പാലക്കയംതട്ട്: സമസ്ത മേഖലകളിലും വികസനമെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും അതിനായി മുഴുവൻ ജനപ്രതിനിധികളും ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ടെന്നും സജീവ് ജോസഫ് എംഎൽഎ. പാലക്കയംതട്ട് ഹിൽടോപ്പ് റിസോർട്ടിൽ എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച "ഇരിക്കൂർ മണ്ഡലംതല ലീഡർഷിപ്പ് സമ്മിറ്റ്- 2026' ന്റെ വേദിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം പരിധിയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവരടക്കം പങ്കെടുത്ത യോഗത്തിൽ റോഡുകൾ, പാലങ്ങൾ, കലുങ്കുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും മലയോര മേഖലയിലെ വന്യജീവി ശല്യം ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ച ചെയ്തു.
നിലവിലെ പെൻഷൻ മാനദണ്ഡങ്ങൾ പുനപരിശോധിക്കണമെന്നും അർഹരായവർക്കെല്ലാം ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തളിപ്പറമ്പ്-കൂർഗ് അന്തർസംസ്ഥാന പാത യാഥാർഥ്യമാക്കുന്നത് മേഖലയിലെ വികസനത്തിന് വലിയരീതിയിലുള്ള മുന്നേറ്റമുണ്ടാക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. ഓരോ പഞ്ചായത്തിലെയും വികസന ആവശ്യങ്ങളും മുൻഗണനാ പദ്ധതികളും വിലയിരുത്തിയ യോഗം തുടർ ചർച്ചകൾക്കായി മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും ശ്രീകണ്ഠപുരം നഗരസഭയിലും പ്രത്യേകം വികസന സദസുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. വികസന സദസിന്റെ മണ്ഡലംതല ഉദ്ഘാടനം 17ന് ഇരിക്കൂർ പഞ്ചായത്തിൽ നടക്കും.
സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി മാത്യു, ശ്രീകണ്ഠപുരം നഗരസഭാ ചെയർമാൻ ഇ.വി. രാമകൃഷ്ണൻ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ. മുഹമ്മദ്, മോളി സജി, ജോസ് പരത്തനാൽ, പ്രിൻസി ബോബി, ടെസി ബെന്നി, ബി.പി. വിപിന, സിന്ധു ബെന്നി, സിജി മംഗലത്തുകരോട്ട്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബേബി തോലാനി, ജോജി വർഗീസ്, ശ്രീകണ്ഠപുരം നഗരസഭ സെക്രട്ടറി നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham Local News Efforts to bring development Sajeev Joseph