പ്രതീകാത്മക ചിത്രം
കോട്ടയം: രാസവളങ്ങളുടെ വില ഉയര്‍ന്നതു സാധാരണക്കാരായ കര്‍ഷകര്‍ക്കു തിരിച്ചടിയായി. കൃഷിക്ക് ഏറ്റവും കൂടുതല്‍ ആവശ്യമായ ഫാക്ടംഫോസ്, പൊട്ടാഷ്, തുരിശ് എന്നിവയ്ക്കാണ് വില ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം പൊട്ടാഷ് 50 കിലോഗ്രാം ചാക്കിന് 1850 രൂപയായിരുന്നത് ഇപ്പോള്‍ 2200 രൂപയായി. ഫാക്ടംഫോസ് കഴിഞ്ഞവര്‍ഷം 1450 രൂപയായിരുന്നതു ഇപ്പോള്‍ 2200 രൂപയായി ഉയര്‍ന്നു.
വിള സംരക്ഷണത്തിന് അത്യാവശ്യമായ തുരിശിന്റെ വിലയുയര്‍ന്നതാണ് കര്‍ഷകര്‍ക്കു വലിയ തിരിച്ചടിയായത്. മുമ്പ് കിലോഗ്രാമിനു 210 രൂപയായിരുന്നത് ഇരട്ടിയിലധികം വര്‍ധിച്ച് 540 രൂപയിലെത്തി.
യൂറിയ, ഡിഎപി എന്നിവയൊഴികെ കര്‍ഷകര്‍ പ്രധാനമായും ഉപയോഗിക്കുന്ന ഒട്ടുമിക്ക രാസവളങ്ങള്‍ക്കും 40 ശതമാനത്തോളം വില വര്‍ധിച്ചിട്ടുണ്ട്. യൂറിയ, ഡിഎപി അടക്കമുള്ള പ്രധാന വളങ്ങള്‍ക്ക് മുമ്പ് കമ്പനികളില്‍നിന്ന് കടത്തുകൂലി ലഭിച്ചിരുന്നു. ഇപ്പോള്‍ അതും നിര്‍ത്തലാക്കി. കേന്ദ്ര സബ്സിഡിയുള്ളതിനാലാണ് യൂറിയ വില അധികം വര്‍ധിപ്പിക്കാത്തത്.
അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും കേന്ദ്രസര്‍ക്കാര്‍ സബ്സിഡി നിരക്കുകളില്‍ വരുത്തിയ വ്യത്യാസങ്ങളുമാണ് വിലക്കയറ്റത്തിന് കാരണമായി പറയപ്പെടുന്നത്. വിലവര്‍ധനയ്ക്ക് ആനുപാതികമായി സര്‍ക്കാര്‍ വളങ്ങളുടെ സബ്സിഡി ഉയര്‍ത്താത്തതും വിലക്കയറ്റത്തിനു കാരണമാണ്.
വളം വിപണിയിലെ അമിത വിലക്കയറ്റം നിയന്ത്രിക്കാനും കമ്പനികളുടെ കടത്തുകൂലിയിലെ പ്രശ്നങ്ങളില്‍ അടക്കം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ കൃഷി പൂര്‍ണമായും ഉപേക്ഷിക്കേണ്ട അവസ്ഥയാകുമെന്ന് കര്‍ഷകര്‍ പറയുന്നു.
കഴിഞ്ഞ ഏതാനും നാളുകളായി ആണ്ടുവിളകളുടെ കാര്യത്തില്‍ ചെറുകിട കര്‍ഷകര്‍ക്കു നഷ്ടം മാത്രമാണ്. വലിയ ചെലവില്‍ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്ന വിളകള്‍ വില്പന നടത്തുമ്പോള്‍ കര്‍ഷകര്‍ക്കു കൂലിച്ചെലവ് പോലും ലഭിക്കാത്ത സ്ഥിതിയാണ്. ഇതിനൊപ്പമാണ് രാസവളം വിലകൂടി ഉയര്‍ന്നു നില്‍ക്കുന്നത്. കൃഷികള്‍ക്കു സര്‍ക്കാര്‍ സബ്സിഡി നൽകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
കര്‍ഷക കോണ്‍ഗ്രസ് ധര്‍ണ ഇന്ന്
കോട്ടയം: രാസവളങ്ങളുടെ വിലവര്‍ധനയ്ക്കെതിരേ കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്നു രാവിലെ 10.30നു കോട്ടയം ഹെഡ്പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തും. മുന്‍മന്ത്രി കെ.സി. ജോസഫ് ധര്‍ണ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേല്‍ അധ്യക്ഷത വഹിക്കും. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ. ബിനിമോന് എംഎല്‍എ, അനില്‍ മലരിക്കല്‍, ജോര്‍ജ് ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിക്കും.
വിലവർധന നിയന്ത്രിക്കണമെന്ന്
നാളുകളായി വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ചെറുകിട കർഷകര്‍ക്കു രാസവളത്തിന്റെ വിലവർധന കനത്ത തിരിച്ചടിയാണ്. പലപ്പോഴും കര്‍ഷകന്റെ ഉത്പന്നങ്ങള്‍ക്കു മതിയായ വിലയും ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ അടിക്കടി ഉയരുന്ന വില നിയന്ത്രിക്കാന്‍ അധികൃതര്‍ തയാറാകണം. ഇതിനു പുറമെ 2021 മുതല്‍ കൃഷിനാശം സംഭവിച്ചിരിക്കുന്ന കര്‍ഷകര്‍ക്കു അടിയന്തരമായി നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടിയുമുണ്ടാകണം.
തോമസുകുട്ടി മണക്കുന്നേല്‍
കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്
പുതിയ വളം ഫാക്ടറികൾ ഉണ്ടാകണം
സർക്കാർ നിയന്ത്രണത്തിൽ പൊതുമേഖലയിൽ രാസവളം ഫാക്ടറികൾ പുതിയത് ഉണ്ടാകുകയും നിലവിലുള്ളവയുടെ ഉത്പാദനശേഷി വർധിപ്പിക്കുകയും ചെയ്യണം. രാസവളങ്ങളിൽ യൂറിയ മാത്രമാണ് സബ്സിഡിയോടുകൂടി വിതരണം ചെയ്യുന്നത്. ഇറക്കുമതി ചെയ്യുന്ന എല്ലാ രാസവളങ്ങൾക്കും സബ്സിഡി അനുവദിക്കണം. അമിത വിലവർധന റബർ, നെല്ല്, തെങ്ങ്, ഏലം കർഷകർക്കു വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്.
ടോമിച്ചൻ സ്കറിയ ഐക്കര
കർഷകവേദി, തിടനാട്
Tags : Local News Nattuvishesham chemical fertilizer farmers