ഹരിപ്പാട്: ആതുരസേവനരംഗത്ത്, പ്രത്യേകിച്ച് പാലിയേറ്റീവ് കെയർ മേഖലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്ക് സർക്കാർ എല്ലാവിധ പ്രോത്സാഹനവും പിന്തുണയും നൽകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലോക രക്തദാന ദിനാചരണത്തോടനുബന്ധിച്ച് സുകൃതം ഹരിപ്പാട് സംഘടനയുടെ നേതൃത്വത്തിൽ ഹരിപ്പാട്ട് സംഘടിപ്പിച്ച ആയിരത്തിയൊന്നു പേരുടെ രക്തദാന സേനയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാന്ത്വന പരിചരണരംഗത്ത് സർക്കാരിന് മാത്രമായി എല്ലാ കാര്യങ്ങളും ചെയ്യാൻ സാധിക്കില്ലെന്നും ഈ മേഖലയിൽ സന്നദ്ധ പ്രസ്ഥാനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു. സുകൃതം ഹരിപ്പാടിന്റെ നേതൃത്വത്തിൽ നിലവിൽ നടന്നുവരുന്ന കിടപ്പുരോഗി പരിചരണ പ്രവർത്തനങ്ങൾ വരുംദിവസങ്ങളിൽ കൂടുതൽ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം ചടങ്ങിൽ വ്യക്തമാക്കി.
സുകൃതം ഹരിപ്പാടിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കുമാരപുരം കന്നേലക്കാട്ടിൽ കുടുംബവകയായി പി. ചന്ദ്രസേനൻ സൗജന്യമായി നൽകിയ പത്തു സെന്റ് വസ്തുവിന്റെ പ്രമാണം മന്ത്രി ഏറ്റുവാങ്ങി. ആതുരസേവനരംഗത്തെ മികച്ച സംഭാവനകൾ മുൻനിർത്തി പി. ചന്ദ്രസേനൻ, രജീഷ് ചന്ദ്ര, രാജീവ് വഴിയമ്പലം എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.
സുകൃതം ഹരിപ്പാട് ചെയർമാൻ മുഞ്ഞിനാട്ട് രാമചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സുകൃതം സെക്രട്ടറി അഡ്വ.എം.ബി. സജി, ട്രഷറർ ശ്രീജാ കുമാരി, എ.കെ. രാജൻ, ജോൺ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : nattu vishesham l encourage voluntary palliative care