ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്സ് (ഐഐഎ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ കളരി 3.0 നേതൃത്വ ക്യാന്പ് ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: ആഗോള കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികൾ കണക്കിലെടുത്ത് കൊച്ചിയുടെ വികസന പദ്ധതികൾ തയാറാക്കേണ്ടതുണ്ടെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്സ് (ഐഐഎ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ കളരി 3.0 നേതൃത്വ ക്യാന്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2050ൽ കൊച്ചി നേരിടേണ്ടിവരുന്ന സാഹചര്യങ്ങൾ ഇപ്പോൾ തന്നെ പരിഗണിക്കണമെന്നും തീരപ്രദേശങ്ങളിലെ കടൽക്ഷോഭവും വെള്ളപ്പൊക്കവും കണക്കിലെടുത്തുള്ള ആസൂത്രണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ തദ്ദേശ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചുള്ള സമഗ്ര പദ്ധതിയാണ് ആവശ്യം. ഡ്രെയിനേജ് സംവിധാനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിലും ഏകോപനം വേണം. കേന്ദ്ര- സംസ്ഥാന- തദ്ദേശ നിയമങ്ങൾ തമ്മിൽ ഏകോപിപ്പിച്ചുള്ള പൊതുനയം രൂപീകരിക്കേണ്ടതുണ്ട്. നിർമാണ പ്രവർത്തനങ്ങളിൽ നഗരത്തിന്റെ പൈതൃക സ്വഭാവം നിലനിർത്തുന്നതിനൊപ്പം ഹരിത മാനദണ്ഡങ്ങളും സുസ്ഥിരതയും പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ട്രെയിന്‍ ടുഗെതര്‍, പ്ലാന്‍ ടുഗതര്‍, ലീഡ് ടുഗതര്‍ എന്ന പ്രമേയത്തില്‍ നടന്ന ക്യാന്പില്‍ കേരളത്തിലെ 10 ഐഐഎ സെന്ററുകളിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമാണ് പങ്കെടുത്തത്. ക്യാന്പിന്റെ ഭാഗമായി ഐഐഎ സെന്ററുകള്‍ തമ്മിലുള്ള ഏകോപനത്തിനായി ലീഡര്‍ഷിപ്പ് നെറ്റ്വര്‍ക്ക് രൂപീകരിച്ചു. ഇന്ന് വൈകിട്ട് നാലിന് പാലാരിവട്ടത്തെ ഹോട്ടല്‍ മണ്‍സൂണ്‍ എംപ്രസില്‍ ഐഐഎ കേരള ചാപ്റ്ററിന്റെ ജനറല്‍ ബോഡി യോഗവും സ്ഥാനാരോഹണച്ചടങ്ങും നടക്കും. ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ് മുഖ്യാതിഥിയാകും. ഐഐഎ നാഷനല്‍ കൗണ്‍സില്‍ പ്രസിഡന്റ് ആര്‍ക്കിടെക്ട് ജിതേന്ദ്ര മേത്ത, ഓണററി ട്രഷറര്‍ ആര്‍ക്കിടെക്ട് ബി. സുധീര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. സ്ഥാനമൊഴിയുന്ന ചെയര്‍പേഴ്സണ്‍ വിനോദ് സിറിയക് അധ്യക്ഷത വഹിക്കും.
Tags : NattuVishesham DistrictNews