കാളിമാൻച്ചള്ളയിൽ തരിശിട്ടിരിക്കുന്ന രാമദാസിന്റെ കൃഷിഭൂമി.
വണ്ടിത്താവളം: പെരുമാട്ടിയിൽ ജലക്ഷാമം കാരണം 500 ഏക്കർ കൃഷിഭൂമി കൂട്ടത്തോടെ തരിശിട്ട് കർഷകർ. കാളിമാൻച്ചള്ള, തണ്ണിക്കുണ്ട്, സമ്പ്രത്ത്ച്ചള്ള, അഞ്ചുവെള്ളക്കാട്, വെങ്കലക്കയം ഉൾപ്പെടെ സ്ഥലങ്ങളിലാണ് വ്യാപകമായി തരിശുഭൂമി കാണപ്പെടുന്നത്.
ടി. രാമദാസ്, വി. ശിവരാമൻ, എ. മണി, വി. നാരായണൻ, കെ. കിഷോർ, ബാലൻ, സി. വേലുമണി, അപ്പു, സരസ്വതി, കല്യാണി ഉൾപ്പെടെ നിരവധി കർഷകരാണ് ഉപജീവനമായ മാർഗമായ നെൽകൃഷി ഒഴിവാക്കിയത്. പാരമ്പര്യമായി നെൽകൃഷി മാത്രമാണ് നടത്തിവന്നത്.
മുൻപ് കൃഷിയാവശ്യ ത്തിനു വാങ്ങിയ വായ്പപോലും തിരിച്ചടയ്ക്കാനാവാതെ പലകർഷകരും കടക്കെണിയിലാണ്. മഴയും, കനാൽ വെള്ളവും ലഭിക്കാത്തതിനാലാണ് ഞാറുപാകാനാവാതെ ഇവർക്ക് കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായത്. നിലവിൽ വെങ്കലക്കയം ചെക്ക്ഡാമിൽ വെള്ളമിലാതെ വരൾച്ചയിലാണ്.
കാലവർഷസമയത്തുള്ള ഒന്നാംവിള തന്നെയിറക്കാൻ കഴിയാത്തതിനാൽ കനാൽവെള്ളത്തിൽമാത്രം കൃഷിയിറക്കുന്ന രണ്ടാംവിളയിലും പ്രതീക്ഷയില്ലെന്നാണ് കർഷകർ പറയുന്നത്. കൃഷിയിറക്കാൻ കൃഷിവകുപ്പിന്റെ ധനസഹായം ലഭ്യമാക്കണമെന്ന ആവശ്യമാണ് കർഷകർ ഉന്നയിക്കുന്നത്.
ഇതുസംബന്ധിച്ച് നിവേദനംനൽകാൻ കർഷകർ ഒപ്പുശേഖരണവും തുടങ്ങിയിട്ടുണ്ട്.
Tags : NattuVishesham DistrictNews