നഗരസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുണ്ടായ കയ്യാങ്കളി.
കായംകുളം: നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റവും കയ്യാങ്കളിയും അരങ്ങേറി. എൽഡിഎഫ് കൗൺസിലർമാർ നഗരസഭാ ചെയർമാൻ ശരത് ലാലിനെ മർദിച്ചതായി യുഡിഎഫ് ആരോപിച്ചു. സംഘർഷത്തിൽ ചെയർമാനുൾപ്പെടെ നാലു പേർക്ക് പരിക്കേറ്റു.
ചെയർമാൻ ശരത് ലാൽ, കൗൺസിലർമാരായ ബിജു നസറുള്ള, മിനി അച്ചൻകുഞ്ഞ്, സുമയ്യ മുജീബ് എന്നിവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടാം വാർഡിലെ അങ്കണവാടി മാറ്റവുമായി ബന്ധപ്പെട്ട തർക്കമാണ് കൗൺസിൽ യോഗത്തിൽ വലിയ സംഘർഷത്തിൽ കലാശിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് നടന്ന വാർഡ് വിഭജനമാണ് നിലവിലെ തർക്കങ്ങൾക്ക് ആധാരം. അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി രണ്ടാം വാർഡിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. എന്നാൽ, വാർഡ് വിഭജനം പൂർത്തിയായതോടെ ഈ പുതിയ കെട്ടിടം സാങ്കേതികമായി നാല്പതാം വാർഡിലായി.
പ്രതിപക്ഷമായ എൽഡിഎഫിന്റെ സിറ്റിംഗ് വാർഡാണ് രണ്ടാം വാർഡ് നാൽപതാം വാർഡ് യുഡിഎഫിന്റേതും. അധികാരമുപയോഗിച്ച് യുഡിഎഫ് അംഗൻവാടി നാല്പതാം വാർഡിലേക്ക് മാറ്റിയെന്നാണ് എൽഡിഎഫിന്റെ ആരോപണം.
കൗൺസിൽ യോഗത്തിൽ മറ്റ് അജണ്ടകളാണ് ചർച്ചയ്ക്കെടുത്തിരുന്നതെങ്കിലും പ്രതിപക്ഷം അപ്രതീക്ഷിതമായി അങ്ക ണവാടി വിഷയം ഉന്നയിക്കുകയായിരുന്നു. എന്നാൽ, അജണ്ടയിലില്ലാത്ത വിഷയം യോഗത്തിൽ ചർച്ച ചെയ്യാൻ സാധിക്കില്ലെന്ന് ചെയർമാൻ നിലപാടെടുത്തതോടെയാണ് ബഹളം ആരംഭിച്ചത്.
തുടർന്ന് ചെയർമാന്റെ ഡയസിലേക്ക് ഇരച്ചുകയറിയ പ്രതിപക്ഷ അംഗങ്ങൾ അദ്ദേഹത്തെ ബലമായി പിടിച്ച് മറ്റൊരു ഹാളിലേക്ക് മാറ്റാൻ ശ്രമിച്ചതോടെ സഭ കയ്യാങ്കളിയിലേക്ക് വഴിമാറി. വിവരമറിഞ്ഞ് കായംകുളം പോലീസ് സ്ഥലത്തെത്തിയെങ്കിലും ജനപ്രതിനിധികൾ തമ്മിലുള്ള സംഘർഷം നിയന്ത്രിക്കാൻ പാടുപെട്ടു.
ഇതിനിടെ പുറത്തുനിന്നുള്ള യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകർ കൂടി നഗരസഭാ കാര്യാലയത്തിലേക്ക് ഇരച്ചെത്തിയത് കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമായി. പിന്നീട് പോലീസ് ഏറെ പണിപ്പെട്ട് ഇരുവിഭാഗങ്ങളെയും മാറ്റിയാണ് രംഗം ശാന്തമാക്കിയത്. നഗരസഭയിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews Municipal Council