ഇന്നലെ പുലര്‍ച്ചെയുണ്ടായ ശക്തമായ മഴയില്‍ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ രൂപപ്പെട്ട വെള്ളക്കെട്ട്.
കൊച്ചി: ഇന്നലെ പുലര്‍ച്ചെ പെയ്ത കനത്ത മഴയില്‍ കൊച്ചിയുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ജില്ലയില്‍ തിങ്കളാഴ്ച രാത്രിയോടെ ആരംഭിച്ച മഴയ്ക്ക് ഇന്ന് രാവിലെ എട്ടോടെ ചെറിയ ശമനം കൈവന്നെങ്കിലും ഇടവിട്ടുള്ള സമയങ്ങളില്‍ മഴ തുടരുകയാണ്. രാത്രിയില്‍ പെയ്ത അതിശക്തമായ മഴയില്‍ കൊച്ചി നഗരത്തിലടക്കം പലയിടങ്ങളും വെള്ളത്തിലായി. കിഴക്കന്‍ മേഖലയിലും പശ്ചിമകൊച്ചിയിലും മഴ തുടരുകയാണ്.
നഗരത്തില്‍ എംജി റോഡ്, കലൂര്‍, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, സലീം രാജന് റോഡ്, എ എല്‍ ജേക്കബ് മേല്‍പ്പാലത്തിന്റെ താഴ്ഭാഗം, സൗത്ത് റെയില്‍വേ സ്റ്റേഷന് ഭാഗം, ചിറ്റൂര്‍ റോഡിന്റെ വിവിധ ഭാഗങ്ങളിലും ഇടറോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. നഗരത്തിനുള്ളിലെ ജനവാസ കേന്ദ്രങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
വെള്ളക്കെട്ട് ദുരിതത്തിന് പരിഹാരമാകുമെന്ന് പ്രഖ്യാപിച്ച് ആറു കോടി മുടക്കി എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നടത്തിയ നവീകരണങ്ങള്‍ യാത്രക്കാര്‍ക്ക് ഗുണമായെങ്കിലും ബസ്ബേകളില്‍ പതിവ് പോലെ വെള്ളക്കൊയിരുന്നു.
വെള്ളക്കെട്ടിലൂടെയാണ് യാത്രക്കാര്‍ ബസിനുള്ളിലേക്ക് കയറിയത്. സ്റ്റാന്‍ഡിന് ഉള്‍ഭാഗം ഉയര്‍ത്തിയതിനാല്‍ അവിടെ വെള്ളക്കെട്ട് പ്രശ്നം ഉണ്ടായില്ല. നവീകരണം നടക്കാതിരുന്ന മുന്‍വശത്തും പമ്പിന്റെ ഭാഗത്തും രൂക്ഷമായിരുന്നു വെള്ളക്കെട്ട്.
കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്ന പാലാരിവട്ടം, കലൂര്‍ മേഖലകളില്‍ ഗതഗതക്കുരുക്കും അനുഭവപ്പെട്ടു. ഇടപ്പള്ളി-വൈറ്റില ബൈപ്പാസിലെ സര്‍വീസ് റോഡുകളില്‍ വെള്ളം കയറിയത് വാഹന യാത്രക്കാരെ വലച്ചു. നഗരത്തിനുള്ളിലെ ജനവാസ കേന്ദ്രങ്ങിലും വെള്ളക്കെട്ട് രൂപപ്പെട്ടെങ്കിലും പകല്‍ മഴ മാറിനിന്നത് ആശ്വാസമായി.
Tags : Local News Nattuvishesham Ernakulam