാട്, ഇരുമ്പുഴിക്കര, വൈക്കപ്രയാർ പ്രദേശങ്ങളിൽ നിരവധി വീടുകൾക്കുള്ളിൽ വെള്ളം കയറി.
ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മിറ്റി യോഗം ചേർന്നു
ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജുവിന്റെ അധ്യക്ഷതയിൽ ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മിറ്റി നടന്നു. പഞ്ചായത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലെ കുടുംബങ്ങളെ വല്ലകം സെന്റ് മേരീസ് ഹൈസ്കൂളിൽ ക്രമീകരിച്ചിട്ടുള്ള ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കും. മൂവാറ്റുപുഴയാറിന്റെ പല സ്ഥലങ്ങളിലും നീരൊഴുക്ക് തടസപ്പെടുന്ന വിധത്തിൽ രൂപം കൊണ്ടിട്ടുള്ള മണൽതിട്ടകൾ നീക്കം ചെയ്യുന്നതിനും തോടുകൾക്ക് ആഴം കൂട്ടുന്നതിനും തീരദേശ ബണ്ട് ബലപ്പെടുത്തുന്നതിനും സർക്കാർ ഫണ്ട് അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രദേശത്തെ വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണാൻ പാടശേഖരങ്ങളുടെ പുറബണ്ട് ഉയർത്തി നിർമിക്കുന്നതടക്കമുള്ള കാര്യങ്ങൾ മുഖ്യമന്ത്രി, ജലവിഭവ മന്ത്രി, എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി നേരിട്ടു കാണുന്നതിന് യോഗം പഞ്ചായത്ത് പ്രസിഡന്റിനെ ചുമതലപ്പെടുത്തി.
ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഡോ. വിജിത്ത് ശശിധർ, പഞ്ചായത്ത് സെക്രട്ടറി വിനോദ്കുമാർ, ഇറിഗേഷൻ അസി. എൻജിനിയർ ദേവിക, ഉദയനാപുരം വില്ലേജ് ഓഫീസർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.എം. പ്രറ്റി, കെ.എം. മുരളീധരൻ, കെ.വി. ചിത്രാംഗദൻ തുടങ്ങിയവർ പങ്കെടുത്തു.
പുഴയോരം ഇടിയുന്നു
വടയാർ: മൂവാറ്റുപുഴയാറിന്റെ കൈവഴി വടയാർ മുട്ടുങ്കലിൽ കരകവിഞ്ഞൊഴുകുന്നു. പുഴ കരകവിഞ്ഞതോടെ ഇരുകരകളിലേയും റോഡുകളും പുഴയോരത്തെ വീടുകളും വെള്ളക്കെട്ടിലായി. പുഴയോരം വെള്ളത്തിൽ മുങ്ങിയതോടെ പലഭാഗങ്ങളും പുഴയിലേക്ക് ഇടിഞ്ഞുതാണു തുടങ്ങി.
ഏത്തവാഴത്തോട്ടങ്ങൾ മുങ്ങി
ഉദയനാപുരം: മഴയിൽ ജലനിരപ്പ് ഉയർന്ന് ജലാശയങ്ങൾ കരകവിഞ്ഞതിനേത്തുടർന്ന് ഏത്തവാഴ, ജാതി കർഷകർ ആശങ്കയിൽ.ഉദയനാപുരം വാഴമന, മുട്ടുങ്കൽ, വൈക്കപ്രയാർ, വല്ലകം, പടിഞ്ഞാറേക്കര തുടങ്ങിയ സ്ഥലങ്ങളിലെ ഏത്തവാഴ, ജാതി കൃഷിയിടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതാണ് കർഷകരുടെ ആശങ്ക വർധിപ്പിക്കുന്നത്.
വൈക്കപ്രയാർ, മുട്ടുങ്കൽ, വാഴമന പടിഞ്ഞാറേക്കര തുടങ്ങിയ ഭാഗങ്ങളിലായി ഏത്തവാഴ കൃഷി ചെയ്തിടങ്ങളിൽ രണ്ടു ദിവസമായി വെള്ളം കെട്ടിനിൽക്കുകയാണ്. വേഴക്കേരി മണി, കൂലിപ്പണിക്കൽ സന്തോഷ്, വൈക്ക പ്രയാറിൽ സജീവ്, ചെട്ടിയിൽ സോമൻ തുടങ്ങിയവരുടെ ഓണത്തിന് മുന്നോടിയായി വിളവെടുക്കേണ്ട വാഴകൃഷിയാണ് വെള്ളക്കെട്ടിലായത്.പ്രദേശത്തെ വെള്ളക്കെട്ട് അധികദിവസം തുടർന്നാൽ നിരവധി ജാതികർഷകർക്കും വലിയ നഷ്ടം നേരിടേണ്ടിവരും.
തോട്ടില്‍ മരം വീണ്ഒഴുക്ക് തടസപ്പെട്ടു; വെള്ളപ്പൊക്ക സാധ്യത
പെരുവ: തോട്ടില്‍ മരം വീണു കിടക്കുന്നതിനാല്‍ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുന്നത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. മുളക്കുളം പഞ്ചായാത്തിലെ ഇടയാറ്റ് പാടത്ത വലിയ തോട്ടില്‍ മണപ്പുഴ പാലത്തിനു താഴെ വശത്താണ് മരം വീണ് കിടക്കുന്നത്. സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ നിന്നിരുന്ന വലിയ റബര്‍ മരങ്ങളാണ് രണ്ട് മാസം മുമ്പ് കാറ്റത്ത് മറിഞ്ഞുവീണത്.
മഴ ശക്തമായതോടെ തോട് നിറഞ്ഞൊഴുകുന്ന വെള്ളം ഒഴുകിപ്പോകാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇതുമൂലം സമീപ പുരയിടങ്ങളിലേക്ക് വെള്ളം കയറാന്‍ സാധ്യതയേറുകയാണ്. നിരവധിത്തവണ അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും എടുത്തില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Tags : NattuVishasham DistrictNews