ഐസ്ക്രീം
കൊല്ലം: വിവാഹ ശേഷമുള്ള സത്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് ഐസ്ക്രീം നല്‍കാത്തതിന്റെ പേരില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ കുഴഞ്ഞു വീണ വധുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി 8.30ന് പള്ളിമുക്ക് ഇരവിപുരം റോഡിലുള്ള ഒരു ഒാഡിറ്റോറിയത്തിലായിരുന്നു സംഭവം.
സത്കാരം നടക്കുന്നതിനിടയിലാണ് ഐസ് ക്രീം ചോദിച്ചെത്തിയവര്‍ക്ക് കൂടുതല്‍ ഐസ്ക്രീം നല്‍കിയില്ലെന്നതിന്റെ പേരില്‍ ഒരു സംഘം ഐസ് ക്രീം എടുത്തു കൊണ്ടു പോകാന്‍ ശ്രമിച്ചു.
ഇതാണ് സംഘര്‍ഷാവസ്ഥയ്ക്കും തമ്മില്‍ത്തല്ലിലും കലാശിച്ചതെന്ന് പറയുന്നു. വരന്റെ വീട്ടുകാര്‍ ഒരുക്കിയ സത്കാര ചടങ്ങിനിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഒരു സംഘം ആളുകള്‍ ഐസ്ക്രീം ആവശ്യപ്പെടുകയും ലഭ്യമല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അവരിലൊരാള്‍ ഐസ്ക്രീം കൂട്ടത്തോടെ എടുത്തു കൊണ്ടുപോകാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനെ വധുവിന്റെയും വരന്റെയും വീട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങള്‍ വഷളായത്.
സംഘര്‍ഷത്തിനിടെ ഏതാനും പേര്‍ക്ക് നിസാര പരിക്കേറ്റു. പള്ളിമുക്ക് ഇരവിപുരം റോഡില്‍ ഏറെ നേരം ഗതാഗതം തടസപ്പെടുകയും ചെയ്തു. എന്നാല്‍ യുവാക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നും ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും ഇരവിപുരം പോലീസ് പറഞ്ഞു.
Tags : Nattuvishesham LocalNews wedding