കൊച്ചി: പോര്‍ച്ചുഗീസുകാരുടെ ആയുധശേഖരത്തില്‍നിന്ന് ഡച്ചുകാരുടെ സൈനികകേന്ദ്രത്തിലേക്കും ബ്രിട്ടീഷുകാരുടെ പരേഡ് ഗ്രൗണ്ടിലേക്കും ചരിത്രം നീണ്ടുപോയ മണ്ണ്. ഒടുവില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ യൂണിയന് ജാക്ക് താഴ്ന്ന് സ്വതന്ത്ര ഇന്ത്യയുടെ ത്രിവര്‍ണം ഉയര്‍ന്ന ചരിത്രനിമിഷത്തിനും സാക്ഷിയായ ഇടം.
നാല് ഭരണകൂടങ്ങളുടെ അധികാരമാറ്റങ്ങള്ക്കു മൂകസാക്ഷിയായ ഫോര്‍ട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിന് ഇന്ത്യന്‍ സ്വാതന്ത്ര്യചരിത്രത്തിലും കൊച്ചിയുടെ പൈതൃകചരിത്രത്തിലും നിര്‍ണായക സ്ഥാനമാണുള്ളത്. ഇന്ന് വിവിധ കായിക മത്സരങ്ങളുടെ വേദിയായി കൊച്ചിക്കാര്‍ക്ക് പരിചിതമായ നാലേക്കറോളം വരുന്ന ഈ മൈതാനത്തിന് പിന്നില്‍ നൂറ്റാണ്ടുകള്‍ നീളുന്ന ചരിത്രമുണ്ട്.
ഫോര്‍ട്ടുകൊച്ചിയില്‍ പോര്‍ച്ചുഗീസ് ആധിപത്യം നിലനിന്നിരുന്ന കാലത്ത് ആയുധങ്ങളും സൈനിക സാമഗ്രികളും സൂക്ഷിക്കുന്നതിനുള്ള പ്രദേശമായാണ് മൈതാനം ഉപയോഗിച്ചിരുന്നത്. പിന്നീട് ഡച്ചുകാര്‍ കൊച്ചിയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ പ്രദേശം അവരുടെ സൈനിക സംവിധാനത്തിന്റെ ഭാഗമായി.
ബ്രിട്ടീഷുകാര്‍ അധികാരം സ്ഥാപിച്ചതോടെ സൈനിക പരിശീലനത്തിനും സൈനികരുടെ പരേഡുകള്‍ക്കും വിവിധ ഔദ്യോഗിക ചടങ്ങുകള്‍ക്കുമുള്ള പ്രധാന വേദിയായി ഇത് മാറി. ഇന്ന് ഇന്ത്യന്‍ നേവിയുടെ അധീനതയിലുള്ള ബ്രിട്ടീഷ് ആംഡ് ഫോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടും ഇവിടെയായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്താണ് മൈതാനത്തിന് പരേഡ് ഗ്രൗണ്ട് എന്ന പേര് കൂടുതല്‍ പ്രചാരത്തിലായത്.
പരേഡ് ഗ്രൗണ്ടിന് ബറാക്ക മൈതാനം അഥവാ ബാരക്ക് ഗ്രൗണ്ട് എന്ന പേരും ഉണ്ടായിരുന്നതായി രേഖകളില്‍ കാണാം. സൈനിക സംവിധാനങ്ങളുമായി ബന്ധപ്പെട്ട കെട്ടിടങ്ങളും പ്രതിരോധ സംവിധാനങ്ങളും മൈതാനത്തിന് ചുറ്റുമായി നിലനിന്നിരുന്നു. ചരിത്ര മൈതാനത്തിന് ഒരു വശത്ത് ഇന്ത്യയിലെ ആദ്യകാല യൂറോപ്യന്‍ പള്ളികളിലൊന്നായ സെന്റ് ഫ്രാന്‍സിസ് പള്ളി, മറുവശത്ത് ഡച്ച് - ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വോക് ചിഹ്നം പതിഞ്ഞ വോക് ഗേറ്റ്. 1749ല്‍ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി വോക് ഗേറ്റ് നിര്‍മിച്ചതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്രമായപ്പോള്‍ അന്നത്തെ മുനിസിപ്പല്‍ കൗണ്‍സിലറായിരുന്ന ജെ.ജെ ഹര്‍ഷലാണ് ഇവിടെ ത്രിവര്‍ണ പതാക ഉയര്‍ത്തിയത്.
വിദേശാധിപത്യത്തിന്റെ തിരുശേഷിപ്പായി കോടതി, ലോക്കപ്പ്, കോട്ടക്കൊത്തളങ്ങള്‍, വാസ്ഗോഡഗാമസ്ക്വയര് എന്നിവയെല്ലാം ഈ പൈതൃകഭൂമിയില്‍ ഇന്നും അവശേഷിക്കുന്നു.
സംരക്ഷണം കാത്ത് ചരിത്രമൈതാനം
സ്വാതന്ത്ര്യാനന്തരം സൈനിക പരേഡുകളുടെ പ്രാധാന്യം കുറഞ്ഞതോടെ മൈതാനം ക്രമേണ കായികരംഗത്തിന്റെ വേദിയായി മാറി. രഞ്ജി ട്രോഫി മത്സരങ്ങള്‍, ഓള് ഇന്ത്യ റഗ്ബി ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍, ദേശീയതല ഫുട്ബോള്‍ മത്സരങ്ങള്‍ തുടങ്ങി നിരവധി കായികമേളകള്‍ക്ക് പരേഡ് ഗ്രൗണ്ട് വേദിയായി. 2017ലെ ഫിഫ അണ്ടര്‍17 ലോകകപ്പിന്റെ ഭാഗമായി മൈതാനത്തിന്റെ ഒരു ഭാഗം പരിശീലന ഗ്രൗണ്ടായും ഉപയോഗിച്ചു.
പിന്നീട് ഈ ഭാഗം വേലികെട്ടി വേര്‍തിരിക്കുകയും ചെയ്തു. കാലം മാറിയപ്പോള്‍ മൈതാനത്തിന്റെ ഉപയോഗത്തിലും രൂപത്തിലും മാറ്റങ്ങള്‍ വന്നെങ്കിലും ചരിത്രത്തിന്റെ അടയാളങ്ങള്‍ ഇപ്പോഴും ഇവിടെ അവശേഷിക്കുന്നു. മൈതാനത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് കുണ്ടും കുഴികളും രൂപപ്പെട്ടിട്ടുണ്ട്.
Tags : Nattuvishesham Districtnews