കൊച്ചി: ഒരു പതിറ്റാണ്ടിലേറെയായുള്ള കൊച്ചിയുടെ പ്രധാന വികസന പദ്ധതികളിലൊന്നായ അറ്റ്ലാന്റിസ് റെയില്‍വേ മേല്‍പ്പാലം നിര്‍മാണത്തിന് ഗ്രീന്‍ സിഗ്നല്‍ തെളിയുന്നു. കീറാമുട്ടിയായി കിടന്ന സ്ഥലം ഏറ്റെടുക്കലിന് ഇന്നലെ ചേര്‍ന്ന ഏകോപന യോഗത്തില്‍ ധാരണയായതോടെയാണ് വര്‍ഷങ്ങളായുള്ള തര്‍ക്കത്തിനാണ് പരിഹാരമാകുന്നത്. നഷ്ടപരിഹാര തുക കണ്ടെത്തുകയാണ് ഇനി സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളി. സ്ഥലം ഏറ്റെടുടെത്തു കഴിഞ്ഞാല്‍ മണ്ണ് പരിശോധന അടക്കം പൂര്‍ത്തിയാക്കി പാലത്തിന്റെ നിര്‍മാണം ആരംഭിക്കാനാകും.
റെയില്‍വേ പാളത്തിന് ഇരുവശത്തുമായി 15 സെന്റോളം സ്ഥലമാണ് ഏറ്റെടുക്കാനുള്ളത്. ഏഴു വീട്ടുകാരുടെ കൈവശം ഇരിക്കുന്ന ഭൂമി ഏറെയും കൈയേറ്റവും പുറമ്പോക്ക് വസ്തുവുമാണ്. ഇവരെ ഇവിടെ നിന്ന് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ച ഘട്ടത്തില്‍ തന്നെ എതിര്‍പ്പുകള്‍ ഉണ്ടായി. ഇവര്‍ ഹൈക്കോടതിയെ സമീപിച്ചതോടെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ തടസപ്പെട്ടു. അര്‍ഹമായ നഷ്ടപരിഹാരം നല്കിയാല് സ്ഥലം വിട്ടുനല്‍കാന്‍ ഇവര്‍ ഇപ്പോള്‍ തയാറായിട്ടുണ്ട്.
എംജി റോഡ് ഭാഗത്ത് രണ്ടു വീട്ടുകാരുടെ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. മൂന്നര സെന്റ് വരുന്ന ഒരാളുടെ വസ്തുവില്‍ മൂന്ന് സെന്റും പുറമ്പോക്ക് ഭൂമിയാണ്. രണ്ടര സെന്റ് വരുന്ന കൈയേറ്റ ഭൂമിയിലാണ് രണ്ടാമത്തെയാളും വീട് വച്ചിരിക്കുന്നത്. ഇവര്‍ ഹൈക്കോടതിയെ സമീപിച്ചതിനാല്‍ അന്ന് സ്ഥലം ഏറ്റെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പകരം ഭൂമിയും നഷ്ടപരിഹാരവും നല്‍കാമെന്ന ഉറപ്പിലാണ് ഇപ്പോള്‍ ഇവര്‍ സ്ഥലം വിട്ടു നല്കാന് തയാറായത്. ഇരുവീട്ടുകാര്‍ക്കും രണ്ട് സെന്റ് വീതം എംജി റോഡില്‍ തന്നെ സ്ഥലം നല്‍കും. ഒപ്പം നിലവിലെ വീടിനുള്ള നഷ്ടപരിഹാരവും നല്‍കും.
പനമ്പിള്ളിനഗര്‍ ഭാഗത്ത് ഭിന്നശേഷിക്കാരനായ ആളുടെ സ്ഥലമാണ് ഏറ്റെടുക്കേണ്ടതായുള്ളത്. വീടിന്റെ മുന്‍ഭാഗത്തെ ചെറിയഭാഗം മാത്രമേ പദ്ധതിക്കായി ആവശ്യമുള്ളു. പാതി പൊളിച്ചുകളഞ്ഞ വീട്ടില്‍ താമസിക്കുക ബുദ്ധിമുട്ടാണെന്നും വീട് മുഴുവനായും ഏറ്റെടുത്ത് ആര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്.ഇക്കാര്യത്തില്‍ സര്‍ക്കാരിനും അനുകൂല നിലപാടാണുള്ളത്.
പനമ്പിള്ളിനഗറിലെ ഐഒസിയുടെ ക്വാട്ടേഴ്സ് ഭാഗത്തായി കോളനിയില്‍ താമസിക്കുന്ന നാല് വീട്ടുകാരുടെ ഭൂമിയും ഏറ്റെടുക്കേണ്ടതുണ്ട്. മറ്റൊരാളുടെ പേരിലുള്ള സ്ഥലമാണിത്. സ്ഥലത്തിന്റെ നഷ്ടപരിഹാരത്തുക ഉടമയുടെയും താമസക്കാരന്റെയും പേരില്‍ കോടതിയില്‍ നല്കിയിട്ടുള്ളതിനാല് അവിടെയും തടസങ്ങള്‍ ഉണ്ടാകില്ല.
ജനറം പദ്ധതയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പടെ 100 കോടിയാണ് അന്നനുവദിച്ചത്. കാലതാമസം വന്നതോടെ സ്ഥലം ഏറ്റെടുക്കലിനായി അനുവദിച്ച പണം ചെലവഴിച്ചു. ശേഷിക്കുന്ന സ്ഥലം ഏറ്റെടുക്കാന്‍ പണം കണ്ടെത്തേണ്ടതുണ്ട്. ഒപ്പം പാലം നിര്‍മാണത്തിനുള്ള പണവും കണ്ടെത്തണം.
പനമ്പള്ളി നഗറിലെ ഐഒസി ക്വാര്‍ട്ടേഴ്സിന് മുന്നില്‍ നിന്നാരംഭിച്ച് എംജി റോഡിലെ ആംഗ്ലോ ഇന്ത്യന്‍ സ്കൂളിന് സമീപം അവസാനിക്കുന്ന നിലയിലാണ് ഫ്ലൈഓവറിന്റെ രൂപരേഖ. ആദ്യ രൂപരേഖ പ്രകാരം 521 മീറ്റര്‍ നീളവും 20 മീറ്റര്‍ നീളവുമായിരുന്നു. രൂപരേഖയില്‍ പരിഷ്കരണങ്ങള്‍ വന്നപ്പോള്‍ വീതി 18 മീറ്ററായി ചുരുങ്ങി. നിര്‍മാണ ചെലവിലും വര്‍ധന ഉണ്ടായിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മേല്‍പ്പാലത്തിനുള്ള തുക പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് കൊച്ചി.
വടുതല റെയില്‍വേ മേല്‍പ്പാലം പദ്ധതിക്കായുള്ള സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്. നിര്‍മാണത്തിനുള്ള ടെൻഡര്‍ നല്കി. മഴ മാറിയാല്‍ പൈലിംഗ് ആരംഭിക്കുമെന്നാണ് കരാറുകാര്‍ അറിയിച്ചിട്ടുള്ളത്. ടി.ജെ. വിനോദ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൗണ്‍സിലര്‍ കെ.എക്സ്. ഫ്രാന്‍സിസ്, ആര്‍ബിഡിസികെ ഉദ്യോഗസ്ഥര്‍, കിറ്റ്കോ ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Ernakulam