കനത്തമഴയില്‍ തകര്‍ന്ന തോട്ടുമുക്കം കിഴക്കേപറമ്പില്‍ ബാബുവിന്റെ വീടിന്റെ ചുറ്റുമതില്‍.
കോഴിക്കോട്: കഴിഞ്ഞ രണ്ടു ദിവസമായി പെയ്ത കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം. മരങ്ങള്‍ കടപുഴകി വീടുതകര്‍ന്നു. ചുറ്റുമതില്‍ ഇടിഞ്ഞുവീണും വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ശക്തമായ കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞ് വൈദ്യുതി വിതരണവും താറുമാറായി. ചാലിയാര്‍, ഇരുവഞ്ഞിപുഴകളില് ജലനിരപ്പുയര്‍ന്നു. പലയിടങ്ങളിലും കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു. പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ മാവൂര്‍ മേഖലയില്‍ വെള്ളക്കെട്ട് ഭീതിയിലായി. ജില്ലയില്‍ രണ്ടു വീടുകള്‍ തകര്‍ന്നതായാണ് പ്രാഥമിക കണക്ക്. കൊടിയത്തൂര്‍ മുണ്ടംപൊയില് ചക്കികുട്ടിയുടെ വീടാണ് തകര്ന്നതിലൊന്ന്.
തോട്ടുമുക്കം: ഫാത്തിമ എസ്റ്റേറ്റ് തോട്ടുമുക്കം റോഡില്‍ പാറത്തോട് ക്രിസ്ത്യന്‍ പള്ളിക്ക് സമീപം കനത്ത മഴയെ തുടര്‍ന്ന് മരം കടപുഴകി വീണു. നാല് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്ന് ഈ മേഖലയില്‍ വൈദ്യുതി വിതരണം നിലയ്ക്കുകയും ചെയ്തു. മിനിട്ടുകളുടെ വ്യത്യാസത്തിലാണ് ഈ റോഡിലൂടെ പോയ കെഎസ്ആര്‍ടിസി ബസും സ്കൂള്‍ ബസും രക്ഷപെട്ടത്.
റോഡിലേക്ക് വീണ മരങ്ങള്‍ പാറത്തോട് പ്രവര്‍ത്തിക്കുന്ന മാനവം സ്വയം സഹായ സംഘം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വെട്ടിമാറ്റി. മാനവം സ്വയം സഹായ സംഘം പ്രവര്‍ത്തകരായ ഇമ്മാനുവല്‍, സജി കള്ളികാട്ട്, ഷിനോയി ജോര്‍ജ്, ബെന്നി വട്ടക്കുന്നേല്‍, ബിജു മൂക്കിലിക്കാട്ട്, സണ്ണി കിഴക്കേമുറി, നാട്ടുകാരായ ജോയി, വിനോദ്, അമല്‍, സുരേഷ്, ബിനീഷ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
വടകര: കനത്ത മഴ വടകരയില്‍ നാശം വിതച്ചു. പുതിയ സ്റ്റാൻഡിനു സമീപത്തെ ഓള്‍ഡ് അല്‍മ ബില്‍ഡിംഗിലെ താഴത്തെ നിലയിലെ പത്തിലേറെ കടകളില്‍ വെള്ളം കയറി നഷ്ടം സംഭവിച്ചു. മെഡിക്കല്‍ ഷോപ്പ്, കണ്ണട, മൊബൈല്‍ ഫോണ്‍ കടകളുൾപ്പെടെയാണ് താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്നത്. മഴവെള്ളം ഓവുചാലിലൂടെ സുഗമമായി ഒഴുകിപ്പോകാത്തതാണ് വെള്ളക്കെട്ടിനു കാരണമായത്. ഇക്കാര്യം പലതവണ മുനിസിപ്പല്‍ അധികാരികളുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ഫലപ്രദമായ നടപടിയുണ്ടായില്ലെന്ന് കച്ചവടക്കാര്‍ പറഞ്ഞു. മുമ്പൊക്കെ എത്ര മഴ പെയ്താലും ഈ കെട്ടിടത്തില്‍ വെള്ളം കയാറാറില്ലായിരുന്നു. ദേശീയപാത നവീകരണ പ്രവൃത്തിയോടെയാണ് കെട്ടിടത്തിനുള്ളിലേക്കും വെള്ളം കയറിത്തുടങ്ങിയത്.
കോഴിക്കോട്: മണിയൂര്‍ പ്രദേശത്ത് കനത്ത മഴയും ശക്തമായ ഇടിമിന്നലും വ്യാപക നാശനഷ്ടത്തിന് കാരണമായി. നിരവധി വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. മരങ്ങളും തെങ്ങുകളും വാഴകളും ഒടിഞ്ഞുവീണു. കല്ലറക്കണ്ടി മീത്തല്‍ ഷൈജുവിന്റെ വീടിന് മുകളിലേക്ക് മരം വീണ് കേടുപാടുകള്‍ സംഭവിച്ചു. ഇടിമിന്നലിന്റെ ആഘാതത്തില്‍ ഈ വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ ഭൂരിഭാഗവും നശിച്ചു. പ്രദേശത്തെ മറ്റ് പല വീടുകളുടെ മേല്ക്കൂരകള്ക്കും മതില്‍ക്കെട്ടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. റവന്യു അധികൃതരും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രതിനിധികളും സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
മുക്കം: മലയോര മേഖലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചു. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഉള്‍പ്പെട്ട മുണ്ടംപൊയിലില്‍ ചക്കികുട്ടിയുടെ വീട് പൂര്‍ണമായി തകര്‍ന്നു. അപകടം നടക്കുന്ന സമയത്ത് ചക്കികുട്ടി വീട്ടില്‍ ഇല്ലാത്തത് കൊണ്ട് രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രിയോടെയാണ് വീട് പൂര്‍ണമായും നിലംപൊത്തിയത്. വര്‍ഷങ്ങളോളം പഴക്കമുള്ള വീടാണ് തകര്‍ന്നത്. വീട്ടുപകരണങ്ങളും രേഖകളും ഉള്‍പ്പെടെയുള്ളവ നശിച്ചു. അഞ്ചാം വാര്‍ഡില്‍പെട്ട തോട്ടുമുക്കം കിഴക്കേ പറമ്പില്‍ ബാബുവിന്റെ വീടിന്റെ ചുറ്റുമതില്‍ മഴയില്‍ തകര്‍ന്നുവീണു. തിങ്കളാഴ്ച അര്‍ധരാത്രിയോടുകൂടിയാണ് സംഭവം.
Tags : Local News Nattuvishesham Kozhikode