പ്രതീകാത്മക ചിത്രം
പത്തനംതിട്ട: പരിസ്ഥിതിലോല മേഖലയില്‍ നിന്ന് പത്തനംതിട്ട ജില്ലയിലെ ഒരു വില്ലേജ് പോലും നീക്കം ചെയ്യണമെന്ന ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ നല്‍കാത്തത് അവഗണനയും വഞ്ചനയുമെന്ന് കിസാന്‍സഭ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
കേരളത്തിലെ പരിസ്ഥിതി ലോല മേഖലയില്‍ 33 വില്ലേജുകള്‍ ഒഴിവാക്കാന്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ടു നല്കിയ സംസ്ഥാന സര്‍ക്കാര്‍ പത്തനംതിട്ട ജില്ലയോടു കടുത്ത അവഗണനയാണ് കാട്ടിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. കോട്ടയം, ഇടുക്കി ജില്ലയുടെ കാര്യത്തിൽ മാത്രമാണ് യുഡിഎഫ് സര്‍ക്കാര്‍ താത്പര്യമെടുത്തത്. ജനവാസ മേഖല ഒഴിവാക്കാന്‍ മുന്‍ സര്‍ക്കാര്‍ എടുത്ത താത്പര്യം യുഡിഎഫ് സര്‍ക്കാര്‍ കാട്ടിയില്ല. ജില്ലയുടെ കാര്യത്തില്‍ ഫലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നയങ്ങളോട് യുഡിഎഫ് സര്‍ക്കാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് ചെയ്തത്.
പരിസ്ഥിതിലോല മേഖല പ്രഖ്യാപനത്തിനെതിരേ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഏഴ് വില്ലേജുകളില്‍ വ്യാപകമായി ഒപ്പുശേഖരണം നടത്തുകയും യോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.
1970.041 ഹെക്ടര്‍ ഭൂമിക്ക് പട്ടയം ലഭിക്കാന്‍ പരിവേഷ് പോര്‍ട്ടലിലൂടെ അപേക്ഷ നല്‍കിയിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞു. കോന്നി, റാന്നി എന്നീ മണ്ഡലത്തില്‍പ്പെട്ട 6500ല്‍പരം ആളുകള്‍ക്കാണ് പട്ടയം ലഭിക്കേണ്ടത്.
മലയോര മേഖലയില്‍ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരേ അഖിലേന്ത്യ കിസാന്‍ സഭാ നേതൃത്വത്തില്‍ ജാഥയും പത്തനംതിട്ട ഹെഡ്പോസ്റ്റ് ഓഫീസ് മാര്‍ച്ചും നടത്തും. ജില്ലയിലെ മലയോര മേഖല കേന്ദ്രീകരിച്ച് മൂന്ന്, നാല് തീയതികളില്‍ ജാഥയും ഒമ്പതിന് പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ചും നടത്തും. മൂന്നിന് തുലാപ്പള്ളിയില്‍ നിന്നാരംഭിക്കുന്ന ജാഥ കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് വസന്തകുമാര്‍ ഉദ്ഘാടനം ചെയ്യും. നാലിന് ആങ്ങമൂഴിയില്‍ ജാഥ സമാപിക്കും. സിപിഐ സംസ്ഥാന കമ്മിറ്റി അംഗം പി. ആര്. ഗോപിനാഥന് സമാപനസമ്മേളനം ഉദഘാടനം ചെയ്യും. ഒമ്പതിന് പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം ആര്. രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും.
കിസാന്‍സഭ സംസ്ഥാന സെക്രട്ടറി എ.പി. ജയന്, ജില്ലാ സെക്രട്ടറി ടി . മുരുകേഷ്, പ്രസിഡന്റ് ആര്. രാജേന്ദ്രന്‍പിള്ള, വൈസ് പ്രസിഡന്റ് ഡോ. എം .രാജന്, സംസ്ഥാന കമ്മിറ്റിയംഗം കെ.എന്‍. സത്യാനന്ദപ്പണിക്കര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.