വൈപ്പിൻ: ഒരു വിഭാഗം ബോട്ടുകളുടെ തീരത്തോടു ചേർന്നുള്ള കര വലിയും, ചെറിയ മത്തിക്ക് വേണ്ടിയുള്ള രാത്രികാല മത്സ്യബന്ധനവും തടയാൻ ഉദ്യോഗസ്ഥർ നടപടിയെടുക്കാത്ത സാഹചര്യത്തിൽ സ്വന്തംനിലയ്ക്ക് തടയാൻ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. ഇതിനായി പരമ്പരാഗത മേഖലയിൽ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികളെ സംഘടിപ്പിച്ച് കേരളസേന എന്ന ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്ന് കേരള പരമ്പാരഗത മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി പി.വി. ജയൻ അറിയിച്ചു.
ഈ മാസം തന്നെ യോഗം വിളിച്ചുകൂട്ടാനാണ് നീക്കം. അനധികൃത മത്സ്യബന്ധനം കണ്ടാൽ പിടികൂടി ഫിഷറീസ് ഡിപ്പാർട്ടുമെന്റിനെ ഏൽപ്പിക്കുകയാണ് സേനയുടെ ദൗത്യം. ഫിഷറീസ് ഡിപ്പാർട്ടുമെന്റിനു സ്പീഡ് ബോട്ടുകൾ ഇല്ലാത്തതും ഉദ്യോഗസ്ഥരുടെ എണ്ണത്തിലെ കുറവും രാത്രികാലങ്ങളിൽ ഡ്യൂട്ടിക്ക് ആളില്ലാത്തതും നിയമങ്ങളിലെ അപാകതയും കൂടി പരിഗണിച്ചാണ് മത്സ്യത്തൊഴിലാളികൾ സേന രൂപീകരിക്കുന്നത്.
സംസ്ഥാന പരിധിയിൽ നീട്ടുവഞ്ചികൾ ഒഴികെയുള്ളവയുട രാത്രികാല മത്സ്യബന്ധനത്തിന് സമ്പൂർണ നിരോധനം കൊണ്ടുവരണമെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആവശ്യം. ചെറിയ മത്തി പിടികൂടുന്നതിനായി രാത്രിയിൽ ‘ബാഹുബലി’ എന്ന ഓമനപ്പേരിൽ വിളിക്കുന്ന ഒരുതരം വലകളുമായാണ് ബോട്ടുകൾ അധികൃത മത്സ്യബന്ധനത്തിന് ഇറങ്ങുന്നത്. ലൈറ്റുകൾ ഒന്നും തന്നെ ഇടാതെ എത്തുന്ന ഈ ബോട്ടുകളാകട്ടെ രാത്രിയിൽ നീട്ടുവഞ്ചികളുടെ വലകളിൽ കയറുന്നതും വഞ്ചികളുടെയും ആങ്കർ ചെയ്തിരിക്കുന്ന ചെറിയ ബോട്ടുകളുടെയും മേൽ വന്നിടിക്കുന്നതും പതിവായിരിക്കുകയാണ്.
ഇത് സംബന്ധിച്ച് കോസ്റ്റൽ പോലീസിലും ഫിഷറീസ് ഡിപ്പാർട്ടുമെന്റിലും നിരവധി പരാതികൾ ഉണ്ടെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികൾ അറിയിച്ചു.
Tags : nattu vishesham Fishermen's Task