പ്രതീകാത്മക ചിത്രം
കോട്ടയം: പശ്ചിമഘട്ടത്തെ സംരക്ഷിക്കാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും പരിസ്ഥിതിലോല മേഖലകള്‍ (ഇഎസ്എ) സംബന്ധിച്ച കരട് വിജ്ഞാപനം പുറപ്പെടുവിക്കാനിരിക്കെ സംസ്ഥാന സര്‍ക്കാരിന്റെ പല നിലപാടുകളും വിജ്ഞാപനങ്ങളും ജനങ്ങളെ വീണ്ടും ആശങ്കയിലാഴ്ത്തി.
വിജ്ഞാപനത്തില്‍നിന്നു ജില്ലയിലെ നാല് വില്ലേജുകളെ പൂര്‍ണമായി ഒഴിവാക്കുക എന്ന ആവശ്യമുന്നയിച്ച് മലയോരമേഖലയില്‍ കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. കേരള കോണ്‍ഗ്രസ്-എം നേതൃത്വത്തില്‍ ഇന്ന് ഈരാറ്റുപേട്ടയില്‍ കര്‍ഷക പ്രതിഷേധ സംഗമം നടത്തും.
കേരള കര്‍ഷകസംഘം 27ന് മേലുകാവ് പഞ്ചായത്ത് ഓഫീസിനു മുന്നിലും കൂട്ടിക്കല്‍, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി വില്ലേജ് ഓഫീസുകള്‍ക്കു മുന്നിലും കര്‍ഷകമാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വാഗമണില്‍ ചേര്‍ന്ന പാലാ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ യോഗവും പശ്ചിമഘട്ട ഇഎസ്എ നിയന്ത്രണത്തില്‍നിന്നു ജനവാസ കൃഷിയിടങ്ങളെ ഒഴിവാക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെടുകയുണ്ടായി.
ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കി 98 റവന്യു വില്ലേജുകളിലായി 8590.69 ചതുരശ്ര കിലോമീറ്റര്‍ മാത്രം ഉള്‍പ്പെടുത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം അംഗീകരിക്കണമെന്നും ഉപഗ്രഹ ചിത്രങ്ങളെ മാത്രം ആശ്രയിക്കാതെ ശാസ്ത്രീയമായ സ്ഥല പരിശോധനയും യഥാര്‍ഥ ഭൂവിനിയോഗവും അടിസ്ഥാനമാക്കി അതിര്‍ത്തികള്‍ പുനര്‍നിർണയിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഏഴാം കരട് വിജ്ഞാപനത്തിന് യുഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയിരിക്കുന്ന പുതിയ നിര്‍ദേശങ്ങള്‍ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ പര്യാപ്തമല്ലെന്നാണ് ആക്ഷേപം. ജില്ലയിലെ കൂട്ടിക്കല്‍, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, മേലുകാവ് എന്നീ വില്ലേജുകളിലെ 2298.73 ഹെക്ടര്‍ സ്ഥലം ഇഎസ്എ പരിധിയില്‍ വരും.
കൂടാതെ അതതുപ്രദേശത്തുനിന്ന് ഏരിയല്‍ സര്‍വേ പ്രകാരം 11 കിലോമീറ്റര്‍ ബഫര്‍സോണും ഉണ്ടാകും. വനവും ജൈവവൈവിധ്യവും പശ്ചിമഘട്ടവും സംരക്ഷിക്കപ്പെടണം. അതോടൊപ്പം പതിറ്റാണ്ടുകളായി മണ്ണില്‍ അധ്വാനിക്കുന്ന കര്‍ഷകരുടെ അവകാശങ്ങളും ജീവനോപാധികളും സംരക്ഷിക്കപ്പെടണം. ജനവാസമേഖലകളെയും തോട്ടങ്ങളെയും കൃഷി ഭൂമിയെയും പൂര്‍ണമായും ഒഴിവാക്കണമെന്ന ആവശ്യമുയര്‍ത്തിയാണ് കര്‍ഷകരുടെ പ്രക്ഷോഭം.
12 വര്‍ഷത്തിനിടെ ഇത് ഏഴാമത്തെ വിജ്ഞാപനമാണ് പുറത്തുവരുന്നത്. ഇത് നടപ്പിലായാല്‍ കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇഎസ്എ ആയി മാറും. ഇവിടെ കൃഷിയോ കെട്ടിടനിര്‍മാണമോ സാധ്യമാകില്ല. സ്വന്തം വീട് അറ്റകുറ്റപ്പണി നടത്താനാകില്ല. വസ്തു ഈടായി ബാങ്കുകള്‍ സ്വീകരിക്കില്ല.
ജില്ലയില്‍ പശ്ചിമഘട്ടത്തില്‍നിന്ന് ഏറെ അകന്നുനില്ക്കുന്ന വില്ലേജുകള്‍ ഇഎസ്എയില്‍ ഉള്‍പ്പെടുത്തിയതിലെ യുക്തി എന്തെന്നാണ് ഇവിടെയുള്ളവരുടെ ചോദ്യം. ആയിരക്കണക്കിന് കുടുംബങ്ങളുടെ ദൈനംദിന ജീവിതംതന്നെ താറുമാറാകുന്ന അവസ്ഥയാണ്.
ഏഴാം കരട് വിജ്ഞാപനത്തിന് കേന്ദ്രത്തിന് നല്‍കിയിരിക്കുന്ന പുതിയ നിര്‍ദേശങ്ങള്‍ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് പര്യാപ്തമല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. പുതിയ വിജ്ഞാപനത്തെക്കുറിച്ച് പരാതികള്‍ നിരവധിയാണ്.
ഫീല്‍ഡ്തല പരിശോധനകളോ, ശാസ്ത്രീയ ഭൂപട നിര്‍ണയമോ നടത്താതെ, ജനവാസ മേഖലകളെയും ഇഎസ്എയില്‍ ഉള്‍പ്പെടുത്താനാണ് ആദ്യം അനുമതി നല്‍കിയത്. പിന്നീട് വന്ന സര്‍ക്കാര്‍ ജില്ലയിലെ വില്ലേജുകളെ ഒഴിവാക്കിയുള്ള ശിപാര്‍ശയാണ് സമര്‍പ്പിച്ചത്. പരമാവധി ജനങ്ങളെ ദോഷകരമായി ബാധിക്കാതിരിക്കാനുള്ള നടപടികള്‍ അന്ന് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇത്തവണ വേണ്ടത്ര നിശ്ചയദാര്ഢ്യമില്ലാതെയാണ് ശിപാര്‍ശകൾ സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നത്..
Tags :