ഗവ.വിക്ടോറിയ ആശുപത്രി.
കൊല്ലം: ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ വലിയൊരു പരിവര്‍ത്തനത്തിലൂടെയാണ് കടന്നുപോകുന്നത്. സാധാരണക്കാര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ ആശുപത്രി മുതല്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് വരെ വലിയ രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ചില മേഖലകളില്‍ ഇനിയും മെച്ചപ്പെടാനുണ്ട്.
മികച്ച ഡോക്ടര്‍മാരും ആധുനിക ഉപകരണങ്ങളും ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലുണ്ടെങ്കിലും രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുകയും ലാബ് പരിശോധനാ റിപ്പോര്‍ട്ട് വേഗത്തില്‍ ലഭ്യമാക്കുകയും ചെയ്താല്‍ തന്നെ പകുതിയിലധികം പ്രശ്നങ്ങളുംതീരും. പൊതുജനാരോഗ്യ മേഖല കൂടുതല്‍ ജനകീയമാകുകയും ചെയ്യും.
കൊല്ലം ജില്ലാ ആശുപത്രി
(ചിന്നക്കട)
ജില്ലയിലെ സാധാരണക്കാരായ ലക്ഷക്കണക്കിന് ആളുകളുടെ ഏറ്റവും വലിയ ആശ്രയകേന്ദ്രമാണ് ഈ ആശുപത്രി. ഈ കേന്ദ്രത്തെ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയാക്കി മാറ്റാനുള്ള മാസ്റ്റര്‍ പ്ലാന്‍ പുരോഗമിക്കുകയാണ്. വൃക്കരോഗികള്‍ക്കായുള്ള വിജയകരമായ ‘ജീവനം' പദ്ധതിക്ക് പിന്നാലെ കാന്‍സര്‍, ഹൃദ്രോഗം എന്നിവയ്ക്കുള്ള പ്രത്യേക ചികിത്സാ വിഭാഗങ്ങളും വിപുലീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി ബോര്‍ഡ് വഴിയുള്ള 144 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നു വരുന്നു. ഡയഗ്നോസ്റ്റിക് സെന്റര്‍, ജനറല്‍ ടവര്‍, യൂട്ടിലിറ്റി കോംപ്ലക്സ് എന്നിവയടങ്ങുന്ന വലിയ നവീകരണ പ്രവര്‍ത്തികള്‍ ഇവിടെ പുരോഗമിക്കുന്നത്. കാര്‍ഡിയോളജി (ഹൃദ്രോഗ വിഭാഗം), ഡയാലിസിസ് യൂണിറ്റ്, കീമോതെറാപ്പി അടക്കമുള്ള അത്യാധുനിക ചികിത്സകള്‍ വളരെ കുറഞ്ഞ ചെലവിലോ സൗജന്യമായോ ഇവിടെ ലഭ്യമാണ്. കാര്‍ഡിയാക് ഐസിയുവും വലിയ ആശ്വാസമാണ്.
രോഗികള്‍ക്കു പറയാന്‍ പരാതികള്‍ മാത്രം
നേട്ടങ്ങളുടെ പട്ടിക നിരത്തിയിട്ടുണ്ടെങ്കിലും സാധാരണക്കാരെ സംബന്ധിച്ച് പലപ്പോഴും പരാതികളാണ് ഉണ്ടാകാറുള്ളത്. പരാതിക്ക് ഇടയാക്കുന്ന ഏറ്റവും പ്രധാനപ്രശ്നം അനിയന്ത്രിതമായ തിരക്കാണ്. ഏറ്റവും പ്രധാനപ്പെട്ട റെഫറല്‍ ആശുപത്രിയായതിനാല്‍ ദിവസേന ആയിരക്കണക്കിന് രോഗികളാണ് ഇവിടെയെത്തുന്നത്. ഇതിനനുസരിച്ചുള്ള കിടക്കകളോ വാര്‍ഡുകളോ ഇല്ലാത്തത് പലപ്പോഴും രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു.
