ചാന്പ്യന്മാരായ വിദ്യാർഥികൾ ട്രോഫിയുമായി.
ചെങ്ങന്നൂർ: കഠിനാധ്വാനവും കൃത്യമായ പരിശീലനവും കൂട്ടിനുണ്ടെങ്കിൽ വിജയം ഒപ്പമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ചെറിയനാട് സെന്റ് ജോസഫ്സ് സ്കൂളിലെ കായികപ്രതിഭകൾ. എറണാകുളം വടുതല ഡോൺ ബോസ്കോ സ്കൂളിൽ അരങ്ങേറിയ ഐസിഎസ്ഇ സംസ്ഥാന ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ മിന്നുന്ന വിജയത്തോടെ സ്കൂൾ ചരിത്രത്താളുകളിൽ തങ്ങളുടെ പേര് തുന്നിച്ചേർത്തു.
ബി സോണിനെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയ സെന്റ് ജോസഫ്സിലെ കുട്ടികൾ എതിരാളികളെ അമ്പരപ്പിക്കുന്ന തന്ത്രങ്ങളും പെർഫെക്ട് ഗെയിം പ്ലാനുമായാണ് കോർട്ടിൽ നിറഞ്ഞാടിയത്.
സംസ്ഥാന തലത്തിൽ ബി സോണിന്റെ പടയോട്ടത്തിന് കരുത്തുപകർന്ന് സെന്റ് ജോസഫ്സ് സ്വന്തമാക്കിയത് സമാനതകളില്ലാത്ത നേട്ടങ്ങളാണ്. സംസ്ഥാനത്തെ മറ്റ് മൂന്നു ശക്തമായ സോണുകളെയും തകർത്തെറിഞ്ഞ് അണ്ടർ-17 ബോയ്സ് വിഭാഗത്തിൽ ടീം അഭിമാനകരമായ സംസ്ഥാന കിരീടം ചൂടി.
അണ്ടർ-14 ബോയ്സ് (രണ്ടാം സ്ഥാനം): രണ്ട് തകർപ്പൻ വിജയങ്ങളും ഒരു തോൽവിയുമായി അണ്ടർ-14 ടീം ടൂർണമെന്റിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
സംസ്ഥാന ചാമ്പ്യൻഷിപ്പിലെ തകർപ്പൻ പ്രകടനം സ്കൂളിലെ എട്ട് താരങ്ങൾക്ക് ദേശീയ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിലേക്കുള്ള കേരള ടീമിലേക്ക് വഴിതുറന്നു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ വച്ചാണ് ഇനി കായികലോകം ഉറ്റുനോക്കുന്ന ദേശീയ പോരാട്ടങ്ങൾ നടക്കുന്നത്.
കേരള ടീമിൽ ഇടംനേടിയ ബ്രിജേഷ്, ജോഷ്വാ, അഗ്നിവേശ്, റയാൻ, ആദിനാഥ്, എബൽ, അഭിരാം, പ്രണവ് എന്നിവ രെയും പരിശീലകൻ അക്ഷയകുമാറിനെയും പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ആശാ ബെന്നനെയും സ്കൂൾ മാനേജ്മെന്റും അധ്യാപകരും വിദ്യാർഥികളും ചേർന്ന് അഭിനന്ദിച്ചു.
Tags : Nattuvishesham DistrictNews DeepikaNews national team