കല്‍പ്പറ്റ: പടിഞ്ഞാറത്തറ-പൂഴത്തോട് ചുരം ബദല്‍ പാത യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യവുമായി ദീര്‍ഘകാലമായി സമരമുഖത്തുള്ള ജനകീയ കര്‍മ സമിതിയുമായി കര്‍ഷക മഹാപഞ്ചായത്ത് കൈ കോര്‍ക്കുന്നു. യോജിച്ച പ്രവര്‍ത്തനത്തിന്റെ ഭാഗമായി കര്‍ഷക പഞ്ചായത്തും ജനകീയ കര്‍മ സമിതിയും സംസ്ഥാനതല കാമ്പയിന് നടത്തും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതില്‍ 111 കര്‍ഷക-ജനകീയ സംഘടനകളുടെ ഐക്യവേദിയാണ് കര്‍ഷക മഹാപഞ്ചായത്ത്. "സുരക്ഷിതമാണ് വയനാട്, അനിവാര്യമാണ് പൂഴിത്തോട്-പടിഞ്ഞാറത്തറ ചുരമില്ലാ എമര്‍ജന്‍സി എക്സിറ്റ് റോഡ്' എന്ന പേരിലാണ് കാമ്പയിന്. ഇതിന്റെ ഉദ്ഘാടനം ഓഗസ്റ്റ് ഒന്നിന് വൈകുന്നേരം അഞ്ചിന് പടിഞ്ഞാറത്തറ ബസ്സ്റ്റാന്‍ഡ് പരിസരത്ത് കൃഷി മന്ത്രി ടി. സിദ്ദിഖ് നിര്‍വഹിക്കുമെന്ന് ജനകീയ കര്‍മ സമിതി പ്രതിനിധികളായ ശകുന്തള ഷണ്മുഖന്, വി. പ്രകാശ്കുമാര്, യു.സി. ഹുസൈന്, അസീസ് കളത്തില്‍, പി.കെ. ബെന്നി കുറുമണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സേവ് വെസ്റ്റേണ്‍ ഗാട്ട്സ് പീപ്പിള്‍സ് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ദേശീയ ജനപക്ഷ പരിസ്ഥിതി ഗവേഷണ പദ്ധതിയുടെ 24-ാമത് പഠന റിപ്പോര്‍ട്ട്(സുരക്ഷിത വയനാട്: വേണം ചുരം രഹിത പടിഞ്ഞാറത്തറ-പൂഴിത്തോട് അതിവേഗപാത) പ്രകാശനം മന്ത്രി നിര്‍വഹിക്കും. എംഎല്‍എമാരായ അഡ്വ. ഫാത്തിമ തെഹ്ലിയ (പേരാമ്പ്ര), ഉഷ വിജയന് (മാനന്തവാടി), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ, മാനന്തവാടി മുനിസിപ്പല്‍ ചെയര്മാന് ജേക്കബ് സെബാസ്റ്റ്യന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. അസ്മ (പടിഞ്ഞാറത്തറ), ഗിരിജ സുധാകരന് (എടവക), സൂസി ബാബു (തരിയോട്), കമര്‍ ലൈല (വെള്ളമുണ്ട), ജാസിര്‍ പാലക്കല്‍ (വെങ്ങപ്പള്ളി), സി.സി. രജിത(കോട്ടത്തറ), കര്‍ഷക മഹാപഞ്ചായത്ത് ചെയര്മാന് ജയിംസ് വടക്കന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
1994ല്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന് ഉദ്ഘാടനം ചെയ്ത പടിഞ്ഞാറത്ത-പൂഴിത്തോട് റോഡ് നിര്‍മാണം 32 വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാകാത്തതിന് കാരണം വനം വകുപ്പിലെ ചില ഉന്നതരുടെ കടുംപിടിത്തമാണെന്ന് ജനകീയ കര്‍മ സമിതി പ്രതിനിധികള്‍ പറഞ്ഞു. വയനാടിനെ പുറംലോകവുമായും തിരിച്ചും ബന്ധപ്പിക്കുന്നതില്‍ പ്രധാനപ്പെട്ടതായ താമരശേരി ചുരം പാതയില്‍ ഗതാഗതക്കുരുക്ക് തുടര്‍ക്കഥയാണ്. ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത പദ്ധതിയില്‍ കള്ളാടി മണിടിച്ചിലിനെത്തുടര്ന്ന രൂപപ്പെട്ട അനിശ്ചിതത്വം നീങ്ങിയാല്‍ത്തന്നെ പ്രവൃത്തി പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങളെടുക്കും. എന്നിരിക്കേ പൂഴിത്തോട് ബദല്‍പാത അനിവാര്യതയാണ്. എന്നാല്‍ ഇതിലേക്ക് കണ്ണ് തുറന്നുപിടിക്കുന്നതിലെ വിമുഖത ഉത്തരവാദപ്പെട്ടവര്‍ തുടരുകയാണ്. റോഡ് പദ്ധതിക്ക് ഉപയോഗപ്പെടുത്തേണ്ട 10 കിലോമീറ്റര്‍ വനപ്രദേശം റിസര്‍വ് ചെയ്ത നിബിഡ വനമല്ലെന്ന വസ്തുത അംഗീകരിക്കാനും അതനുസരിച്ച് റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനും വനം വകുപ്പില്‍ സമ്മര്‍ദം ഉണ്ടാകുന്നില്ല.
1971ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിംഗ് ആന്‍ഡ് അസൈന്മെന്റ്) ആക്ട് പ്രകാരം വനമായി മാറിയ കൃഷി, എസ്റ്റേറ്റ് ഭൂമികളെയാണ് വനം വകുപ്പ് നിബിഡവനമായി തെറ്റായി ചിത്രീകരിച്ച് റോഡ് പദ്ധതിക്ക് എതിരേ നില്‍ക്കുന്നത്. വനം വകുപ്പ് വസ്തുതകള്‍ക്ക് നിരക്കുന്ന റിപ്പോര്‍്ട്ട് തയാറാക്കിയാല്‍ റോഡ് പ്രവൃത്തിക്ക് കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിലെ തടസം നീങ്ങും. നിബിഡവനമെന്ന് വനം വകുപ്പ് അവകാശപ്പെടുന്ന ഭൂപ്രദേശത്ത് ഒരു വന്മരം പോലും ഇല്ലെന്ന് നേരത്തേ സംയുക്ത സ്ഥലപരിശോധനയില്‍ വ്യക്തമായതാണെന്നും കര്‍മസമിതി പ്രതിനിധികള്‍ പറഞ്ഞു.
Tags : Nattuvishesham Districtnews Janakeeya Karma