എടത്വ: സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ കുണ്ടും കുഴിയുമായിക്കിടന്ന തലവടി പഞ്ചായത്ത് 12-ാം വാര്‍ഡ് സൗഹൃദ നഗറിലേക്കുള്ള റോഡ് സൗഹൃദ കൂട്ടായ്മയിലൂടെ സഞ്ചാരയോഗ്യമാക്കി. ജലജീവന്‍ പദ്ധതിയിലൂടെ കുട്ടനാട്ടില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് റോഡുകള്‍ വെട്ടി പൊളിച്ചാണ് പൈപ്പ് ലൈന്‍ സ്ഥാപിച്ചത്. ആകെ 10 അടി വീതിയുള്ള റോഡിന്റെ വശങ്ങളില് ജെസിബി ഉപയോഗിച്ച് കുഴികള്‍ എടുക്കുന്നത് മൂലം ടാര്‍ ഇളകി മാറുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ചില ഇടങ്ങളില്‍ പൈപ്പ് ലൈന്‍ വലിച്ചു.
റോഡ് വെട്ടി പൊളിച്ചപ്പോള്‍ പ്രദേശവാസികള്‍ പ്രതിഷേധിച്ച് രംഗത്ത് വന്നിരുന്നു. പൂര്‍വ്വസ്ഥിതിയിലാക്കുമെന്ന് കരാറുകാര്‍ വാഗ്ദാനം ചെയ്തെങ്കിലും റോഡുകള്‍ പലയിടങ്ങളിലും ഇപ്പോള്‍ സഞ്ചരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്. കുട്ടനാട്ടിലെ ഗ്രാമീണ റോഡുകള്‍ സഞ്ചാര യോഗ്യമാക്കുന്നതിന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പൊതുപ്രവര്ത്തകന് തലവടി സൗഹൃദ നഗറില്‍ വാലയില്‍ ബെറാഖാ ഭവനില്‍ ഡോ. ജോണ്സണ് വി. ഇടിക്കുള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നല്കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.
തലവടി പഞ്ചായത്തില്‍ പൊതുടാപ്പ് ഇല്ലാത്ത ഏക വാര്‍ഡായ 12-ാം വാര്‍ഡില്‍ സൗഹൃദ നഗറില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചതു മൂലം തകര്‍ന്ന റോഡ് കഴിഞ്ഞ ദിവസം സഞ്ചാര യോഗ്യമാക്കി. നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം സൗഹൃദ നഗറിലെ മുതിര്‍ന്ന അംഗം തങ്കമ്മ ചാക്കോ (94) നിര്‍വഹിച്ചു.
എൻ.കെ. ഭാസ്കരന്, തോമസ്കുട്ടി പാലപ്പറമ്പിൽ, വിന്‍സണ്‍ പൊയ്യാലുമാലില്‍, സുരേഷ് പരുത്തിക്കല്‍, ബാബു വാഴക്കൂട്ടത്തില്‍, മോനിച്ചന് നാലില്‍ചിറ, പി.ഡി. കലേശൻ, റോഷ്മോന്‍ കളത്തിൽ, ബേബി മഠമുഖം, ഡോ. ജോണ്സണ് വി. ഇടിക്കുള എന്നിവര്‍ നേതൃത്വം നൽകി.
Tags : nattu vishesham Friendship gathering