കോഴഞ്ചേരി: പമ്പാനദിയിലെ ജലനിരപ്പ് ഒരടി താഴ്ന്നെങ്കിലും തോടുകളിലെയും വയലുകളിലൂടെയുമുള്ള ജലപ്രവാഹത്തിന് കുറവ് ഇല്ലാത്തതിനാല്‍ ഉള്‍പ്രദേശങ്ങളില്‍ ഇന്നലെയാണ് വെള്ളം കയറിയത്. പമ്പാനദിയുടെ തീരത്തുള്ള എല്ലാ പഞ്ചായത്തുകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. കോയിപ്രം പഞ്ചായത്തിലെ എട്ട് ക്യാമ്പുകളിലായി 250 ആളുകളെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്. നാല്പതിലേറെ വീടുകളിലുള്ളവര്‍ക്ക് പുറത്തിറങ്ങാനാകാത്ത രീതിയില്‍ മുറ്റത്തും റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. സന്നദ്ധ സംഘടനകള്‍ പൊതിച്ചോറും മറ്റു സഹായങ്ങളും നല്‍കുന്നുണ്ട്.
കോഴഞ്ചേരി പഞ്ചായത്തില്‍ മൂന്ന് ക്യാമ്പുകളിലായി 110 പേരാണുള്ളത്. തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ ചിറയിറമ്പിലുള്ള ഏക ക്യാമ്പില്‍ നൂറിലേറെ പേര് താമസിക്കുന്നുണ്ട്. അയിരൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒരു ക്യാമ്പ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. 10 കുടുംബങ്ങളാണ് ഇവിടെയുള്ളത്. അയിരൂര്‍ പഞ്ചായത്തിലെ ഒന്നിലധികം വീടുകളിലെ കിണറുകള്‍ നിറഞ്ഞുകവിഞ്ഞ സ്ഥിതിയാണുള്ളത്.
ചെളിയും മറ്റുമുള്ളതിനാല്‍ കിണര്‍ ശുദ്ധീകരിക്കുന്നതുവരെ പഞ്ചായത്ത് കമ്മിറ്റി ഇത്തരം വീടുകളില്‍ ഓരോ കെയ്സ് കുടിവെള്ളമാണ് ദിനംപ്രതി നല്‍കുന്നതെന്ന് പ്രസിഡന്റ് സുരേഷ് കുഴിവേലി പറഞ്ഞു. അയിരൂര്‍ പഞ്ചായത്തിലെ പമ്പ് ഹൗസും ചെളിയും മറ്റും നിറഞ്ഞിരിക്കുകയാണ്. അതിനാല്‍ അഗ്നിശമന സേനയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പ്ലാന്റ് വൃത്തിയാക്കിയതിനു ശേഷം മാത്രമേ കുടിവെള്ളവിതരണം നടത്തുകയുള്ളൂവെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
സിവില്‍ സപ്ലൈസ് കോര്‍പറേഷനുകളില്‍ നിന്നും ക്യാമ്പുകളിലേക്ക് അരിയും പലവ്യഞ്ജന സാധനങ്ങളും എത്തിക്കുന്നുണ്ടെന്ന് റവന്യു അധികൃതര്‍ പറഞ്ഞു. ഹോര്‍ട്ടി കോര്പ്പറേഷന് വഴി പച്ചക്കറികള്‍ എത്തിക്കുമെന്ന് അധികൃതര്‍ പറഞ്ഞുവെങ്കിലും അത് പലയിടത്തും എത്തിയിട്ടില്ല. പല ക്യാമ്പുകളിലും പാചക വാതകത്തിന്റെ ഇല്ലായ്മ ആഹാരം പാകം ചെയ്യുന്നതിനു ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്നാല്‍ സന്നദ്ധ സംഘടനകള്‍ പ്ച്ചക്കറിയും മറ്റും ക്യാമ്പുകളില്‍ എത്തിക്കുന്നുണ്ട്.
അതിഥി തൊഴിലാളികള്‍ ക്യാമ്പുകളില്‍ കൂടുതല്‍ ഉള്ളതിനാല്‍ നാട്ടുകാര്‍ ക്യാമ്പുകളിലേക്ക് മാറാന്‍ പല സ്ഥലത്തും വിസമ്മതിക്കുകയാണ്. ഇതും അധികൃതരെ വലയ്ക്കുന്നുണ്ട്. അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേകം ക്യാമ്പാണ് ആരംഭിക്കേണ്ടിയിരുന്നതെന്നും നാട്ടുകാര്‍ പറുന്നു. കോയിപ്രം , നെല്ലിക്കല്‍ പ്രദേശങ്ങളിലെ വീടുകള്‍ വെള്ളത്തിലായതിനാല്‍ പശുക്കളെയും മറ്റും റോഡുകളിലാണ് കെട്ടിയിരിക്കുന്ന്. ഇവര്‍ക്കാവശ്യമായ ആഹാര സാധനങ്ങള്‍ ലഭിക്കുന്നില്ല.
