പ്രതീകാത്മക ചിത്രം
എടക്കര: വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തി. ചട്ടലംഘനം നടത്തിയ മൂന്ന് സ്ഥാപനങ്ങൾക്ക് അധികൃതർ പിഴ ചുമത്തി. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നതായി കണ്ടെത്തിയ സ്ഥാപനങ്ങളിലാണ് സംഘം പരിശോധന നടത്തിയത്.
പരിശോധനയിൽ പത്താം വാർഡിൽ സ്ഥിതി ചെയ്യുന്ന ഉസ്താദ് ഹോട്ടൽ എന്ന സ്ഥാപനത്തിൽ മാലിന്യം അനധികൃതമായി കത്തിച്ചതും സ്ഥാപനത്തിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തിയതും കണ്ടെത്തിയതിനെത്തുടർന്ന് 10,000 പിഴ ചുമത്തി.
കൂടാതെ രണ്ട് ലോഡ്ജുകളുടെ പിൻവശത്ത് അനധികൃതമായി മാലിന്യം കൈകാര്യം ചെയ്യുകയും അലക്ഷ്യമായി മാലിന്യം നിക്ഷേപിക്കുകയും ചെയ്തതായി കണ്ടെത്തിയതിനെത്തുടർന്ന് 5,000 വീതം രണ്ട് ലോഡ്ജ് ഉടമകൾക്കും പിഴ ചുമത്തുകയും ചെയ്തു. വരുംദിനങ്ങളിൽ എൻഫോഴ്സ്മെന്റ് പരിശോധന കൂടുതൽ ശക്തമാക്കുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരേ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.