ചെങ്ങന്നൂർ: ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു. മുളംതുരുത്തി തോപ്പുംപടി സെന്റ് ഓർത്തഡോക്സ് ചർച്ച് അരികുപുറം റോഡിൽ ജന്നത്തിൽ കെ. ആർ. രത്നമ്മ(61)യാണ് മരിച്ചത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു അപകടം. ബഹ്റിനിലുള്ള മൂത്ത മകന്റെ അടുക്കൽനിന്നു കഴിഞ്ഞ ബുധനാഴ്ചയാണ് ഇവർ നാട്ടിലെത്തിയത്.
ചെങ്ങന്നൂരിലെ സഹോദരന്റെവീട്ടിൽ എത്തിയ ശേഷം ചെട്ടിക്കുളങ്ങരയിലുള്ള ബന്ധുവിനെ കാണാൻ മാവേലിക്കരയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. എന്നാൽ സ്റ്റേഷൻ മാറി ഇവർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. തുടർന്ന് അടുത്ത ട്രെയിൻ പിടിക്കുന്നതിനായി എതിർ പ്ലാറ്റ്ഫോമിലേക്ക് ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഇതേ ട്രാക്കിലൂടെ വന്ന ജനശതാബ്ദി എക്സ്പ്രസ് ട്രെയിൻ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
മക്കൾ: യദു കൃഷ്ണൻ, അനന്തു കൃഷ്ണൻ, ആർച്ച ഉണ്ണി. മരുമക്കൾ: സ്നേഹ, അനഘ.
Tags : Nattuvishesham District news