പെര്‍ള: കീം പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ എസ്ടി വിഭാഗത്തില്‍ ഒന്നാംറാങ്ക് നേടി എന്മകജെ ബജകുഡ്ലു സ്വദേശി പി.എം. ഹേമന്ത്റാം.
എന്‍ട്രന്‍സ് കോച്ചിംഗിന് പോകാതെയാണ് തന്റെ ആദ്യശ്രമത്തില്‍ തന്നെ റാങ്ക് നേടിയെന്നത് ഹേമന്തിന്റെ നേട്ടത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നു. 600 ല്‍ 384.1113 ആണ് ഹേമന്തിന്റെ സ്കോര്‍. പൊതുവിഭാഗത്തില്‍ 9138-ാം റാങ്കാണ് നേടിയത്. ബദിയഡുക്ക ഹോളിഫാമിലി ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നിന്നും 98 ശതമാനം മാര്‍ക്കോടെ പത്താംക്ലാസ് പരീക്ഷയും കര്‍ണാടക വിട്ള അളികെ ശ്രീസത്യസായി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും 97 ശതമാനം മാര്‍ക്കോടെ പ്രീയൂണിവേഴ്സിറ്റി കോഴ്സും പാസായി.
തിരുവനന്തപുരം ഗവ. എന്‍ജിനിയറിംഗ് കോളജില്‍ കംപ്യൂട്ടര്‍ സയന്‍സ് പഠിക്കാനാണ് ആഗ്രഹമെന്ന് ഹേമന്ത് റാം പറഞ്ഞു. പെരിയ ഗവ. പോളിടെക്നിക്ക് കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം ലക്ചറര്‍ എം. പുരന്ദരയുടെയും ബദിയഡുക്ക നവജീവന സ്കൂള്‍ അധ്യാപിക പൂർണിമയുടെയും മകനാണ്. സഹോദരന് ഗഗന് റാം മദ്രാസ് ഐഐടിയില്‍ എയറോസ്പേസ് എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയാണ്.
ബിഫാമില്‍ കാസർഗോഡ് ആന്മരിയ ഒന്നാമത്
മഞ്ചേശ്വരം: ബിഫാം പരീക്ഷയില്‍ കാസർഗോഡ് ഒന്നാംസ്ഥാനം മഞ്ചേശ്വരം അംഗഡിപദവ് സ്വദേശി ആന്മരിയ ജോയിക്ക്. 300ല്‍ 256.6681 സ്കോര്‍ ചെയ്ത ആന്‍മരിയക്ക് സംസ്ഥാനതലത്തില്‍ 214-ാം റാങ്കാണുള്ളത്. നീറ്റ് പരീക്ഷയെഴുതി എംബിബിഎസ് അഡ്മിഷനുവേണ്ടി കാത്തിരിക്കുന്ന ആന്‍മരിയക്ക് ലഭിച്ച ബോണസ് സന്തോഷമായി ഈ വിജയം.
മഞ്ചേശ്വരം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നിന്നും ഫുള്‍ എപ്ലസോടെ എസ്എസ്എല്‍സിയും മംഗളൂരു സെന്റ് അലോഷ്യസ് കോളജില്‍ നിന്നും 97 ശതമാനം മാര്‍ക്കോടെ പ്രീയൂണിവേഴ്സിറ്റി കോഴ്സും പാസായി. കോഴിക്കോട് ബ്രില്യന്റ് സ്റ്റഡി സെന്ററില്‍ നിന്നു ഒരു വര്‍ഷത്തെ കോച്ചിംഗിനുശേഷമാണ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയാറെടുത്തത്. മഞ്ചേശ്വരത്തും കാസര്‍ഗോട്ടും ഹൈടെക് എന്ന പേരില്‍ സിവില്‍ എന്‍ജിനിയറിംഗ് സ്ഥാപനം നടത്തുന്ന വി.കെ. ജോയിയുടെയും ബിജിയുടെയും മകളാണ്. എറണാകുളം കാലടി സ്വദേശിയായ ജോയി വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ജോലി ആവശ്യാര്‍ഥം മഞ്ചേശ്വരത്ത് സ്ഥിരതാമസമാക്കിയതാണ്. ആര്‍ക്കിടെക്ചറില്‍ യുകെയില്‍ നിന്നും ബിരുദാനന്തരബിരുദം നേടിയ മൂത്തമകന് ഫ്രാങ്ക്ളിന് പിതാവിനൊപ്പം ബിസിനസില്‍ സജീവമാണ്.
Tags :