കോയിപ്രം പഞ്ചായത്തിലെ തുഴച്ചില്‍ക്കാരാണ് വെള്ളം കയറിയ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. കോയിപ്രം ഗ്രാമപഞ്ചായത്തില്‍ വെള്ളംകയറുമ്പോള്‍ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ വേണ്ടി കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റി ഫൈബര്‍ വള്ളം വാങ്ങിയിരുന്നു. എന്നാല്‍ ശനിയാഴ്ച ഉണ്ടായ കടുത്ത മഴയിലും വെള്ളപ്പൊക്കത്തിലും ആളുകളെ മാറ്റാന്‍ ഫൈബര്‍ വള്ളം ഉപയോഗിക്കാതിരുന്നത് പ്രാദേശികമായി വലിയ പ്രതിഷേധത്തിന് കാരണമായതിനെത്തുടര്‍ന്ന് ഇന്നലെ ഫൈബര്‍ വള്ളം പഞ്ചായത്ത് അധികൃതര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നല്‍കുകയായിരുന്നു. ഒരു സ്വകാര്യ വ്യക്തിയുടെ വീടിന്റെ മുറ്റത്ത് ഒരു സംരക്ഷണവും ഇല്ലാതെയാണ് ഫൈബര്‍ വള്ളം സൂക്ഷിക്കുന്നതെന്നും പ്രദേശവാസികള്‍ കുറ്റപ്പെടുത്തി.
പുല്ലാട്
വെള്ളം കയിയ സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചതില്‍ പ്രതിഷേധം. കോയിപ്രം പഞ്ചായത്തിലെ കോയിപ്രം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ക്യാമ്പ് തുറന്നതാണ് പ്രതിഷേധത്തിനിടയാക്കിയിട്ടുള്ളത്. സ്കൂളും പരിസരവും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്. അതിഥി തൊഴിലാളികളാണ് ഏറെ ക്യമ്പിലുള്ളത്. മറ്റാരും അവിടെ താമസിക്കുന്നില്ല. സ്കൂളും പരിസരവും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുകയാണ്.
വെണ്ണിക്കുളം, കോമളംഭാഗത്തും വെള്ളം കയറി
ശനിയാഴ്ച രാത്രി മണിമലയാറ്റിലെ ജലനിരപ്പുയര്‍ന്നതിനാല്‍ പുറമറ്റം പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ കോമളം ഭാഗത്ത് പത്തു വീട്ടിൽ വെള്ളം കയറി. വെണ്ണിക്കുളം പോളിടെക്നിക്, സെന്റർ, സെന്റ് ബെഹ്നാന്സ് സ്കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നിരിക്കുന്നത്. പുറമറ്റം പഞ്ചായത്തിലെ ഇടത്തറ കോളനിയിലും വെള്ളം കയറിയിട്ടുണ്ട്.
ആറന്മുള പഞ്ചായത്തില്‍ ആറ് ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. ആറന്മുള സത്രകടവിലും ആറന്മുള-പന്തളം റോഡില്‍ എൻജിനിയറിംഗ് കോളജിനും സമീപമുള്ള വീടുകളിലും വെള്ളം കയറിയതിനാല്‍ പലരെയും ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. ബോട്ടുകളിലാണ് ആളുകളെ മാറ്റുന്നത്. ആറന്മുള -കട്ടിരിക്കല് ഭാഗത്തും വെള്ളം കയറിയിട്ടുണ്ട്. ആറന്മുള നിയോജക മണ്ഡലത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലെല്ലാം തന്നെ അബിന്‍ വര്‍ക്കി എംഎല്‍എ സന്ദര്‍ശനം നടത്തിയിരുന്നു.
വ്യാപകമായ കൃഷി നാശമാണ് ഉണ്ടായിട്ടുള്ളത്. കോഴഞ്ചേരി പ്രദേശത്തിലെ കാര്ഷികവൃത്തിയേറെയുള്ള മേലുകരയിലാണ് കൂടുതല്‍ നഷ്ടമുണ്ടായിരിക്കുന്നത്. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം അജയ് ഗോപിനാഥിന്റെ ഓണത്തിന് വില്ക്കാന് പാകമായ ഇരുനൂറോളം വാഴകളാണ് വെള്ളപ്പൊക്കത്തില്‍ നശിച്ചത്. ഇതിനോടൊപ്പം പല ചെറുകിട കര്‍ഷകരുടെയും കൃഷിയിടങ്ങളും വെള്ളപ്പൊക്കത്തില്‍ നശിച്ചു.
Tags : NattuVishasham DistrictNews