പിന്നെ, ഏതു സര്‍ക്കാര്‍ ആശുപത്രിയും നേരിടുന്ന ആവശ്യത്തിനു ജീവനക്കാരില്ലയെന്ന പ്രശ്നം. രോഗികളുടെ എണ്ണം പതിന്മടങ്ങ് വര്‍ധിച്ചിട്ടും ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ലാബ് ജീവനക്കാര്‍ എന്നിവരുടെ എണ്ണത്തില്‍ ആനുപാതികമായ വര്‍ധനവ് ഇല്ലാത്തത് സേവനങ്ങളെ ബാധിക്കുന്നുണ്ട്. ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാരുടെ കുറവ് കാരണം അടിയന്തര ചികിത്സകള്‍ വൈകുന്നതും തന്മൂലമുണ്ടാകുന്ന മരണങ്ങളും ചികിത്സാപ്പിഴവും വലിയ വിവാദങ്ങളാകാറുണ്ട്.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ മണിക്കൂറുകളോളം വൈകുന്നതും ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമാകാറുണ്ട്. കെട്ടിടങ്ങളുടെ ശോചനീയാവസ്ഥയും രോഗികള്‍ ചൂണ്ടിക്കാട്ടുന്നു. ആശുപത്രിയിലെ പല പ്രധാന വാര്‍ഡുകളും പ്രവര്‍ത്തിക്കുന്നത് പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങളിലാണ്. മഴക്കാലം ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ദുരിതകാലമാണ്.
കാലവര്‍ഷം കനക്കുന്നതോടെ പല ജനറല്‍ വാര്‍ഡുകളുടെയും മേല്‍ക്കൂരകള്‍ ചോര്‍ന്നൊലിക്കുന്നുണ്ട്. രോഗികള്‍ കിടക്കുന്ന കട്ടിലുകള്‍ക്ക് മുകളിലേക്ക് വെള്ളം വീഴുന്ന അവസ്ഥയുണ്ടാകുമ്പോള്‍ കട്ടിലുകള്‍ മാറ്റിയിടേണ്ടി വരുന്നത് കുറച്ചൊന്നുമല്ല രോഗികളെയും കൂട്ടിരിപ്പുകാരെയും ബുദ്ധിമുട്ടിക്കുന്നത്.
സ്ഥലം തികയാതെ വരുമ്പോള്‍ രോഗികളെ തറയില്‍ പായ വിരിച്ച് കിടത്തി ചികിത്സിക്കേണ്ടി വരുന്നത് കെട്ടിടത്തിനുള്ളിലെ വായുസഞ്ചാരത്തെയും രോഗീപരിപാലനത്തെയും പ്രതികൂലമായി ബാധിക്കുന്നു.
സുരക്ഷാപ്രശ്നങ്ങളും വലിയ പരാതിക്ക് ഇടയാക്കാറുണ്ട്. ആശുപത്രിയിലെ ഐസിയുവില്‍ രോഗി ഡ്രിപ്പ് സ്റ്റാന്‍ഡ് ഉപയോഗിച്ച് നഴ്സിംഗ് അസിസ്റ്റന്റിന്റെ തലയ്ക്കടിച്ച സംഭവം പോലുള്ള അനിഷ്ട സംഭവങ്ങള്‍ അടുത്തിടെ ഉണ്ടായിട്ടുണ്ട്. ജീവനക്കാരുടെയും രോഗികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ വേണമെന്ന ആവശ്യത്തിന് ആശുപത്രിയുടെ അത്രയും പഴക്കമുണ്ട്. ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്ത് വലിയ വികസനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും, ജീവനക്കാരുടെ കുറവ് പരിഹരിക്കുകയും ഒപി വിഭാഗങ്ങളിലെ തിരക്ക് നിയന്ത്രിക്കാന്‍ ടോക്കണ്‍/ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും ചെയ്താല്‍ ചിന്നക്കട ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടും.
പാരിപ്പള്ളി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി
ജില്ലയിലെ പാരിപ്പള്ളിയിലുള്ള ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി ജില്ലയിലെ പൊതുജനാരോഗ്യ മേഖലയിലെ ഏറ്റവും വലിയ തൃതീയതല ചികിത്സാ കേന്ദ്രമാണ്. ഇഎസ്ഐസി കോര്‍പറേഷനില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം വലിയ വികസനങ്ങളിലൂടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രി കടന്നുപോയത്. ജില്ലയിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിനും അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കുള്ള ചികിത്സയ്ക്കും ഈ സ്ഥാപനം വലിയ പങ്കുവഹിക്കുന്നുണ്ട്.
ഗവേഷണങ്ങള്‍ക്കും ജൂണിയര്‍ റസിഡന്റ് സ് അടക്കമുള്ള ജീവനക്കാരുടെ നിയമനങ്ങള്‍ക്കും ഇവിടെ അവസരങ്ങളുണ്ട്. ഇഎസ്ഐസി നിര്‍മിച്ച അതിവിശാലമായ കാമ്പസും ആധുനിക രീതിയിലുള്ള കെട്ടിട സമുച്ചയങ്ങളും വലിയ പ്ലിന്ത് ഏരിയയും ഈ മെഡിക്കല്‍ കോളജിനുണ്ട്. 500-ലധികം കിടക്കകളുള്ള വിപുലമായ സൗകര്യവും ലഭ്യമാണ്.
