പ്രതീകാത്മക ചിത്രം
സുല്‍ത്താന്‍ ബത്തേരി: ആറളം ഫാമിലും പുനരധിവാസ മേഖലയിലും ഭീതി വിതച്ച മോഴയാനയെ പിടികൂടി കൂട്ടിലടയ്ക്കുന്നതിനായി മുത്തങ്ങ ആനപ്പന്തിയില്‍ കൂട് ഒരുങ്ങി.
ആനയെ മയക്കുവെടിവച്ച് പിടികൂടിയാല്‍ എത്രയും വേഗം മുത്തങ്ങയിലെ പന്തിയിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളും ഇവിടെ പൂര്‍ത്തീകരിച്ചു. മോഴയാനയുടെ വലുപ്പത്തിനും കരുത്തിനും ആനുപാതികമായിട്ടാണ് കൂട് നിര്‍മിച്ചിരിക്കുന്നത്.
നിലവിലുള്ള ആനകൊട്ടിലുകളോട് ചേര്‍ന്നാണ് പുതിയ കൊട്ടിലും നിർമിച്ചത്. യൂക്കാലിപ്റ്റസ് മരങ്ങള്‍ കൊണ്ടാണ് കൂട് നിര്‍മിച്ചിരിക്കുന്നത്. തൂണുകളോട് ബന്ധിച്ച് നീളത്തിലും കുറുകെയുമായി തടികള്വച്ചാണ് നിര്‍മാണം നടത്തിയത്. കൂട്ടിനകത്ത് ആന അക്രമാസക്തമായാലും കൂട് നിര്‍മിച്ച മരം പൊട്ടിപ്പോകില്ല. ഒന്നരമാസം മുമ്പാണ് ആളുകളുടെ ജീവനെടുത്ത മോഴയാനയെ മയക്കുവെടിവച്ച് പിടികൂടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവിറക്കിയത്. ഓണത്തിന് മുമ്പ് ദൗത്യം പൂര്‍ത്തീകരിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ആനയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ തീരുമാനം നീളുകയായിരുന്നു. മയക്കുവെടിവയ്ക്കുന്നതിനു മുന്നോടിയായി ആനയുടെ പ്രായം സ്വാഭാവം, ആരോഗ്യ സ്ഥിതി എന്നിവ മനസിലാക്കുന്നതിനായി പ്രത്യേക നീരീക്ഷണ സംഘത്തെ നിയോഗിച്ചിരുന്നു. ആര്‍ആര്‍ടി വെറ്ററിനറി സര്ജന് ഇല്യാസ് റാവുത്തറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിരീക്ഷണം നടത്തുന്നത്. ആനയുടെ സാന്നിധ്യം കണ്ടെത്തി മയക്കുവെടിവയ്ക്കാന്‍ അനുയോജ്യമായ സ്ഥലം ലഭിച്ചാല്‍ വിദഗ്ധ സംഘം ദൗത്യം നിര്‍വഹിക്കും. മയക്കുവെടിവച്ചാല്‍ ഉടന്‍ തന്നെ മുത്തങ്ങയിലെത്തിക്കാനാണ് നീക്കം.
Tags : v