മഴക്കുറവ് മൂലം വലിപ്പമില്ലാത്തതിനാല്‍ വില്ക്കാന് കഴിയാതെ താഴെവീണ് നശിക്കുന്ന അവൊക്കാഡോ പഴങ്ങള്‍.
പുല്‍പ്പള്ളി: കോടിക്കണക്കിനു രൂപയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന ചക്ക മാങ്ങ, അവൊക്കാഡോ അടക്കമുള്ള പഴവര്‍ഗങ്ങളാണ് ഓരോ വര്‍ഷവും സംസ്കരണ സംവിധാനം ഇല്ലാത്തതിനാല്‍ കുടിയേറ്റ മേഖലയായ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ നശിച്ചു പോകുന്നത്. ചക്കയുടെ പുറംതോട് മുതല്‍ ഓരോ ഭാഗവും ഗുണമേന്മയുള്ളതും മൂല്യവര്‍ധിത വസ്തുക്കളാക്കി മാറ്റാന്‍ കഴിയുന്നതുമാണ്.
ചക്കയോ മാങ്ങയോ അടക്കം ഏതെങ്കിലും പഴവര്‍ഗങ്ങള്‍ ഇല്ലാത്ത പുരയിടങ്ങള്‍ വിരളമാണ്. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നതിനുശേഷമുള്ളത് നശിച്ചുപോകുന്ന അവസ്ഥയാണ്.
വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്സ് പ്രൊമോഷന് കൗണ്‍സില്‍ വിദേശപഴവര്ഗങ്ങള് അടക്കം കൃഷി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും കര്‍ഷകരില്‍ നിന്നും പഴങ്ങള്‍ സംഭരിക്കാന്‍ യാതൊരു നടപടിയുമില്ല. റംബൂട്ടാന്, അവൊക്കാഡോ, മാങ്കോസ്റ്റീന്‍, ഡ്രാഗന് ഫ്രൂട്ട് അടക്കമുള്ള പഴവര്‍ഗ ചെടികള്‍ വ്യാപകമായി കൃഷി ചെയ്ത കര്‍ഷകര്‍ വിപണി ലഭ്യത ഇല്ലാതെ വിഷമിക്കുകയാണ്.
മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ആധുനിക രീതിയിലുള്ള പഴം പച്ചക്കറി സംസ്കരണ ഫാക്ടറി ആരംഭിക്കുകയാണെങ്കില്‍ നിരവധി പേര്‍ക്ക് തൊഴിലും കര്‍ഷകര്‍ക്ക് പ്രയോജനവുമാകും. അതോടൊപ്പം ചക്ക അടക്കമുള്ള പഴവര്‍ഗങ്ങള്‍ തേടി വരുന്ന വന്യമൃഗശല്യം ഒഴിവാക്കാനും കഴിയുമെന്ന് കര്‍ഷകനായ രാജന് പാറയ്ക്കല്‍ പറഞ്ഞു.
Tags : Local News Nattuvishesham Wayanad