എംബിബിഎസ് കോഴ്സുകള്‍ക്ക് പുറമെ വിവിധ സ്പെഷാലിറ്റികളില് പിജി (എംഡി/എംഎസ്) കോഴ്സുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്.
ഇതുകൂടാതെ ഐസിഎംആര്‍ (പ്രോജക്ടുകള്‍ വഴിയുള്ള അത്യാധുനിക മെഡിക്കല്‍ ഗവേഷണങ്ങളും ജൂണിയര്‍ റസിഡന്റ്സ്, റിസര്‍ച്ച് സയന്റിസ്റ്റുകള്‍ എന്നിവരുടെ സേവനങ്ങളും നെഫ്രോളജി, ന്യൂറോളജി തുടങ്ങിയ പ്രധാന വിഭാഗങ്ങളിലെ മികച്ച ചികിത്സയും റീജണല്‍ പ്രിവന്‍ഷന്‍ ഓഫ് എപ്പിഡെമിക് ആന്‍ഡ് ഇന്ഫെക്ടിയസ് ഡിസീസ് സെല്‍ പോലുള്ള മികച്ച പബ്ലിക് ഹെല്‍ത്ത് സംവിധാനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു.
പാതി ജീവനക്കാര്‍ മാത്രം
പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശു പത്രിയെ കുറിച്ച് പറയുമ്പോള്‍ നേട്ടങ്ങളെക്കുറിച്ചു മാത്രം പറഞ്ഞു പോകാനാവില്ല. ആശുപത്രി നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണെന്നു ചോദിച്ചാല്‍, ഇവിടെ ഒരിക്കലെങ്കിലും ചികിത്സയ്ക്കെത്തിയിട്ടുള്ളവര് ആദ്യം പറയുക ഡോക്ടര്‍മാരുടെയും നഴ്സിംഗ് ജീവനക്കാരുടെയും കുറവാണ്. നാഷണല്‍ മെഡിക്കല്‍ കമ്മീഷന് നിര്‍ദേശിച്ചിട്ടുള്ള നഴ്സിംഗ് ജീവനക്കാരുടെ പകുതിയോളം തസ്തികകള്‍ മാത്രമാണ് നിലവിലുള്ളത്. കാര്‍ഡിയോളജി, ന്യൂറോളജി, സര്‍ജറി, ജനറല്‍ മെഡിസിന് തുടങ്ങിയ പ്രധാന വിഭാഗങ്ങളില്‍ അനുവദിക്കപ്പെട്ട പല തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. ആവശ്യത്തിന് തസ്തികകള്‍ സൃഷ്ടിക്കാത്തതും ഉള്ളവ നികത്താത്തതും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നു.
നേരത്തെ പറഞ്ഞ ആധുനിക കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളുമുണ്ടെങ്കിലും സൂപ്പര്‍ സ്പെഷാലിറ്റി വിഭാഗങ്ങള്‍ ഇവിടെ പൂര്‍ണതോതില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. ഹൃദ്രോഗം, നാഡീരോഗം തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ക്ക് കൃത്യമായ ചികിത്സ നല്കാന് ജീവനക്കാരുടെ കുറവ് മൂലം സാധിക്കുന്നില്ല. ഇഎസ്ഐ കോര്‍പറേഷനില്‍നിന്ന് സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ കോടിക്കണക്കിന് രൂപ വിലവരുന്ന ആധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ ഇവിടെയുണ്ടായിരുന്നു.
എന്നാല്‍, ഇവ പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ധരോ ജീവനക്കാരോ ഇല്ലാത്തതിനാല്‍ പല ഉപകരണങ്ങളും ദീര്‍ഘകാലമായി ഉപയോഗിക്കാതെ നശിക്കുന്ന അവസ്ഥയിലാണ്.
