പ്രതീകാത്മക ചിത്രം
വൈത്തിരി: മഴയുടെ കുറവ് പൊഴുതന പഞ്ചായത്തില്‍ കാപ്പി കര്‍ഷകരെ ആശങ്കയിലാക്കുന്നു. ആവശ്യമായ മഴ ലഭിക്കാത്തത് ഇത്തവണ കാപ്പി ഉത്പാദനത്തെയും ചെടികളുടെ ആരോഗ്യത്തെയും ബാധിക്കുമെന്ന ശങ്കയിലാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൃഷിക്കാര്‍.
റോബസ്റ്റ ഇനം കാപ്പിയാണ് പൊഴുതയില്‍ കൂടുതലും കൃഷി ചെയ്യുന്നത്. മണ്ണിലെ ഈര്‍പ്പം കുറയുന്നത് ചെടികള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ വലിച്ചെടുക്കുന്നതിന് തടസമാകും. ഇത് ചെടികളുടെ പ്രതിരോധശേഷി കുറയ്ക്കുകയും രോഗ-കീടബാധകള്‍ക്ക് സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.
തോട്ടങ്ങളില്‍ ജലസേചനച്ചെലവ് കുത്തനെ ഉയരുകയാണ്. ഡീസല്‍, പമ്പ് സെറ്റ് ചെലവുകളും തൊഴിലാളികലുടെ കൂലിയും വര്‍ധിക്കുന്നത് കര്‍ഷകരുടെ സാമ്പത്തികഭാരം കൂട്ടുകയാണ്. അരുവികളിലും കിണറുകളിലും വെള്ളം കുറയുന്നത് ചെടികള്‍ കൃത്യമായ ഇടവേളകളില്‍ നനയ്ക്കുന്നതിനു തടസമാകുന്നുണ്ട്.
കാപ്പി ഉത്പാദനത്തില്‍ വലിയ കുറവ് ഉണ്ടാകുന്നത് പ്രാദേശിക സാമ്പദ് വ്യവസ്ഥയെ ബാധിക്കും. എന്നിരിക്കേ കൃഷി വകുപ്പിന്റെ അടിയന്തിര ഇടപെടലും സഹായവും ഉണ്ടാകണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കുന്നതിന് തോട്ടങ്ങളിലെ തണല്‍ മരങ്ങള്‍ സംരക്ഷിക്കാനും മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തുന്ന മള്‍ച്ചിംഗ് രീതികള്‍ പിന്തുടരാനും കൃഷി വിദഗ്ധര്‍ നിര്‍ദേശിക്കുന്നുണ്ട്. തുള്ളിനന പോലുള്ള ജലസേചനമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് ഗുണം ചെയ്യുമെന്നും അവര്‍ പറയുന്നു.
Tags : Nattuvishesham DistrictNews DeepikaNews