പരപ്പ: ജമ്മു-കാശ്മീരിലെ കുൽഹാമിൽ നടന്ന ദേശീയ വടംവലി മത്സരത്തിൽ അണ്ടർ 17, 15 വിഭാഗങ്ങളിൽ സ്വർണം നേടിയ കേരള ടീമിൽ പരപ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് മൂന്നു വിദ്യാർഥിനികൾ. അണ്ടർ 17 സംസ്ഥാന ടീം ക്യാപ്റ്റനായിരുന്ന അനുനന്ദ കെ. രതീഷ്, അണ്ടർ 15 ടീമിൽ അംഗങ്ങളായിരുന്ന ഗോപിക മനോജ്, ഏയ്ഞ്ചൽ മരിയ ജോബി എന്നിവരാണ് മലയോരത്തിന്റെ തിളക്കമായത്.
പരപ്പ ജിഎച്ച്എസ്എസിൽനിന്നും പത്താംക്ലാസ് പൂർത്തിയാക്കിയ അനുനന്ദ കെ. രതീഷിന് ഇപ്പോൾ വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനം ലഭിച്ചിട്ടുണ്ട്. ഈസ്റ്റ് ആഫ്രിക്കയിൽ ജോലി ചെയ്യുന്ന രതീഷ് കരിപ്പാടക്കത്തിന്റെയും സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കെ.എം. ചിപ്പിയുടെയും മകളാണ്.
ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ ഗോപിക മനോജ് കായികമേഖലയ്ക്കൊപ്പം കലാരംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട്. പരപ്പയിൽ റേഷൻ കട നടത്തുന്ന കാരാട്ട് മനോജിന്റെയും നളിനിയുടെയും മകളാണ്.ഒമ്പതാം ക്ലാസിൽതന്നെ പഠിക്കുന്ന ഏയ്ഞ്ചൽ മരിയ ജോബി ഡ്രൈവറായി ജോലിചെയ്യുന്ന തോടൻചാലിലെ ജോബി ജോസിന്റെയും അബിൻ ജോബിയുടെയും മകളാണ്.
സ്കൂളിലെ കായികാധ്യാപിക ദീപ പ്ലാക്കലും സംസ്ഥാന വടംവലി പരിശീലകൻ പി.സി. പ്രസാദ് പരപ്പയുമാണ് ഇവരുടെ പരിശീലകർ. ആൺകുട്ടികളുടെ വിഭാഗത്തിൽ സ്കൂളിൽ നിന്ന് ആദർശ് ടി. സുനിലും ഹരീഷ് രാജനും സംസ്ഥാന ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.