ദേശീയപാതയ്ക്ക് സമീപമാണ് മെഡിക്കല്‍ കോളജ് ആശുപത്രി സ്ഥിതി ചെയ്യുന്നതെന്നതിനാല്‍ ധാരാളം വാഹനാപകട കേസുകള്‍ ഇവിടെ എത്താറുണ്ട്. എന്നാല്‍, അടിയന്തര ശസ്ത്രക്രിയകള്‍ ആവശ്യമുള്ള അപകടബാധിതര്‍ക്ക് ആവശ്യമായ തീവ്രപരിചരണ-ട്രോമാകെയര്‍ സംവിധാനങ്ങള്‍ ഇപ്പോഴും പൂര്‍ണസജ്ജമല്ല. ഗുരുതരമായ അവസ്ഥയില്‍ എത്തുന്ന രോഗികളെ കൃത്യമായി ചികിത്സിക്കാന്‍ സാധിക്കാതെ വരുന്നതോടെ, അവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്ന അവസ്ഥ പതിവാണ്. ഇതുമൂലം രോഗികള്‍ക്കും ബന്ധുക്കള്‍ക്കും വലിയ ബുദ്ധിമുട്ടാണുണ്ടാവുന്നത്.
കൂനിന്മേല് കുരുപോലെ ചികിത്സാപ്പിഴവും
ഗുരുതരമായ ചികിത്സാപിഴവുകളും മെഡിക്കല്‍ കോളജിന്റെ സത്പേരിനു കളങ്കം സൃഷ്്ടിക്കുന്നു. കഴിഞ്ഞ വര്‍ഷം ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്തതിലെ വീഴ്ച വലിയ കോലാഹലമാണു സൃഷ്ടിച്ചത്. ആശുപത്രിയില്‍ പതിവായി സ്കാനിംഗിന് വിധേയയായിരുന്ന ഒരു ഗര്‍ഭിണിയുടെ വയറ്റിലെ കുഞ്ഞിന് കൈകാലുകള്‍ ഇല്ലെന്ന ഗുരുതരമായ വൈകല്യം കണ്ടെത്താന്‍ തുടക്കത്തിലെ സ്കാനിംഗുകളില്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല.
ഒടുവില്‍ ഗര്‍ഭാവസ്ഥയുടെ ഒന്‍പതാം മാസത്തില്‍ മറ്റൊരു സ്കാനിംഗ് നടത്തിയപ്പോഴാണ് ഈ വൈകല്യം തിരിച്ചറിഞ്ഞത്. ഇതേത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ക്കെതിരെ വലിയ രീതിയില്‍ ചികിത്സാപിഴവ് ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ജനപ്രതിനിധികളും നാട്ടുകാരും നിരവധിത്തവണ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ആശുപത്രി നേരിട്ടുകണ്ട് സ്ഥിതിഗതികള്‍ വിലയിരുത്താനും അടിയന്തര നടപടികള്‍ സ്വീകരിക്കാനും ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക സന്ദര്‍ശനങ്ങളും ചര്‍ച്ചകളും നിലവില്‍ നടന്നു വരുന്നതല്ലാതെ പ്രശ്നപരിഹാര പ്രവര്‍ത്തികളൊന്നും നടക്കുന്നില്ല. എന്‍.കെ. പ്രേമചന്ദ്രന് എംപിയടക്കമുള്ള ജനപ്രതിനിധികളുടെ ശക്തമായ ആവശ്യത്തെത്തുടര്‍ന്ന് ജൂലൈ ആദ്യവാരം ആരോഗ്യ മന്ത്രി കെ.മുരളീധരന് ആശുപത്രി നേരിട്ട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. തുടര്‍ച്ചയായ അവഗണനയ്ക്കെതിരേ വലിയ ജനവികാരമാണ് ഈ വിഷയത്തില്‍ നിലനില്‍ക്കുന്നത്.
കെട്ടിടങ്ങള്‍ ശോച്യാസ്ഥയില്
പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിക്ക് കെട്ടിടങ്ങളുടെ എണ്ണത്തിലോ വലിപ്പത്തിലോ കുറവില്ല, മറിച്ച് കോടിക്കണക്കിന് രൂപ മുടക്കി നിര്‍മിച്ച ഈ ആധുനിക സൗകര്യങ്ങള്‍ അറ്റകുറ്റപ്പണികള്‍ക്കുള്ള ഫണ്ടിന്റെ കുറവ് മൂലവും ഭരണപരമായ അനാസ്ഥ മൂലവും നശിച്ചുപോകുന്ന അവസ്ഥയാണ് നിലവിലുള്ളത്.
