മൂവാറ്റുപുഴ പി.ഒ. ജംഗ്ഷനിലെ കോസ്മെറ്റിക് സ്ഥാപനത്തിൽ പരിശോധന നടത്തുന്ന ഡ്രഗ്സ് കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥർ.
കാക്കനാട്: ജില്ലയുടെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ കോസ്മെറ്റിക് നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു.
മൂവാറ്റുപുഴയിൽ പി.ഒ. ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ എറണാകുളം അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളരുടെ നിർദേശപ്രകാരം നടത്തിയ പരിശോധനയിൽ ഒട്ടേറെ അനധികൃത ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ബ്രാൻഡ് നെയിമോ വേണ്ടത്ര ലൈസൻസോ ഇല്ലാത്തവയാണ് പിടിച്ചെടുത്ത കോസ്മെറ്റിക് ഉത്പന്നങ്ങളിലേറെയും.
ഗുരുതരമായ ആരോഗ്യ പശ്നങ്ങൾ ഉണ്ടാക്കുന്ന സൗന്ദര്യവർധക ക്രീമുകൾ വരെ ഉണ്ടായിരുന്നു. 6,500 രൂപ വില വരുന്ന ക്രീമുകളാണ് പിടിച്ചെടുത്തത്.എറണാകുളം അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ ഡോ. അജു ജോസഫ് കുര്യന്റെ നിർദേശ പ്രകാരം നടത്തിയ പരിശോധനയിൽ എറണാകുളം അസി. ഡ്രഗ്സ് കൺട്രോളർ ഓഫീസിലെ ഡ്രഗ്സ് ഇൻസ്പെക്ടർമാരായ അഞ്ജിത ഷാജി, നിഷ വിൻസെന്റ്, ആർദ്ര ജോസ്, അക്ഷയ് മുരളി എന്നിവർ പങ്കെടുത്തു.
കസ്റ്റഡിയിലെടുത്ത കോസ്മെറ്റിക് ഉത്പന്നങ്ങളും അനുബന്ധ രേഖകളും മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മാജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതായി ഡ്രഗ്സ് കൺട്രോൾ വിഭാഗം അധികൃതർ പറഞ്ഞു.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഡോ. അജു ജോസഫ് കുര്യൻ അറിയിച്ചു.
Tags : seized from cosmetic centers nattuvishesham localnews Unauthorized products seized from cosmetic centers