കുമിളി - മൂന്നാർ സംസ്ഥാന പാതയിൽ കടപുഴകിവീണ മരം മുറിച്ചുമാറ്റുന്നു.
കട്ടപ്പന: മരം വീണ് കുമിളി - മൂന്നാർ സംസ്ഥാന പാതയിൽ അഞ്ചു മണിക്കൂർ ഗതാഗതം മുടങ്ങി.കത്തമഴയും കാറ്റുംമൂലം ഏലത്തോട്ടത്തിൽനിന്നിരുന്ന കുറ്റൻ മരം കടപുഴകി റോഡിലേക്ക് വീഴുകയായിരുന്നു. ഏറെ തിരക്കുള്ള റോഡിൽ ഈ സമയം വാഹനങ്ങൾ ഒന്നും കടന്നു വരാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. അകലെനിന്ന് മരം വീഴുന്നത് ശ്രദ്ധിച്ച ഒരു കാർ അപകടത്തിൽനിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ആറോടെ പുലിയൻമലയ്ക്കും - ആമയാറിനും ഇടയിൽ കാർമേലിയ ജംഗ്ഷനു സമീപമാണ് സംഭവമുണ്ടായത്.
മരം സമീപത്തുനിന്നിരുന്ന വൈദ്യുതി പോസ്റ്റിലേക്കും 11 കെവി ലൈനിലേക്കും വീണതോടെ പ്രദേശത്തെ വൈദ്യുതി ബന്ധവും തകരാറിലായി. ഫയർ ഫോഴ്സും വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മരം മുറിച്ചു നീക്കിയെങ്കിലും ഇരുമ്പ് വൈദ്യുതി പോസ്റ്റ് മുറിച്ചു നീക്കാൻ ഏറെ സമയമെടുത്തു. പൊട്ടിപ്പോയ വൈദ്യുതി ലൈനും പോസ്റ്റും മുറിച്ചു നീക്കി അഞ്ചു മണിക്കൂറിനു ശേഷമാണ് വാഹന ഗതാഗതം പുനഃസ്ഥാപിക്കാനായത്. ഇതേത്തുടർന്ന് എറണാകുളം, അടിമാലി, തൊടുപുഴ, കോട്ടയം, മൂന്നാർ, തേനി, കുമളി, കട്ടപ്പന മേഖല കളിലേക്ക് പോകേണ്ട യാത്രക്കാർ ഏറെ വൈകി സാമാന്തര വഴികളിലൂടെയാണ് യാത്ര ചെയ്തത്.
Tags : NattuVishasham DistrictNews