കെട്ടിടങ്ങള്‍ ആധുനികമാണെങ്കിലും, സെന്‍ട്രലൈസ്ഡ് എയര്‍ കണ്ടീഷന്‍ സംവിധാനങ്ങളുടെ തകരാറുകള്‍, ലിഫ്റ്റുകള്‍ ഇടയ്ക്കിടെ പ്രവര്‍ത്തനരഹിതമാകുന്നത്, വലിയ കെട്ടിടസമുച്ചയത്തിന്റെ ചില ഭാഗങ്ങള്‍ കാടുപിടിച്ചു കിടക്കുന്നത് തുടങ്ങി നിരവധി പ്രശ്നങ്ങലാണ് ആശുപത്രി കെട്ടിടങ്ങള്‍ക്കുള്ളത്. കെട്ടിടങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് സെന്‍ട്രലൈസ്ഡ് എയര്‍ കണ്ടീഷനിംഗ് സംവിധാനത്തോടെയാണ്. എന്നാല്‍, ഇതിന്റെ കൃത്യമായ അറ്റകുറ്റപ്പണി നടക്കാത്തതിനാല്‍ പല വാര്‍ഡുകളിലും ഓപ്പറേഷന് തിയേറ്ററുകളിലും എ.സി പ്രവര്‍ത്തിക്കുന്നില്ല.
വലിയ ജനാലകളോ മറ്റ് വായുസഞ്ചാര സൗകര്യങ്ങളോ ഇല്ലാത്ത ഇത്തരം അടച്ചുപൂട്ടിയ കെട്ടിടങ്ങള്‍ക്കുള്ളില്‍ രോഗികളും കൂട്ടിരിപ്പുകാരും മിക്കപ്പോഴും കടുത്ത ചൂടും ശ്വാസംമുട്ടുന്ന അവസ്ഥയും അനുഭവിക്കുന്നു. വാര്‍ഡുകളിലെയും ഒപി വിഭാഗങ്ങളിലെയും ടോയ്ലെറ്റുകള് ഭൂരിഭാഗവും തകര്‍ന്ന നിലയിലാണ്.
പൈപ്പുകളിലെ ചോര്‍ച്ച, ബ്ലോക്കുകള്‍, വെള്ളമില്ലായ്മ എന്നിവ രോഗികളെ കടുത്ത ദുരിതത്തിലാക്കുന്നു. വിശാലമായ മെഡിക്കല്‍ കോളജ് കാമ്പസിന്റെ പല ഭാഗങ്ങളും പ്രധാന കെട്ടിടങ്ങളുടെ പിന്വശങ്ങളും കാടുപിടിച്ചു കിടക്കുകയാണ്. ഇത് തെരുവുനായ്ക്കളുടെയും മറ്റു ശല്യത്തിനു കാരണമാകുന്നു. രാത്രികാലങ്ങളില്‍ ആവശ്യത്തിന് ലൈറ്റുകള്‍ ഇല്ലാത്തതും വലിയ കെട്ടിടസമുച്ചയത്തിന്റെ സുരക്ഷയെ ബാധിക്കുന്നുണ്ട്.
ബഹുനില മന്ദിരങ്ങളായ ഇവിടെ രോഗികളെ മുകളിലെ നിലകളിലേക്ക് എത്തിക്കാന്‍ ആശ്രയിക്കുന്ന പ്രധാന ലിഫ്റ്റുകള്‍ പലപ്പോഴും തകരാറിലാണ്.
തീവ്രപരിചരണ വിഭാഗത്തിലേക്കും വാര്‍ഡുകളിലേക്കും സ്ട്രെച്ചറിലും വീല്‍ചെയറിലും രോഗികളെ ജീവനക്കാരും ബന്ധുക്കളും ചേര്‍ന്ന് ചുമന്ന് പടികള്‍ കയറ്റേണ്ടി വരുന്നത് ഇവിടെ പതിവ് കാഴ്യാണ്. മഴക്കാലമാകുന്നതോടെ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് മുകളിലത്തെ നിലകളില്‍ ചോര്‍ച്ച രൂക്ഷമാണ്. കൃത്യമായി വാട്ടര്‍പ്രൂഫിംഗ് ചെയ്യാത്തതിനാല്‍ ഭിത്തികളില്‍ പായല്‍ പിടിക്കുകയും ഈര്‍പ്പം തങ്ങിനില്ക്കുകയും ചെയ്യുന്നത് ആശുപത്രി അന്തരീക്ഷത്തെ കൂടുതല്‍ വഷളാക്കുന്നു. ഇത് രോഗികളില്‍ അണുബാധയ്ക്കുള്ള സാധ്യത വര്‍ധപ്പിക്കുന്നു.
