എം സി റോഡിൽ തിരുമൂലപുരത്തിനും കുറ്റൂരിനുമിടയിൽ വെള്ളം കയറിയപ്പോൾ.
തിരുവല്ല: കിഴക്കൻ മലയോരങ്ങളിൽ ഉണ്ടായ ശക്തമായ മഴ മൂലം പമ്പ, മണിമല നദികൾ കരകവിഞ്ഞതിനേത്തുടർന്ന് ശനിയാഴ്ച രാത്രി മുതൽ തിരുവല്ല താലൂക്കിന്റെ ഒട്ടുമിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിലായി. 2018 ലെ ജലപ്രളയത്തിനു സമാനമായ രീതിയിലാണ് ഒറ്റ രാത്രി കൊണ്ട് കയറിയത്.
കിഴക്കൻ വെള്ളം എത്തുമെന്ന് അറിയിപ്പ് ലഭിച്ചതിനാൽ നദികളുടെ ഇരുകരകളിലുമുള്ള താമസക്കാർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുകയും ഭവനങ്ങളിലെ സാധന സാമിഗ്രികൾ സുരക്ഷിത സ്ഥലങ്ങിലേക്ക് സൂക്ഷിച്ചു വയ്ക്കാൻ കഴിഞ്ഞതുമൂലം ആളപായമോ കൂടുതൽ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. വെള്ളം കയറിയതിനേത്തുടർന്ന് തിരുവല്ല - അമ്പലപ്പുഴ സംസ്ഥാനപാതയിൽ ഗതാഗതം നിലച്ചു. നെടുംപുറം പടാരത്തിൽപടിമുതൽ എൻസി ജംഗ്ഷൻ വരെ ഉള്ള ഒന്നര കിലോമീറ്റർ ദൂരത്തിൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനേത്തുടർന്നാണ് ഗതാഗതം നിലച്ചത്.
ഇന്നലെ പുലർച്ചെ ഒന്നോടെയാണ് പമ്പ, മണിമല നദികൾ ചേർന്ന് ഒഴുകുന്ന നദിയിൽ നിന്നും റോഡിലേക്ക് വെള്ളം ഇരച്ചെത്തിയത്. റോഡ് വക്കിലെ നിരവധി വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കെഎസ്ആർടിസി അടക്കമുള്ളവയുടെ സർവീസ് നിലച്ചു. കഴിഞ്ഞ ഏതാനും വർഷമായി പതിവായി വെള്ളം കയറുന്ന ഭാഗമാണ് ഇത്.
എംസി റോഡിൽ തിരുമൂലപുരത്തിനും കുറ്റൂരിനുമിടയിൽ റോഡിൽ രണ്ട് അടിയോളം ഉയരത്തിൽ വെള്ളം കയറിയതിനേ തുടർന്ന് ഇതുവഴി വാഹന ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. റോഡിൽ വാഹനങ്ങളുടെ നീണ്ട നിര പലപ്പോഴും ഉണ്ടായി. പോലീസും നാട്ടുകാരും ചേർന്ന് വാഹന ഗതാഗതത്തിന് സൗകര്യം ഒരുക്കി.
തിരുവല്ല - കുമ്പഴ റോഡിൽ നെല്ലാട് ജംഗ്ഷനിൽ വെള്ളം കയറിയെങ്കിലും ഗതാഗത തടസം ഉണ്ടായില്ല. ടികെ റോഡിൽ മാരാമൺ ഭാഗത്ത് വെള്ളക്കെട്ട് തുടരുകയാണ്. കൂറ്റൂർ - തെങ്ങേലി റോഡ്, ആറാട്ടുകടവ് -തിരുവൻവണ്ടൂർ റോഡ്, ഓതറ - മംഗലം റോഡ് താലൂക്കിലെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ ഒട്ടുമിക്ക പ്രധാന റോഡുകളും വെള്ളത്തിനടിയിൽ ആയതോടെ ഗതാഗതം നിലച്ചിരിക്കുകയാണ്. റെയിൽവേയുടെ അടിപ്പാതകളായ ഇരുവള്ളിപ്ര, കുറ്റൂർ എന്നിവിടങ്ങളിൽ വെള്ളം കയറി ക്കിടക്കുന്നതുമൂലം കറ്റോട് തിരുമൂലപുരം റോഡിലും കൂറ്റൂർ വള്ളംകുളം റോഡിലും ഗതാഗതം പൂർണമായും തടസപ്പെട്ടു.
നൂറുകണക്കിന് കുടുംബങ്ങളാണ് താലൂക്കിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ജനങ്ങൾ ഒഴിഞ്ഞുപോയ പല വീടുകളിലും വെള്ളം കയറിക്കിടക്കുകയാണ്. കൂടാതെ വെള്ളം പറമ്പുകളിൽ കയറിക്കിടക്കുന്നതുമൂലും നാണ്യവിളകൾ ഏറെയും നശിച്ചു.വെള്ളം ഇറങ്ങിയാലേ നഷ്ടങ്ങളുടെ കണക്ക് എടുക്കാൻ കഴുകയുള്ളു.
വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കായി തഹസിൽദാർ ജോബിൻ കെ.ജോർജിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു വേണ്ട ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
ത്രിതല പഞ്ചായത്ത് ഭാരവാഹികൾ , വിവിധ രാഷ്ട്രീട്രീയ സന്നദ്ധ സംഘടനകൾ, ഭക്തസംഘടനകൾ, വ്യാപാരി വ്യവസായി സംഘടനകൾ എന്നീവർ നേതൃത്വത്തിൽ വീടുകളിൽ നിന്നും ജനങ്ങളെ വിവിധ ക്യാമ്പുകളിലേക്ക് എത്തിക്കാനും ഭക്ഷണം എത്തിച്ചുകൊടുക്കാനും സജീവമായി രംഗത്തുണ്ട്.
Tags : NattuVishasham DistrictNews