ജിയാമോൾ ജിനീഷ്
രാജപുരം: രക്താർബു ധം ബാധിച്ച കള്ളാറിലെ ഇലക്കുടിക്കൽ ജിയാമോൾ ജിനീഷിനെ (അഞ്ച്) ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി ലോകമെന്പാടുമുള്ള കാരുണ്യമതികളിൽ നിന്നു സഹായം ഒഴുകിയെത്തി. ചികിത്സയ്ക്ക് ആവശ്യമായ പണം ലഭിച്ചതോടെ സഹായനിധി ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ജൂൺ 22നാണ് ജിയാമോളുടെ ശസ്ത്രക്രിയക്കായി ബാങ്ക് അക്കൗണ്ട് ആരംഭിച്ച് സഹായനിധിക്ക് തുടക്കം കുറിച്ചത്. കുട്ടിയുടെ തുടർചികിത്സയ്ക്ക് ആവശ്യമായ 50 ലക്ഷം രൂപ സമാഹരിക്കുകയായിരുന്നു ലക്ഷ്യം.
ലോകമെമ്പാടുമുള്ള സുമനസുകളുടെയും അകമഴിഞ്ഞ പിന്തുണയാൽ പ്രതീക്ഷിച്ചതിലും വേഗത്തിൽ അവശ്യമായ പണം ലഭിച്ചതോടെയാണ് ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാൻ കമ്മിറ്റി തീരുമാനിച്ചതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
അക്കൗണ്ട് ഓപ്പൺ ചെയ്ത അന്നു മുതൽ ക്ലോസ് ചെയ്ത ജൂലൈ 10 വരെയുള്ള ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പല ഭാഗങ്ങളിൽ നിന്നായി പ്രവഹിച്ച കാരുണ്യത്തിന്റെ ഫലമായി 79,88,967 രൂപ ചികിത്സാ നിധിയിലേക്ക് സമാഹരിക്കാൻ സാധിച്ചു. കുട്ടിയുടെ അടിയന്തിര ചികിത്സാ ആവശ്യങ്ങൾക്കായി സമാഹരിച്ച തുകയിൽ നിന്നും 10 ലക്ഷം രൂപ ഇതിനോടകം തന്നെ ആശുപത്രിയിൽ നൽകി. ഓഗസ്റ്റ് മാസത്തോടുകൂടി ജിയാമോളുടെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും തുടർചികിത്സകളും ആരംഭിക്കും.
ജിയാമോൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരുന്നതുവരെ ചികിത്സാ സഹായകമ്മിറ്റി കുടുംത്തോടൊപ്പം ഉണ്ടാകുമെന്ന് രക്ഷാധികാരി ഫാ. ജോബിൻ പ്ലാച്ചേരിപുറത്ത്, പ്രസിഡന്റ് സിജു ചാമക്കാല, സെക്രട്ടറി ചാണ്ടി കള്ളിക്കാട്ട്, ജോണി പ്ലാച്ചേരിപുറത്ത്, സന്തോഷ് മാത്യു, കുര്യൻ കളപ്പുരക്കൽ എന്നിവർ പറഞ്ഞു.
Tags : Nattuvishesham Local News Help flowed account was deleted