വിക്ടോറിയ മഹിളാ ആശുപത്രി
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സ്ഥാപിക്കപ്പെട്ട കേരളത്തിലെ ഏറ്റവും പഴക്കമുള്ള ആശുപത്രകളിലൊന്നാണ് നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ഗവ. വിക്ടോറിയ ആശുപത്രി. തിരുവിതാംകൂര്‍ ഭരണകാലത്ത് വിക്ടോറിയ രാജ്ഞിയുടെ ഭരണത്തിന്റെ ഗോള്‍ഡന്‍ ജൂബിലി സ്മാരകമായി 1800-കളുടെ അവസാനത്തിലാണ് ഈ ആശുപത്രി സ്ഥാപിതമായതെന്നാണ് ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നത്.
കൊല്ലത്തു നിന്നു മാത്രമല്ല സമീപ ജില്ലകളിലെയും ലക്ഷക്കണക്കിന് സാധാരണക്കാരായ സ്ത്രീകള്‍ പ്രസവ സംബന്ധമായ ചികിത്സകള്‍ക്കായി ഇവിടെ എത്തുന്നു. ഇതിനു പുറമെ കുട്ടികളുടെ വിദഗ്ധ ചികിത്സയ്ക്കുള്ള പ്രധാന ആശ്രയകേന്ദ്രവും ഈ ആശുപത്രിയാണ്. ഈ ആശുപത്രിയില്‍ ഓട്ടിസം, വന്ധ്യതാ നിവാരണ ക്ലിനിക്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന ചെലവില്‍ പ്രധാന ശസ്ത്രക്രിയകളും ഡയാലിസിസ് അടക്കമുള്ള സേവനങ്ങളും ലഭ്യമാക്കുന്നതാണ് ഈ ആശുപത്രിയെ ജനപ്രിയമാക്കുന്നത്. പ്രതിമാസം നൂറുകണക്കിന് പ്രസവങ്ങള്‍ നടക്കുന്ന ഇവിടുത്തെ ഗൈനക്കോളജി വിഭാഗം ഏറെ പ്രശസ്തവും തിരക്കേറിയതുമാണ്. നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും സര്‍ക്കാരിന്റെയും ഫണ്ടുകള്‍ ഉപയോഗിച്ച് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ഒപി, ഐപി ബ്ലോക്കുകള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
വിവാദം ആളിക്കത്തി
ജില്ലയിലെ പ്രധാന സ്ത്രീ-ശിശു ആശുപത്രിയായതിനാല്‍ ഇവിടെ എത്തുന്ന രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ഇത് പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. രോഗികളുടെ എണ്ണക്കൂടുതല്‍ മൂലം ബെഡുകളുടെ എണ്ണം തികയാതെ വരുന്നു.
2025 ല്‍ ആശുപത്രിയെ ഉലച്ച ഏറ്റവും വലിയ വിവാദങ്ങളിലൊന്ന് പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിയും നവജാതശിശുവും മരിച്ച സംഭവമാണ്. പ്രസവവേദനയോടെ എത്തിയ യുവതിക്ക് കൃത്യസമയത്ത് വിദഗ്ധ ചികിത്സയോ സിസേറിയന് ഉള്‍പ്പെടെയുള്ള അടിയന്തര നടപടികളോ നല്കാന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ തയാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്ന് കാണിച്ച് ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നില്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചു. തുടര്‍ന്ന് ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിടുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ചില ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തു.
തിരക്കേറുമ്പോഴും കൂടുതല്‍ വിദഗ്ധമായ തീവ്രപരിചരണ സംവിധാനങ്ങളോ സര്‍ജറികളോ വേണ്ടിവരുമ്പോഴും രോഗികളെ തിരുവനന്തപുരം തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിലേക്കോ, എസ്എടി ആശുപത്രിയിലേക്കോ റഫര്‍ ചെയ്യേണ്ടിവരാറുണ്ട്.
സ്വന്തം നിലയ്ക്ക് കൈകാര്യം ചെയ്യാവുന്ന കേസുകള്‍ പോലും ഡോക്ടര്‍മാര്‍ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ വേണ്ടി റഫര്‍ ചെയ്യുന്നു എന്നതായിരുന്നു പ്രധാന ആക്ഷേപം. നിര്‍ണായക ഘട്ടങ്ങളില്‍ ആംബുലന്‍സില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്ന വഴിയില്‍ രോഗികളുടെ നില വഷളാകുന്ന സംഭവങ്ങള്‍ വലിയ രാഷ്്ട്രീയ-സാമൂഹിക വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.
Tags : Local News Nattuvishesham Kollam