പ്രതിഷേധ മാര്‍ച്ചും ധര്‍ണയും മാത്യു കുഴല്നാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: നിരന്തരമായി ഭരണകൂടത്തിന് ദാസ്യവേല ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറികള്‍ സംഘടിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയും അന്തസത്തയും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ തകര്‍ത്തതായി കെപിസിസി വൈസ് പ്രസിഡന്റ് മാത്യു കുഴല്നാടന് എംഎല്‍എ. തെരഞ്ഞെടുപ്പ് അട്ടിമറിക്ക് നേതൃത്വം നല്കുന്ന ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ഇന്ത്യാസഖ്യവും രാജ്യവ്യാപകമായി ആരംഭിച്ചിരിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ഹെഡ് പോസ്റ്റ്ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുയായിരുന്നു അദ്ദേഹം.
ലോകത്തെതന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയകളെ അത്ഭുതത്തോടെ നോക്കിക്കണ്ട് അഭിമാനിച്ചിരുന്ന കാലത്തില്‍നിന്നു മാറി ഭരണകൂടത്തിന്റെ വിശ്വസ്തദാസന്മാരായി തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ബിജെപിയുടെ വിജയം ഉറപ്പാക്കുന്നതായി ഇന്ത്യയിലെ തെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പ് കമ്മിഷനും മാറിയതായും മാത്യു കുഴല്നാടന് പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സ്ഥാനമൊഴിയുന്നില്ലെങ്കില്‍ ഇംപീച്ച്മെന്റ് നടപടികളിലൂടെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധു എംഎല്‍എ, പി. മോഹന്‍രാജ്, എന്‍. ഷൈലാജ്, മുന്‍ ഡിസിസി പ്രസിഡന്റ് കെ. ശിവദാസന്‍ നായര്‍ എക്സ് എംഎല്‍എ, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദീന്‍, കെപിസിസി സെക്രട്ടറിമാരായ റിങ്കു ചെറിയാന്, അനീഷ് വരിക്കണ്ണാമല, ഡിസിസി ഭാരവാഹികളായ വെട്ടൂര്‍ ജ്യോതിപ്രസാദ്, എ. സുരേഷ് കുമാര്‍, റോബിന് പീറ്റര്‍, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, കെ. ജാസിംകുട്ടി, ടി.കെ. സാജു, ദീനാമ്മ റോയി, സിന്ധു അനില്‍, സജി കൊട്ടയ്ക്കാട്, കെ.കെ. റോയിസണ്‍, ജോണ്സണ് വിളവിനാല്‍, ഹരികുമാര്‍ പൂതങ്കര, കാട്ടൂര്‍ അബ്ദുള്‍സലാം, ജി. രഘുനാഥ്, ഏബ്രഹാം മാത്യു പനച്ചിമൂട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി ചങ്ങലയില്‍ ബന്ധിച്ച് പ്രതിഷേധ മാര്‍ച്ചിലും ധര്‍ണയിലും പ്രദര്‍ശിപ്പിച്ചു.
എല്‍ഡിഎഫ്
മാര്‍ച്ച് ഇന്ന്
പത്തനംതിട്ട: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ തല്‍സ്ഥാനത്തുനിന്നു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നു രാവിലെ പത്തിനു പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫിസ് പടിക്കല്‍ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തും.
ഇന്‍ഡ്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും. എല്ഡിഎഫ്സംസ്ഥാന, ജില്ലാതല നേതാക്കള്‍ പ്രസംഗിക്കും.