മന്ത്രി എം. ലിജു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ കണ്ടപ്പോൾ.
കായംകുളം: ദേശീയപാത 66ൽ കായംകുളത്ത് എലിവേറ്റഡ് ഹൈവേ വേണമെന്ന ആവശ്യവുമായി മന്ത്രി എം. ലിജു കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ കണ്ട് നിവേദനം നൽകി. ഇതിനാവശ്യമായ നിർദേശങ്ങൾ ദേശീയപാതാ അഥോറിറ്റിക്ക് നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നിലവിലെ ദേശീയപാതാ വികസനം യാഥാർഥ്യമാകുമ്പോൾ കായംകുളം നഗരം രണ്ടായി വിഭജിക്കപ്പെടുമെന്ന ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.
ജില്ലയിൽ ദേശീയപാത 66ന്റെ ഇരുവശങ്ങളിലും ഡ്രെയിനേജ് സംവിധാനങ്ങൾ ഒരുക്കുന്നതിനും അതുമായി ബന്ധപ്പെട്ട ഡീവിയേഷൻ റോഡുകളുടെ പുനർനിർമാണത്തിനുമായി തദ്ദേശ സ്വയംഭരണ വകുപ്പും പൊതുമരാമത്ത് വകുപ്പും ചേർന്ന് തയ്യാറാക്കിയ 122.25 കോടി രൂപയുടെ എസ്റ്റിമേറ്റും മന്ത്രി കൈമാറി.കായംകുളം ടൗണിലെ ഷഹീദാർ മസ്ജിദ് മുതൽ ടെക്സ്മോ ജംഗ്ഷൻ വരെയുള്ള എൻഎച്ച് 66ന്റെ 2.2 കിലോമീറ്റർ ഭാഗത്ത് ഉയരപ്പാത നിർമിക്കണമെന്നത് ജനങ്ങളുടെ നീണ്ടകാലത്തെ ആവശ്യമാണ്.
ദേശീയപാതയുടെ ഇരുവശങ്ങളിലുമായി പ്രധാന വാണിജ്യ സ്ഥാപനങ്ങളും പാർപ്പിട മേഖലകളും സർക്കാർ ഓഫീസുകളുമായി കായംകുളം വികസനത്തിന്റെ പാതയിലാണ്. എന്നാൽ, നിലവിൽ നിർദേശിച്ചിട്ടുള്ള, മതിൽ വഴിയുള്ള ഹൈവേ നിർമാണം നഗരത്തെ രണ്ടാക്കി വെട്ടിമുറിക്കുകയും ഇത് ജനങ്ങളുടെ യാത്രയെയും ദൈനംദിന ജീവിതത്തെയും കച്ചവട സ്ഥാപനങ്ങളെയും ബാധിക്കുകയും ചെയ്യും.
എന്നാൽ, തൂണുകളിൽ നിർമിക്കുന്ന മേൽപ്പാലം കിഴക്ക്-പടിഞ്ഞാറ് ഭാഗങ്ങൾ തമ്മിലുള്ള തടസമില്ലാത്ത ഗതാഗതം ഉറപ്പാക്കുമെന്ന് മാത്രമല്ല, കൂടുതൽ സുരക്ഷിതവും സുസ്ഥിരവുമായ പരിഹാരമുണ്ടാക്കുകയും ചെയ്യുമെന്നും മന്ത്രി ലിജു കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കൂടാതെ, മുമ്പ് സുനാമി ബാധിച്ച തീരദേശ മേഖലയാണ് കായംകുളം. ഭാവിയിൽ ഏതെങ്കിലും പ്രകൃതിദുരന്തങ്ങളോ വെള്ളപ്പൊക്കമോ അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ, തടസമില്ലാത്ത രക്ഷാപ്രവർത്തനങ്ങൾക്കും അടിയന്തര സേവനങ്ങൾക്കും വാഹനങ്ങൾ ഒഴിപ്പിക്കുന്നതിനും മേൽപ്പാലം ഏറെ സഹായകരമാകും.
ഇത് പൊതുജനസുരക്ഷയും ദുരന്തനിവാരണ ശേഷിയും വർധിപ്പിക്കും. മികച്ച വിനോദസഞ്ചാര സാധ്യതകളുള്ള ഈ പ്രദേശത്ത്, ആചാരങ്ങളുടെയും ഉത്സവങ്ങളുടെയും ഭാഗമായി ദേശീയപാത മുറിച്ചുകടന്നുള്ള പ്രദക്ഷിണങ്ങളടക്കം നടക്കാറുണ്ട്. നിലവിൽ നിർദേശിച്ചിട്ടുള്ള പരിമിതമായ അടിപ്പാതകൾ ഇത്തരം സാംസ്കാരികാഘോഷങ്ങളെയും ചരക്കുനീക്കത്തെയും ബാധിക്കും.
ഇത് ടൂറിസം വികസനത്തെ തടസപ്പെടുത്തുകയും പ്രദേശത്തിന്റെ സാമ്പത്തിക വളർച്ചയെ ബാധിക്കുകയും ചെയ്യും. മേൽപ്പാലം നിർമിക്കുന്നതിന് ഏകദേശം 250 കോടി രൂപയുടെ അധിക നിക്ഷേപം ആവശ്യമായി വരുമെങ്കിലും ഭാവിയിലേക്ക് ഉപകരിക്കുന്നതും ജനസൗഹൃദപരവുമായ ഒരു പരിഹാരമായിരിക്കും. നഗരഗതാഗതം, സുരക്ഷ, ദുരന്തനിവാരണം, സുസ്ഥിര വികസനം എന്നിവയിൽ ദീർഘകാല നേട്ടങ്ങൾ ഇതിലൂടെ ലഭിക്കും.
കായംകുളത്തെ ജനങ്ങളുടെ ന്യായമായ ആശങ്കകളും ആഗ്രഹങ്ങളും കണക്കിലെടുത്ത് 2.2 കി.മീ. ഭാഗത്ത് പൂർണമായും മേൽപ്പാലം നിർമിക്കുന്നതിനായുള്ള നിർദേശം വിശദമായി പുനഃപരിശോധിക്കണമെന്നും അത് നടപ്പിലാക്കുന്നതിനുവേണ്ട നിർദേശങ്ങൾ ദേശീയപാതാ അഥോറിറ്റിക്ക് നൽകണമെന്നും മന്ത്രി എം. ലിജു ആവശ്യപ്പെട്ടു.
Tags : Nattuvishesham DistrictNews DeepikaNews Minister M. Liju