ഡോ. ജിമ്മി ജോസഫ് , സി.എസ്. അനുമരിയ , വി.കെ. വിസ്മയ, അക്ഷയ ഫിലിപ്പ്
ചങ്ങനാശേരി: പ്ലാറ്റിനം ജൂബിലി നിറവില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജിന് സംസ്ഥാന കായിക അവാര്‍ഡുകളില്‍ തിളക്കമാര്‍ന്ന നേട്ടം. വിവിധ വിഭാഗങ്ങളിലായി നാല് സംസ്ഥാന അവാര്‍ഡുകളാണ് അസംപ്ഷന്‍ സ്വന്തമാക്കിയത്.
കേരളത്തിലെ കായിക രംഗത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ജി.വി. രാജയുടെ സ്മരണാര്‍ഥം സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന 2022ലെ ജി.വി. രാജ അവാര്‍ഡ് മുന്‍ അന്തര്‍ദേശീയ അത്ലറ്റും അസംപ്ഷന്‍ കോളജിന്റെ അഭിമാനതാരവുമായ വി.കെ. വിസ്മയയ്ക്ക് ലഭിച്ചു. ഡിഗ്രി വിദ്യാര്‍ഥിനിയായിരിക്കുമ്പോള്‍ അന്തര്‍ സര്‍വകലാശാല മത്സരങ്ങളില്‍ 200 മീറ്ററും 400 മീറ്ററും ഇനങ്ങളില്‍ പുതിയ മീറ്റ് റെക്കോര്‍ഡുകള്‍ സ്ഥാപിച്ചതാണ് കോളജ് തലത്തിലെ വിസ്മയയുടെ ശ്രദ്ധേയ നേട്ടം. തുടര്‍ന്ന് ഇന്ത്യന്‍ ക്യാമ്പിലെത്തി വിസ്മയ നിരവധി അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡലുകള്‍ നേടി.
2024 ലെ മികച്ച കായിക നേട്ടം കൈവരിച്ച കോളജിലെ കായിക അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് അസംപ്ഷന്‍ കോളജിലെ കായികാധ്യാപകന് ഡോ. ജിമ്മി ജോസഫിന് ലഭിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി അസംപ്ഷന്‍ കോളജിലെ കായികതാരങ്ങള്‍ ദേശീയവും അന്തര്‍ദേശീയവുമായ വേദികളില്‍ കാഴ്ചവച്ച മികവുറ്റ പ്രകടനങ്ങളാണ് ഈ അംഗീകാരം ഡോ. ജിമ്മി ജോസഫിന് നേടിക്കൊടുത്തത്.
2022 ലെ മികച്ച നേട്ടം കൈവരിച്ച സ്പോര്‍ട്സ് ഹോസ്റ്റല്‍ കായികതാരത്തിനുള്ള വനിതാ വിഭാഗം അവാര്‍ഡ് അസംപ്ഷന്‍ കോളജിന്റെ ബാസ്കറ്റ്ബോള്‍ താരം അനു മരിയയ്ക്കാണ് ലഭിച്ചത്
2024 ലെ മികച്ച നേട്ടം കൈവരിച്ച സ്പോര്‍ട്സ് ഹോസ്റ്റല്‍ കായികതാരത്തിനുള്ള വനിതാ വിഭാഗം അവാര്‍ഡ് അസംപ്ഷന്‍ കോളജിന്റെ മറ്റൊരു ബാസ്ക്കറ്റ്ബോള്‍ താരം അക്ഷയ ഫിലിപ്പ് കരസ്ഥമാക്കി. അസംപ്ഷന്‍ അഭിമാനനേട്ടം സമ്മാനിച്ച കായികപ്രതിഭകളെ കോളജ് പ്രിന്‍സിപ്പല്‍ ഡോ. റാണി മരിയ തോമസ് അഭിനന്ദിച്ചു.